ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് ഇന്ത്യയിൽ കുടുങ്ങിയ 190 പാക്കിസ്ഥാൻ പൗരന്മാർ നാട്ടിലേക്ക് മടങ്ങി. അട്ടാരി-വാഗ അതിർത്തി വഴിയാണ് ഇവരെ മടക്കിയയച്ചത്. പാക്കിസ്ഥാനിലേക്ക് മടങ്ങാൻ കഴിയാതിരുന്ന ഘട്ടത്തിൽ തങ്ങൾക്ക് പൂർണ പിന്തുണയും ഭക്ഷണ പാർപ്പിട സൗകര്യങ്ങളും നൽകിയ ഇന്ത്യൻ സർക്കാരിന് നന്ദിയുണ്ടെന്നും പാക് പൗരന്മാർ പ്രതികരിച്ചു.

ഏകദേശം ഒന്നരവർഷം മുമ്പാണ് ഇവർ ഹിന്ദു-സിഖ് ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി ഇന്ത്യയിലെത്തിയത്. തുടർന്നുണ്ടായ ലോക്ക്ഡൗണിൽ ഇന്ത്യയിൽ കുടുങ്ങിയ ഇവരെ കേന്ദ്ര സർക്കാർ സംരക്ഷിച്ചു. ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സേവനങ്ങൾ, പാർപ്പിട സൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തി. ഇവരുടെ മടക്കയാത്രക്ക് വേണ്ട നടപടികൾ സ്വീകരിക്കുകയും ഇതിനാവശ്യമായ രേഖകൾ തയ്യാറാക്കുകയും ചെയ്തു.

പാക്കിസ്ഥാനിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി കൊറോണ പരിശോധനകൾ നടത്തുകയും യാത്രക്കാർക്ക് പാക്കിസ്ഥാനിലെത്തിയാൽ സമർപ്പിക്കേണ്ടുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്താണ് സർക്കാർ ഇവരെ അതിർത്തിയിലെത്തിച്ചത്. ആദ്യം സെപ്റ്റംബർ മൂന്നിനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും ആർടി-പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതിനാൽ യാത്ര നീളുകയായിരുന്നു.