കൊച്ചി: സിനിമാ പ്രേമികൾക്ക് ഏറെ സന്തോഷം പകർന്നാണ് റോഷൻ ആൻഡ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണി തിയേറ്ററുകളിലെത്തിയത്. ഇത്തിക്കരപക്കിയായി മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിൽ ലാലേട്ടൻ വരുമ്പോഴുള്ള ബിജിഎമ്മാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ. കൗബോയ് സ്‌റ്റൈലിലുള്ള മോഹൻലാലിന്റെ തീം മ്യൂസിക്ക് പുറത്ത് വിട്ട് നിമിഷങ്ങൾക്കകം സംഗതി വൈറലായി.

ഗോപീ സുന്ദറാണ് മലയാള സിനിമ ഇതുവരെ 'കേട്ടിട്ടില്ലാത്ത' രീതിയിലുള്ള ബിജിഎം ഒരുക്കിയത്. ഇതിന് പുറമേ ഒരു ഇരട്ടി മധുരം കൂടി സിനിമയെ തേടിയെത്തിയിരിക്കുകയാണ്. ശരവേഗത്തിൽ 50 കോടി കടക്കുന്ന മലയാള ചിത്രമെന്ന റെക്കോർഡും കൊച്ചുണ്ണി സ്വന്തമാക്കിയിരിക്കുകയാണ്. റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾക്കുള്ളിൽ ചിത്രം നേടിയത് 55 കോടി രൂപയാണ്.

ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോകുലം പ്രൊഡക്ഷൻസ് ആണ്. 45 കോടിയാണ് മുതൽമുടക്ക്. ഏകദേശം പതിനായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകൾ ചിത്രത്തിൽ അഭിനയിച്ചു. 161 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. സെറ്റിന് മാത്രം ചെലവഴിച്ചത് 12 കോടി രൂപ.പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ എന്നിവരാണ് മറ്റുതാരങ്ങൾ.