ലണ്ടൻ: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭാര്യ ബീഗം കുൽസും നവാസ് (68) അന്തരിച്ചു. അർബുദബാധയെ തുടർന്ന് ലണ്ടനിലായിരുന്നു അന്ത്യം. 2017 ജൂൺ മുതൽ ലണ്ടനിലെ ഹാർലി സ്ട്രീറ്റ് ക്ലിനിക്കിൽ കുൽസും ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

2017 ഓഗസ്റ്റിലാണ് കുൽസുമിന് അർബുദം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജൂൺ 14 ന് ഹൃദയാഘാതവും സംഭവിച്ചിരുന്നു.

അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ഭർത്താവ് നവാസ് ഷെരീഫും മകൾ മറിയവും റാവൽപിണ്ടിയിലെ അദിയാല ജയിലിലാണ്. പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസിലാണ് ഇരുവരും ശിക്ഷിക്കപ്പെട്ടത്. കുൽസും നവാസിനൊപ്പം ലണ്ടനിലായിരുന്നു നവാസ് ഷരീഫും മക്കളും താമസിച്ചിരുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ തിരിച്ചെത്തിയതോടെയാണ് അറസ്റ്റിലായത്.

2017 ൽ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പാർലമെന്റ് അംഗമായിരുന്നു. എന്നാൽ സ്ഥാനം ഏറ്റെടുക്കാൻ അവർക്കായിരുന്നില്ല. അർബുദ ചികിത്സയ്ക്കായി ഈ സമയം ലണ്ടനിലായിരുന്നു. 1971 ൽ ആണ് നവാസ് ഷെരീഫും കുൽസും തമ്മിൽ വിവാഹിതരായത്. മൂന്നു തവണ അവർ രാജ്യത്തിന്റെ പ്രഥമ വനിതയായി.