മുൾട്ടാൻ : എല്ലാ മേഖലയിലും വിവേചനം നേരിടുന്ന സ്ത്രീകൾ സമൂഹത്തിന്റെ മുൻനിരയിലേക്ക് വരുന്നതിൽ ഒട്ടും വിമുഖത വേണ്ട എന്ന് വീണ്ടും തെളിയിക്കുന്ന വാർത്തയാണ് പാക്കിസ്ഥാനിൽ നിന്നും ഇപ്പോൾ പുറത്ത് വരുന്നത്. പാക്കിസ്ഥാനിലെ ആദ്യ വനിതാ കാർ മെക്കാനിക്ക് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കിയാണ് 24കാരി മാതൃകയാകുന്നത്. ഉസ്മ നവാസ് എന്ന മിടുമിടുക്കി ഈ നേട്ടം സ്വന്തമാക്കിയത് ഇവിടെ വർഷങ്ങളായി നിലനിന്നിരുന്ന ലിംഗ വിവേചനത്തെ ധൈര്യപൂർവ്വം മറികടന്നാണ്.

പാക്കിസ്ഥാനിലെ നിലവിലെ സാമൂഹിക പരിതസ്ഥിതിയിൽ ഉസ്മയുടെ നേട്ടം വളരെ അപൂർവമാണ്. കടുത്ത വിവേചനങ്ങൾ നേരിടുന്നതിനാൽ തങ്ങളുടെ ഇടം കണ്ടെത്താൻ പാക്കിസ്ഥാനിൽ നിരവധി വനിതകളാണ് പോരാട്ടം നയിക്കുന്നത്. പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ അടിച്ചമർത്തപ്പെട്ട സമൂഹമായി തന്നെയാണ് വനിതകൾ നിലകൊള്ളുന്നത്.

കുടുംബത്തിലെ സാമ്പത്തിക പരാധീനത മറികടക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു വെല്ലുവിളി ഏറ്റെടുക്കാൻ തുനിഞ്ഞതെന്ന് അവർ പറയുന്നു. തന്റെ ജോലി ഇതാണെന്നറിഞ്ഞപ്പോൾ കുടുംബത്തിലുള്ളവർക്കും അദ്ഭുതമായിരുന്നുവെന്ന് ഉസ്മ വ്യക്തമാക്കി. മെക്കാനിക്കൽ എൻജിനീയറിംങിൽ ബിരുദം നേടിയ ഉസ്മ പാക്കിസ്ഥാനിലെ കിഴക്കൻ നഗരമായ മുൾട്ടാനിലെ ഒരു ഓട്ടോ റിപ്പയർ ഗാരേജിലാണ് ജോലി ചെയ്യുന്നത്.

വാഹനങ്ങളുടെ വർക്ക് ഷോപ്പുകളിൽ ജോലി ചെയ്യാൻ പാക്കിസ്ഥാനിലെ സമൂഹികാവസ്ഥ പെൺകുട്ടികൾക്ക് അനുവാദം നൽകുന്നില്ല. എന്നാൽ ഉസ്മയ്ക്ക് ഈ ജോലി വലിയ താത്പര്യമായിരുന്നു. അതുകൊണ്ടാണ് വിലക്കുകളെ പോലും ഭയപ്പെടാതെ അവളുടെ ആഗ്രഹത്തിന് ഒപ്പം നിന്നതെന്ന് പിതാവ് മുഹമ്മദ് നവാസ് പറഞ്ഞു. തന്റെ ഇത്തരത്തിലുള്ള അവസ്ഥകളിൽ നിന്ന് സ്വയം അധ്വാനിച്ച് ജീവിക്കാൻ അവസരം ലഭിക്കുന്നത് അഭിമാനകരമാണ്. ഇത് മറ്റുള്ള വനിതകൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉസ്മ പറഞ്ഞു.