- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റൺമലയ്ക്ക് മുന്നിൽ വീറോടെ പൊരുതി നമീബിയ; ഡേവിഡ് വീസും ക്രെയ്ഗ് വില്യംസും തിളങ്ങിയിട്ടും 45 റൺസിന്റെ തോൽവി; തുടർച്ചയായ നാലാം ജയത്തോടെ പാക്കിസ്ഥാൻ സെമിയിൽ; മുഹമ്മദ് റിസ്വാൻ കളിയിലെ താരം

അബുദാബി: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ നമീബിയയെ 45 റൺസിന് കീഴടക്കിയ പാക്കിസ്ഥാൻ തുടർച്ചയായ നാലാം ജയത്തോടെ സെമിയിൽ. ഗ്രൂപ്പ് ഒന്നിൽ നിന്നും ഇംഗ്ലണ്ടും തോൽവി അറിയാതെ നേരത്തെ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.
റൺമല കണ്ട് പതറാതെ വീറോടെ പൊരുതിയാണ് നമീബിയ പരാജയം ഏറ്റുവാങ്ങിയത്. 45 റൺസിനാണ് പാക്കിസ്ഥാൻ നമീബിയയുടെ പോരാട്ടവീര്യത്തെ മറികടന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുത്തു. നമീബിയയുടെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസിൽ അവസാനിച്ചു.
31 പന്തിൽ നിന്ന് 2 സിക്സും 3 ഫോറുമടക്കം 43 റൺസോടെ പുറത്താകാതെ നിന്ന ഡേവിഡ് വീസാണ് നമീബിയയുടെ ടോപ് സ്‌കോറർ. 37 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 40 റൺസെടുത്ത ക്രെയ്ഗ് വില്യംസും ടീമിനായി തിളങ്ങി. 29 റൺസെടുത്ത ഓപ്പണർ സ്റ്റീഫൻ ബാർഡും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൈക്കൽ വാൻ ലിംഗെൻ (4), ക്യാപ്റ്റൻ ജെറാർഡ് എറാമസ് (15), ജെ.ജെ സ്മിത്ത് എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. പാക്കിസ്ഥാനായി ഹസൻ അലി, ഇമാദ് വസീം, ഹാരിസ് റൗഫ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നേടിയ പാക് ക്യാപ്റ്റൻ ബാബർ അസം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാക്കിസ്ഥാൻ 189 റൺസെടുത്തു. സെഞ്ചുറി കൂട്ടുകെട്ട് തീർത്ത മുഹമ്മദ് റിസ്വാൻ - ബാബർ അസം ഓപ്പണിങ് സഖ്യം തന്നെയാണ് ഇത്തവണയും പാക് ഇന്നിങ്‌സിന്റെ നട്ടെല്ല്. 113 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്.
ആദ്യ 10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 59 റൺസെന്ന നിലയിലായിരുന്ന പാക്കിസ്ഥാൻ, അവസാന 10 ഓവറിൽ 130 റൺസ് അടിച്ചുകൂട്ടിയാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. അവസാന ഓവറിൽ അടിച്ചുകൂട്ടിയ 24 റൺസ് സഹിതം 50 പന്തിൽ എട്ടു ഫോറുകളുടെയും നാലു സിക്‌സിന്റെയും അകമ്പടിയോടെ 79 റൺസുമായി പുറത്താകാതെ നിന്ന ഓപ്പണർ മുഹമ്മദ് റിസ്വാനാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ ബാബർ അസം 49 പന്തിൽ ഏഴു ഫോറുകൾ സഹിതം 70 റൺസെടുത്തു. ഈ ലോകകപ്പിൽ നാല് മത്സരങ്ങളിൽനിന്ന് അസമിന്റെ മൂന്നാം അർധസെഞ്ചുറിയാണിത്.
ഓപ്പണിങ് പങ്കാളി മുഹമ്മദ് റിസ്വാനൊപ്പം ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും അസമിന് കഴിഞ്ഞു. വെറും 86 പന്തിൽനിന്ന് റിസ്വാൻ ബാബർ അസം സഖ്യം സ്‌കോർ ബോർഡിലെത്തിച്ചത് 113 റൺസാണ്. വൺഡൗണായി എത്തിയ ഫഖർ സമാൻ അഞ്ച് പന്തിൽ അഞ്ച് റൺസുമായി നിരാശപ്പെടുത്തിയെങ്കിലും 16 പന്തിൽ അഞ്ചു ഫോറുകളോടെ 32 റൺസുമായി പുറത്താകാതെ നിന്ന മുഹമ്മദ് ഹഫീസ് പാക്കിസ്ഥാന് മികച്ച സ്‌കോർ ഉറപ്പാക്കി. പിരിയാത്ത മൂന്നാം വിക്കറ്റിൽ റിസ്വാൻ ഹഫീസ് സഖ്യം 26 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തു.
നമീബിയയ്ക്കു ലഭിച്ച രണ്ടു വിക്കറ്റുകൾ ഡേവിഡ് വീസ്, യാൻ ഫ്രൈലിങ്ക് എന്നിവർ പങ്കിട്ടു. നാല് ഓവറിൽ 31 റൺസ് വഴങ്ങിയാണ് ഫ്രൈലിങ്ക് ഒരു വിക്കറ്റ് വീഴ്‌ത്തിയത്. ഡേവിഡ് വീസ് നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്‌ത്തി.


