ഇസ്ലാമാബാദ്: ഒരു മാറ്റവും വരുത്താതെ 'പത്മാവത്' പ്രദർശിപ്പിക്കാനൊരുങ്ങി പാക്കിസ്ഥാൻ. 'യു' സർട്ടിഫിക്കറ്റോടെയായിരിക്കും ചിത്രം പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കുക. പൊതുജന പ്രദർശനത്തിന് ചേർന്നതെന്നാണ് 'യു' സർട്ടിഫിക്കേഷൻ അർഥമാക്കുന്നത്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ദംഗൽ' സിനിമയിൽ നിന്ന് ഇന്ത്യയുടെ ദേശീയഗാനവും ദേശീയ പതാകയും ഒഴിവാക്കണമെന്ന ആവശ്യം നിർമ്മാതാവും നടനുമായ ആമിർഖാൻ നിഷേധിച്ചതിനെത്തുടർന്ന് പാക്കിസ്ഥാൻ സെൻസർ ബോർഡ് ചിത്രത്തിനു പ്രദർശനാനുമതി നൽകിയിരുന്നില്ല. ഈ സാഹചര്യത്തിൽ ഇന്ത്യയിൽ വിവാദമായ പത്മാവത് എങ്ങനെയാകും സ്വീകരിക്കുകയെന്ന ആശങ്ക സജീവമായിരുന്നു.

പാക്കിസ്ഥാനിലെ സെൻസർ ബോർഡ് ഓഫ് ഫിലിം സെൻസേഴ്‌സ്(സിബിഎഫ്‌സി) ചെയർമാൻ മൊബാഷിർ ഹസൻ ആണ് ഇക്കാര്യം അറിയിച്ചത്. പൊതുപ്രദർശനത്തിന് അനുയോജ്യമല്ലാത്ത യാതൊന്നും സിനിമയിലില്ലെന്നാണ് വിലയിരുത്തൽ. ഡൽഹി ഭരണാധികാരിയായിരുന്ന അലാവുദ്ദീൻ ഖിൽജിയാണു 'പത്മാവതി'ലെ വില്ലൻ വേഷത്തിലെത്തുന്നത്. ഇക്കാരണങ്ങളാൽ തന്നെ മുസ്ലിം ഭൂരിപക്ഷമുള്ള പാക്കിസ്ഥാനിലും ചിത്രം ഒട്ടേറെ സെൻസറിങ്ങിനു വിധേയകമാകുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കരുതിയിരുന്നത്.

കലയുടെയും ആശയാവിഷ്‌കാരത്തിന്റെയും ആരോഗ്യകരമായ വിനോദ ഉപാധികളുടെയും കാര്യത്തിൽ സിബിഎഫ്‌സി പക്ഷപാതം കാണിക്കില്ലെന്നും മൊബാഷിർ ട്വീറ്റു ചെയ്തു. പാക്കിസ്ഥാനിലെ ചരിത്ര വിദഗ്ധനായ പ്രഫ. വഖാർ അലി ഷായെയും ചിത്രത്തിന്റെ ചരിത്രപരമായ കാര്യങ്ങൾ വിലയിരുത്താനായി സെൻസർ ബോർഡ് ക്ഷണിച്ചിരുന്നു. നേരത്തെ നാം ഷബാന, ജോളി എൽഎഎൽബി, റായീസ്, ഡിഷൂം, ഉഡ്താ പഞ്ചാബ്, ശിവായ്, യേ ദിൽ ഹേ മുശ്കിൽ, നീർജ തുടങ്ങിയ ഇന്ത്യൻ ചിത്രങ്ങൾക്ക് പാക്കിസ്ഥാനിൽ പ്രദർശനാനുമതി നിഷേധിച്ചിരുന്നു.