പാലാ: അധികാരത്തിലിരുന്നു കേരള കോൺഗ്രസ് നടപ്പാക്കുന്ന പ്രതികാര രാഷ്ട്രീയത്തിനെതിരെ തിരുവോണ നാളിൽ പാലായിൽ പ്രതിഷേധമിരമ്പി. നിയമ വ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്ന രാഷ്ട്രീയ നിലപാടിനെതിരെ മാണി സി കാപ്പൻ എം എൽ എ നടത്തിയ ഉണ്ണാവ്രത സത്യഗ്രഹം പാലായുടെ ശബ്ദമായി മാറി.

രാഷ്ട്രീയ എതിരാളികളെയും വിമർശകരെയും അധികാരത്തിന്റെ തണലിലിരുന്നു നിയമ സംവീധാനങ്ങളെ ദുരുപയോഗിച്ചു പീഡിപ്പിക്കാനുള്ള നീക്കത്തിനെതിരെയായിരുന്നു എം എൽ എ യുടെ പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനത്തിനെതിരെ വസ്തുതാവിരുദ്ധമായി വളച്ചൊടിച്ചു പൊലീസിനെ ഉപയോഗിച്ചു വ്യാജ കേസുകൾ ചമയ്ക്കാൻ അനുവദിക്കുകയില്ലെന്ന താക്കീതായി സത്യഗ്രഹ സമരം മാറി. രാഷ്ട്രീയ എതിരാളികളെ ഹീനമാർഗ്ഗത്തിലൂടെ പീഡിപ്പിക്കാനുള്ള നീക്കം ചെറുക്കുമെന്ന മുന്നറിയിപ്പും നൽകി. രാഷ്ട്രീയ നേട്ടത്തിനായി സഭയെ വലിച്ചിഴച്ച നടപടിക്കെതിരെയും പ്രതിഷേധമുയർന്നു.

മാണി സി കാപ്പൻ എം എൽ എ നടത്തിയ ഉണ്ണാവ്രത സത്രഗ്രഹം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് അനുഭാവികളെയും പ്രവർത്തകരെയും കള്ളക്കേസിൽപ്പെടുത്തി പീഡിപ്പിക്കാനാണ് ശ്രമമെങ്കിൽ എന്തു വില കൊടുത്തും ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതികാര രാഷ്ട്രീയത്തെ പാലാ അംഗീകരിക്കുകയില്ലെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.

മുൻ മന്ത്രി കെ സി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. എൽദോസ് കുന്നപ്പള്ളി എം എൽ എ, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുൻ എം പി ജോയി എബ്രാഹം, യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കെ പി സി സി സെക്രട്ടറി അഡ്വ ടോമി കല്ലാനി, ഡി സി കെ പ്രസിഡന്റ് സലീം പി മാത്യു, ജനറൽ സെക്രട്ടറി സാജു എം ഫിലിപ്പ്, സിബി ജോസഫ്, ബിജു പുന്നത്താനം, പ്രൊഫ സതീഷ് ചൊള്ളാനി, റോയി എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, ജോസ്‌മോൻ മുണ്ടയ്ക്കൽ, കുര്യാക്കോസ് പടവൻ, സി ടി രാജൻ, ആർ സജീവ്, ആർ പ്രേംജി, എ കെ ചന്ദ്രമോഹൻ, മൈക്കിൾ പുല്ലുമാക്കൽ, വിനോദ് വേരനാനി, അഡ്വ ജോബി കുറ്റിക്കാട്ട്, ജോഷി പുതുമന, എം പി കൃഷ്ണൻനായർ, സജി ജോസഫ്, സന്തോഷ് കാവുകാട്ട്, തോമസ് ആർ വി ജോസ്, ജസ്റ്റിൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ അനുപമ വിശ്വനാഥ്, ഷൈനി സന്തോഷ്, ജോഷി ജോഷ്വാ, ടി ജെ ബെഞ്ചമിൻ, ലിസി സണ്ണി, സെലിൻ മത്തായി, ഷോജി ഗോപി, ബിജോയി ഇടേട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

വൈകുന്നേരം നടന്ന സമാപന സമ്മേളനം മുൻ കേന്ദ്രമന്ത്രി പി സി തോമസ് ഉദ്ഘാടനം ചെയ്തു. പാലായിൽ പ്രതികാര രാഷ്ട്രീയം തുടരാനാണ് തീരുമാനമെങ്കിൽ യു ഡി എഫ് ഇതിനെ ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാലാക്കാർ ഇത്തരം നടപടികൾ അംഗീകരിക്കുകയില്ല. പാലാക്കാരെ വെല്ലുവിളിക്കാനാണ് ശ്രമമെങ്കിൽ ജനം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്നും പി സി തോമസ് പറഞ്ഞു. മുൻ എം പി വക്കച്ചൻ മറ്റത്തിൽ നാരങ്ങാനീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.

മൈക്കിൾ കാവുകാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, അഡ്വ ആർ മനോജ്, ടോണി തോട്ടം, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ജോഷി ജോസഫ്, റോബി ഊടുപുഴ, മുനിസിപ്പൽ കൗൺസിലർമാർ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, യു ഡി എഫ് ഘടകകക്ഷി മണ്ഡലം നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. എം എൽ എ സത്യഗ്രഹം ആരംഭിച്ചതുമുതൽ അവസാനിക്കുംവരെ നൂറു കണക്കിനാളുകളാണ് അഭിവാദ്യമർപ്പിച്ചു മടങ്ങിയത്.

