- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി ഇന്ന് മുംബൈയിൽ; ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിക്കും;സംസ്‌കാരം വൈകുന്നേരം 6.30ന്; സ്വരമാധുര്യത്തിന്റെ രാജ്ഞി, കാലങ്ങളോളം ആ ശബ്ദം ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് പാക്കിസ്ഥാന്റെ അനുസ്മരണം

ന്യൂഡൽഹി: സംഗീത ഇതിഹാസം ലത മങ്കേഷ്‌കറിന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം 6.30ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കും. അദ്ദേഹം വൈകുന്നേരത്തോടെ മുംബൈയിലെത്തും. ഇന്ന് രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം.
മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ നിന്നും മൃതദേഹം ദക്ഷിണ മുംബൈയിലെ പെദ്ദാർ റോഡിലുള്ള വസതിയിലെത്തിക്കും. അവിടുത്തെ പൊതു ദർശനത്തിന് ശേഷം ശിവാജി പാർക്കിൽ എത്തിക്കും. ശിവാജി പാർക്കിലെ പൊതുദർശനത്തിൽ പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. ലത മങ്കേഷ്‌കറുടെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
പ്രിയഗായികയോടുള്ള ആദര സൂചകമായി രാജ്യം രണ്ട് ദിവസത്തെ ദുഃഖാചരണം നടത്തും. രണ്ട് ദിവസത്തേയ്ക്ക് ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികൾ ഉണ്ടാകില്ല.
ഇന്ത്യയുടെ ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പാക്കിസ്ഥാനും. ലത മങ്കേഷ്‌കറുടെ ശബ്ദത്തിന്റെ മാന്ത്രികത എന്നും നിലനിൽക്കുമെന്ന് പാക്കിസ്ഥാൻ വിവര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി കുറിച്ചു. ഇമ്രാൻ ഖാൻ സർക്കാരിലെ മന്ത്രിസഭാംഗമാണ് ചൗധരി.
ഫവാദ് ചൗധരിയുടെ വാക്കുകൾ ഇങ്ങനെ 'ലതാ മങ്കേഷ്‌കറിന്റെ വിയോഗം സംഗീതലോകത്തിലെ ഒരുയുഗത്തിന് അന്ത്യം കുറിക്കുന്നു. പതിറ്റാണ്ടുകളോളം സംഗീത ലോകത്തെ ലതാമങ്കേഷ്‌കർ ഭരിച്ചു. ലതമങ്കേഷ്‌കറുടെ സ്വരത്തിന്റെ മാന്ത്രികത ലോകത്ത് എന്നും നിലനിൽക്കും. ഉറുദു സംസാരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നിടത്തെല്ലാം ലതാ മങ്കേഷ്‌കറിനോട് വിടപറയുന്നവരുടെ തിരക്കാണ്' ചൗധരി ട്വിറ്ററിൽ കുറിച്ചു. ഉറുദുവിലായിരുന്നു ചൗധരിയുടെ ട്വീറ്റ്.
പാക്കിസ്ഥാനിലെ സർക്കാർ ടെലിവിഷൻ ചാലനിലും ലത മങ്കേഷ്‌കറിന്റെ ഗാനങ്ങൾ സംപ്രേഷണം ചെയ്തു. ലത മങ്കേഷ്‌കറുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക രംഗത്തെ നിരവധി പേരാണ് എത്തിയത്. അതിർത്തി കടന്നും ലത മങ്കേഷ്‌കറിന് അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേരെത്തി.ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കൊറോണ ബാധിച്ചതിനെ തുടർന്ന് ജനുവരി എട്ടിനാണ് ലതമങ്കേഷ്‌കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലത മങ്കേഷ്‌കറിന്റെ അന്ത്യം.


