പാലാ : നാട്ടുകാരുടെ സഹകരണവും കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ കഠിന പരിശ്രമവും ഒത്തു ചേർന്നപ്പോൾ കൊച്ചിടപ്പാടി, മൂന്നാനി മേഖലകളിൽ ദിവസങ്ങളോളം തടസ്സപ്പെട്ടു കിടന്ന വൈദ്യുതി പുനഃസ്ഥാപിച്ചു. കാറ്റിൽ ഈ മേഖലയിലെ മാത്രം 18ൽ പരം വൈദ്യുതിപോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും നിരവധി പോസ്റ്റുകൾ നിലംപൊത്തുകയും ചെയ്തിരുന്നു.

വൻ മരങ്ങൾ വേരോടെ കടപുഴകി വൈദ്യുതി ലൈനിൽ വീണതോടെ ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുംമൂലം ഈ മേഖല ഒറ്റപ്പെടുകയായിരുന്നു.ഇതോടെ വാർഡ് കൗൺസിലർ ടോണി തോട്ടത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ മരം വെട്ടി മാറ്റാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചു. കെ.എസ്.ഇ.ബി. അധികൃതരായ ചന്ദ്രലാൽ,ബോബി തുടങ്ങിയവരും രാത്രിയിൽ രംഗത്തിറങ്ങി. മരം വെട്ടുതൊഴിലാളിയായ മധു അള്ളുങ്കൽ പ്രതിഫലേച്ഛ കൂടാതെ മരം അറുത്തുമാറ്റി. എബി ജെ.ജോസ്, ബേബി ആനപ്പാറ, തോമസുകുട്ടി മുകാല, ബിജോ ഓമ്പള്ളിൽ, ബെന്നി വട്ടമറ്റം തുടങ്ങിയവർ മരം മുറിക്കലിനു നേതൃത്വം നൽകി ഗതാഗതം പുനഃസ്ഥാപിച്ചു.

തുടർന്നു ചന്ദ്രലാലിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. അധികൃതർ നാട്ടുകാരുടെ സഹകരണത്തോടെ ഒടിഞ്ഞ പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു. തുടർന്നു വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും കാറ്റോടെ മഴ പെയ്തതോടെ മൂന്നാനി ഭാഗത്തു വീണ്ടും പോസ്റ്റുകൾ ഒടിഞ്ഞു വീണു.പിന്നീട് കെ.എസ്.ഇ.ബി. അധികൃതർ രാത്രി 10 മണിവരെ തുടർച്ചയായി പരിശ്രമിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്.
രാപകൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ പരിശ്രമിച്ച വൈദ്യുതി ബോർഡ് ജീവനക്കാരെയും മരം വെട്ടു തൊഴിലാളി മധുവിനെയും കവീക്കുന്ന് വികസന സമിതി അനുമോദിച്ചു.