കള്ളക്കേസിൽ ഉൾപ്പെടുത്തി പീഡിപ്പിക്കുന്നതിനെതിരെയാണ് സത്യഗ്രഹം: മാണി സി കാപ്പൻ

പാലാ: രാഷ്ട്രീയ വിമർശനത്തിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കി പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് തന്റെ സത്യഗ്രഹമെന്ന് മാണി സി കാപ്പൻ പറഞ്ഞു. ലഭിക്കുന്ന പരാതികളിൽ വസ്തുതയുണ്ടോ എന്നു പോലും പരിശോധിക്കാതെ അധികാരത്തിലുള്ളവർ നൽകുന്ന പരാതിക്കനുസൃതമായി കേസെടുക്കുന്ന നടപടി അംഗീകരിക്കാനാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യഗ്രഹസമരത്തിനിടെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ മാധ്യമങ്ങളിൽ വിമർശിച്ചതിന്റെ പേരിലാണ് സഞ്ജയ് സഖറിയാസിനെതിരെ പരാതി. ഇതിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടുത്താൻ സാധിക്കില്ല. സെക്ഷ്വൽ അസൾട്ട് ഉണ്ടെന്ന തെറ്റായ പരാതി ഉയർത്തി കള്ളക്കേസ് ചമച്ചിരിക്കുകയാണ്. കോടതിയിൽ കേസ് നിൽക്കില്ലെന്നറിഞ്ഞിട്ടും കോടതി അടയ്ക്കുന്ന ദിവസം നോക്കി ആരോപണ വിധേയനെ അറസ്റ്റുചെയ്തു ജയിലിലടച്ചു പീഡിപ്പിക്കാനാണ് നീക്കം നടത്തിയത്. ഇത് അംഗീകരിക്കാനാവില്ല. കേരള കോൺഗ്രസിന്റെ ഇത്തരം പീഡനങ്ങൾ അനുഭവിച്ചയാളാണ് സിപിഐ എം നേതാവ് ലാലിച്ചൻ ജോർജ്.

വളരെ മോശമായി തന്നെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ എഴുതിയതിനെതിരെ പരാതി നൽകിയിട്ടു മാസങ്ങൾ കഴിഞ്ഞു. എന്നാൽ അന്വേഷണം പോലും നടത്തിയതായി അറിവില്ല. പൊലീസ് പാലായിൽ കേരള കോൺഗ്രസിന്റെ ചട്ടുകമായി പ്രവർത്തിക്കുകയാണ്.

പാലാക്കാരെ കള്ളക്കേസിൽ കുടുക്കാൻ അനുവദിക്കുകയില്ല. അതിനെ എന്തു വില കൊടുത്തും ചെറുക്കും. തിരഞ്ഞെടുപ്പ് പരാജയത്തോടെ കേരളാ കോൺഗ്രസ് പാലാക്കാരോട് പ്രതികാരബുദ്ധിയോടെയാണ് പെരുമാറുന്നതെന്നും മാണി സി കാപ്പൻ കുറ്റപ്പെടുത്തി. നിയമ വ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിൽ നിയമാനുസരണം പ്രവർത്തിക്കാൻ പൊലീസും തയ്യാറാവണം. രാഷ്ട്രീയ മേലാളന്മാരുടെ ചട്ടുകങ്ങളായി പ്രവർത്തിക്കേണ്ടവരല്ല പൊലീസെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കള്ളക്കേസ് തിരഞ്ഞെടുപ്പ് കേസിനു ഉപയോഗപ്പെടുത്താൻ വേണ്ടിയെന്ന് ഡി സി കെ

പാലാ: മാണി സി കാപ്പനെതിരെ നൽകിയ തിരഞ്ഞെടുപ്പു കേസിൽ ഉപയോഗപ്പെടുത്താൻ വേണ്ടി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പാലായിലെ കള്ളക്കേസിനാധാരമെന്ന് ഡി സി കെ പാലാ മണ്ഡലം കമ്മിറ്റി. സാമൂഹ്യ മാധ്യമങ്ങളിലെ വിമർശനമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന പരാതി നിലനിൽക്കണമെങ്കിൽ അതിന് ഒരു പൊലീസ് കേസ് അനിവാര്യമാണ്. ഇതാണ് തിരഞ്ഞെടുപ്പ് കേസിനു പിന്നാലെ കള്ളക്കേസ് ചമയ്ക്കാൻ പ്രേരിപ്പിച്ച ഘടകം. ഇതോടൊപ്പം പാലായിൽ പ്രതികാര രാഷ്ട്രീയവും പ്രവർത്തിക്കുകയാണ്. സ്വന്തം സ്ഥാനാർത്ഥിയുടെ തോൽവിയിൽ രൂപതയെ പ്രതിക്കൂട്ടിലാക്കിയ കേരള കോൺഗ്രസ് അനാവശ്യമായി രൂപതയെ കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഇതും പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ്. കേരളാ കോൺഗ്രസിന്റെ പ്രതികാര രാഷ്ട്രീയത്തിനെതിരെ പാലാ ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എം പി കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു