ഇസ്ലാമാബാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 16ൽനിന്ന് 18 ആയി ഉയർത്തണമെന്ന ബിൽ പാക് പാർലമെന്റ് തള്ളി. പാർലമെന്റിലെ അധോസഭയായ ദേശീയ അസംബ്ലിയിൽ ഐക്യകണ്‌ഠ്യേനയാണ് ഭേദഗതി തള്ളപ്പെട്ടത്. പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത് ഇസ്ലാമിന് വിരുദ്ധമാണെന്ന് വാദിച്ചാണ് പാർലമെന്റ് അംഗങ്ങൾ ഒന്നിച്ച് ബില്ലിനെ എതിർത്തത്.

ബാലവിവാഹം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേദഗതി കിഷ്വേർ സെഹ്റ എന്ന അംഗമാണ് അവതരിപ്പിച്ചത്. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയാണ് ഇന്നലെ ബില്ല് ചർച്ചയ്ക്കെടുത്തത്. സമിതിയിലെ ക്രിസ്ത്യൻ, ഹിന്ദു പ്രതിനിധികൾ ഉൾപ്പടെ എല്ലാ അംഗങ്ങളും വിവാഹ പ്രായം ഉയർത്താനുള്ള നിർദ്ദേശത്തെ എതിർത്തു. മതപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിൽ ന്യൂനപക്ഷ പ്രതിനിധികളുടെ എണ്ണം കൂട്ടുന്നതിന് മാത്രമാണ് അംഗീകാരം ലഭിച്ചത്.

പാക്കിസ്ഥാനിലെ ഹിന്ദു മതവിശ്വാസികളുടെ വിവാഹം നിയമം പുതുക്കുന്ന ഹിന്ദു വിവാഹ നിയമം ഫെബ്രുവരിയിൽ പാക്കിസ്ഥാൻ സെനറ്റ് പാസാക്കിയിരുന്നു. സിന്ദ് ഒഴിച്ചുള്ള പ്രദേശങ്ങളിലെ ന്യൂനപക്ഷ സമൂദായംഗങ്ങൾക്കായുള്ള ആദ്യത്തെ വ്യക്തി നിയമമാണിത്. സിന്ദ് മേഖയിൽ ഇതിനോടകം തന്നെ വ്യക്തി നിയമം നിലവിലുണ്ട്.