ന്യൂഡൽഹി: ബീഹാറിൽ നിതീഷ്‌കുമാറിന്റെ ജെഡിയുവും ലാലുപ്രസാദ് യാദവിന്റെ ആർജെഡിയും കോൺഗ്രസും ചേർന്ന മഹാസഖ്യം വൻവിജയം നേടിയപ്പോൾ അത് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടത് പാക്കിസ്ഥാനിലെ സോഷ്യൽ മീഡിയയിൽ. ബീഹാറിൽ ബിജെപിക്ക് ഏറ്റ തിരിച്ചടി ഏറ്റവും കൂടുതൽ ചർച്ചയായതും പാക്കിസ്ഥാനിലാണ്.

റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പാക്കിസ്ഥാനിൽ ട്വിറ്റർ ട്രെൻഡിങ്ങിൽ രണ്ടാം സ്ഥാനത്താണ് ബിഹാർ. ഇന്ത്യയിൽ ബിജെപി അധികാരത്തിൽ വന്നത് പിടിക്കാതിരുന്ന പാക്കിസ്ഥാനികൾ ബീഹാറിലേറ്റ പരാജയം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയായിരുന്നു.

ബിഹാറിൽ ബിജെപി തോറ്റാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടുമെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ റക്‌സൗളിൽ ഒരു തിരഞ്ഞെടുപ്പ് റാലിൽ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഈ പരാമർശത്തിന്റെ ചുവടു പിടിച്ചു ബിജെപി തൊറ്റതിനു പിന്നാലെ ട്രോളുകളും സോഷ്യൽ മീഡിയയിൽ സജീവമായി. ജയിക്കുമെന്ന് ഉറച്ചുവിശ്വസിച്ചാരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും തെരെഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ഇരുവരുടെയും വിശ്വാസങ്ങൾ പൊളിച്ചടുക്കിയാണ് മഹാസഖ്യം ബീഹാറിൽ വിജയം നേടിയത്. വിജയം ഉറപ്പിക്കാനായി 30 ലധികം റാലികളിൽ നേരിട്ട് മോദി നേരിച്ച് പങ്കെടുത്തിരുന്നു. നരേന്ദ്ര മോദിക്ക് ഏറ്റ വൻ തിരിച്ചടിയായി ഇത് പാക്കിസ്ഥാനികൾ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുകയായിരുന്നു.

അതേസമയം പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐയുടെ തലവനായ റിസ്വാൻ അക്തർ ബീഹാറിലെ തെരെഞ്ഞെടുപ്പ് വിജയത്തിന് മഹാസഖ്യത്തിന് അഭിനന്ദനം അറിയിച്ചുകൊണ്ട് ട്വീറ്റ് ചെയ്‌തെന്ന വാർത്തയും ഇന്നലെ പ്രചരിച്ചിരുന്നു. എന്നാൽ ആ ട്വിറ്റർ അക്കൗണ്ട് വ്യാജമാണെന്നും ആരോപണം ഉയരുന്നുണ്ട്. ട്വിറ്റർ സന്ദേശത്തിന് പിന്നിൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടിക്കുമെന്ന് പറഞ്ഞ അമിത് ഷായുടെ സംഘമാണെന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്.