ഇസ്ലാമാബാദ്: പാക്കിസ്ഥാൻ വീണ്ടും പട്ടാളഭരണത്തിലേക്ക് നീങ്ങുമെന്ന സൂചനകൾ പുറത്തുവരുന്നു. പാനാമ രേഖകളിൽ പ്രധാനമന്ത്രിക്കെതിരെ റിപ്പോർട്ട് വന്നതിന്റെ അടിസ്ഥാനത്തിൽ ഷെരീഫിനെ ഭരണത്തിൽ നിന്ന് താഴെയിറക്കാൻ കരുനീക്കങ്ങൾ സജീവമായി. അഴിമതി ആരോപണങ്ങൾ ഉയർന്നതിന്റെ നിജസ്ഥിതി പരിശോധിച്ച് സംയുക്ത അന്വേഷണ സംഘം (ജെഐടി) അന്തിമ റിപ്പോർട്ട് സുപ്രീം കോടതിക്കു കഴിഞ്ഞദിവസം നൽകിയിരുന്നു.

പാനമ രേഖകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ രാജിക്കായുള്ള കുറച്ചായി സമർദ്ദം ഏറുകയാണ് രാജ്യത്ത്. ഇതിനിടെ പാക്ക് മന്ത്രിസഭയുടെ അടിയന്തരയോഗം ചേരുന്നു. പാനമ രേഖകളുടെ അടിസ്ഥാനത്തിൽ ഷരീഫിനും കുടുംബാംഗങ്ങൾക്കുമെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ യോഗത്തിൽ ചർച്ചയായത്. ഇതേത്തുടർന്ന് കേസിനെ പ്രതിരോധിക്കാൻ അടിയന്തരമായി എന്തുനിലപാടു സ്വീകരിക്കാനാകുമെന്നായിരുന്നു ചർച്ചയെന്നാണു വിവരം. പ്രധാനമന്ത്രിയുടെ വസതിയിൽ അനൗദ്യോഗികമായാണു ചർച്ച. മന്ത്രിമാരും ഷരീഫിന്റെ അഭിഭാഷകരും അറ്റോർണി ജനറൽ അഷ്തർ ഔസഫ് അലിയും യോഗത്തിനെത്തി. നാളെ പ്രത്യേക യോഗം വിളിച്ചിരിക്കുന്ന ഷെരീഫ് കൂടെ എംപിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്.

അഴിമതിപ്പണം കൊണ്ടു നവാസ് ഷരീഫിന്റെ മക്കൾ ലണ്ടനിൽ നാല് പാർപ്പിട സമുച്ചയങ്ങൾ വാങ്ങിയെന്ന പാനമ രേഖകളിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കാനാണ് ഏപ്രിൽ 20നു സുപ്രീം കോടതി ആറംഗ സംയുക്ത അന്വേഷണസംഘത്തെ നിയോഗിച്ചത്. പാക്ക് സൈന്യത്തിലെയും രഹസ്യാന്വേഷണ സംഘടനയിലെയും ഉന്നതർ അടങ്ങുന്നതാണു ജെഐടി. ഇതിലെ ഉന്നതരെല്ലാം ഒരേപോലെ ഷെരീഫിനെതിരെ നിലപാടെടുത്തുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

പാനമ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിയണമെന്നു ഷരീഫിനോട് എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാനമൊഴിയാൻ തയാറല്ലെന്നായിരുന്നു ഷരീഫിന്റെ നിലപാട്. ഇക്കാര്യം വ്യക്തമാക്കി മകൾ മറിയം ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഷെരീഫിന് മേൽ സൈനിക മേധാവികളുടെ സമ്മർദ്ദവും ഏറുന്നത്. ഇതോടെ ഒരു പട്ടാള അട്ടിമറി വീണ്ടും ഉണ്ടാവുമെന്ന ആശങ്കയും ശക്തമാക്കിയിരിക്കുകയാണ്.

നവാസ് ഷരീഫ് ഭരണത്തിൽ നിന്ന് ഇറങ്ങിയാൽ അതോടെ പാക്ക് സൈന്യം കൂടുതൽ ശക്തിപ്പെടുമെന്നതും പട്ടാളഭരണം വരുന്നതുമെല്ലാം ഇന്ത്യക്ക് കൂടുതൽ ഭീഷണിയാണ്. ഇന്ത്യ പാക്ക് ബന്ധത്തിൽ കാര്യമായ പുരോഗതിയില്ലെങ്കിലും പാക്കിസ്ഥാന്റെ വിദേശകാര്യ നയങ്ങളുടെ ചരട് ഇപ്പോഴും ഇസ്ലാമാബാദിലെ രാഷ്ട്രീയ നയതന്ത്രജ്ഞരുടെ കൈവശമാണ്. ഈ സ്ഥിതി മാറിയാൽ അതിർത്തിയിലെ നില കൂടുതൽ വഷളാകുമെന്ന് ഇന്ത്യയും ഭയക്കുന്നു. ഷരീഫ് മാറിയാൽ ഈ ചരട് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനത്തിരുന്നായിരിക്കും വലിക്കുക. മാത്രമല്ല, ഷരീഫ് സ്ഥാനമൊഴിയാൻ തയാറല്ലെങ്കിൽ അത് പട്ടാള അട്ടിമറിയിലേക്ക് നീങ്ങുമെന്നാണ് സൂചനകൾ.

പാനമ രേഖകളിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നവാസ് ഷരീഫിനെ സ്ഥാനഭ്രഷ്ടനാക്കണമെന്നാവശ്യപ്പെട്ടു തെഹ്രീകെ ഇൻസാഫ് അധ്യക്ഷനും മുൻ പാക്ക് ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ നവംബർ മൂന്നിനാണു സുപ്രീം കോടതിയെ സമീപിച്ചത്. സ്ഥാനഭ്രഷ്ടനാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

റിപ്പോർട്ടിലെ രഹസ്യസ്വഭാവമുള്ള പത്താം വാല്യം ഒഴികെ, ബാക്കി ഒൻപതു വാല്യങ്ങളും പരസ്യമാക്കാൻ ഇമ്രാൻ ഖാന്റെ അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. ഒരു വിദേശസർക്കാരുമായുള്ള ആശയവിനിമയ വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാൽ റിപ്പോർട്ടിന്റെ പത്താം വാല്യം പരസ്യപ്പെടുത്തരുതെന്ന് ജെഐടി കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുതിയൊരു രാഷ്ട്രീയ നേതൃത്വം ഷെരീഫിന് ബദലായി ഉണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നതും ചർച്ചയാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പട്ടാള അട്ടിമറിയുണ്ടാവുമെന്ന ആശങ്കയാണ് ഏറുന്നത്.