കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പാക്കിസ്ഥാന്റെ പുത്തൻ ചെലവു ചുരുക്കൽ നയവുമായി മുന്നോട്ട് പോകുകയാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക്കിസ്ഥാനിൽ അധിക ചെലവുകളെല്ലാം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ് ഇതിന്റെ ഭാഗമായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പാചകാവശ്യത്തിനായി ഔദ്യോഗിക വസതിയിൽ വളർത്തിയിരുന്ന എട്ട് എരുമകളെയാണ് ഇമ്രാൻ ഖാൻ ഏറ്റവും ഒടുവിലായി വിറ്റ് കാശാക്കിയത്.എരുമകളെ ലേലത്തിലൂടെ വിറ്റതിലൂടെ 23,02,000 രൂപയാണ് ഖജനാവിലേക്ക് എത്തിച്ചത്. രണ്ട് മണിക്കൂറിനുള്ളിൽ ലേലം പൂർത്തിയായി. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വെച്ചിരുന്നു.

നവാസ് ഷെരീഫുമായി വൈകാരിക ബന്ധമുള്ളവർ കൂടുതൽ വില കൊടുത്ത് തങ്ങളുടെ നേതാവിന്റെ എരുമകളെ വാങ്ങുകയായിരുന്നു. ഖൽബ് അലി എന്ന ഷരീഫ് അനുയായി 3.85 ലക്ഷം രൂപയാണ് ഒരു എരുമയ്ക്കായി ചെലവഴിച്ചത്. 1.2 ലക്ഷമായിരുന്നു ഈ എരുമയുടെ വില.
''നവാസ് ഷെരീഫിനോടുള്ള എന്റെ സ്‌നേഹം കൊണ്ടാണ് ഞാൻ ഈ എരുമയെ വാങ്ങിയത്. നവാസ് ഷെരീഫിന്റെയും മറിയം ഷെരീഫിന്റെയും അടയാളമായി ഞാനീ എരുമയെ സംരക്ഷിക്കും,'' അലി മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു പ്രവർത്തകൻ രണ്ട് എരുമക്കുട്ടികളെ വാങ്ങിയത് യഥാക്രമം 2.15 ലക്ഷം, 2.7 ലക്ഷം മുടക്കിയായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫിന് 10 വർഷത്തേക്കാണ് ജയിൽ ശിക്ഷ വിധിച്ചത്. എന്നാൽ മേൽക്കോടതിയിൽ അപ്പീൽ സമർപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെയും മകളെയും മരുമകനെയും ഉയർന്ന കോടതി ജാമ്യത്തിൽ വിട്ടിരുന്നു.

ഷെരിഫ് മന്ത്രിസഭയുടെ ആവശ്യത്തിനായി അധികമുണ്ടായിരുന്ന കാറുകൾ വിറ്റഴിച്ച ശേഷം, ഉപയോഗിക്കാതെ വച്ചിരുന്ന നാല് ഹെലികോപ്റ്ററുകളും വിറ്റഴിക്കാൻ പുതിയ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 61 ആഡംബര കാറുകൾ ലേലത്തിൽ വിറ്റിരുന്നു.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് പാക്കിസ്ഥാൻ രൂപ കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 ശതമാനം ഇടിഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിച്ചത് കറണ്ട് അക്കൗണ്ടിൽ 18 ബില്യൺ ഡോളറിന്റെ കുറവോടെയാണ്. മൊത്തം ബജറ്റിൽ 2 ട്രില്യൺ രൂപയുടെ കുറവാണ് ഉള്ളത്. ഈ സാമ്പത്തിക ബാധ്യത മറികടക്കാൻ വീണ്ടും ഐ.എം.എഫിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. 1980 ന് ശേഷം ഇത് 13ാം തവണയാണ് പാക്കിസ്ഥാൻ ഐ.എം.എഫിനെ സാമ്പത്തിക സഹായത്തിനായി സമീപിക്കുന്നത്.