പാലാ: യാത്രക്കാരൻ ബസ്സിൽ നിന്നും വഴിയിൽ തെറിച്ചു വീണ സംഭവത്തിൽ ബസ് ഡ്രൈവർ പിഴയടച്ച് മാപ്പു പറഞ്ഞു. കോട്ടയം ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന കുഴിത്തോട്ട് ബസിന്റെ ഡ്രൈവർ സുനോജ് കെ.എസ്. ആണ് സംഭവത്തിൽ പിഴയടച്ച് മാപ്പു പറഞ്ഞത്. കണ്ടക്ടർ സന്ദീപ് എം.യു.വും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ ടോജോ എം. തോമസ് മുമ്പാകെ മാപ്പ് എഴുതി നൽകി.

കഴിഞ്ഞ 15ന് രാവിലെ മുനിസിപ്പൽ കോംപ്ലക്സിനു മുന്നിലെ വെയിറ്റിങ് ഷെഡിനു സമീപമായിരുന്നു സംഭവം. അലക്ഷ്യമായി ബസ് മുന്നോട്ടെടുത്തപ്പോൾ വാതിലിലൂടെ ഒരാൾ തെറിച്ചു റോഡിലേയ്ക്ക് വീഴുകയായിരുന്നു. സമീപത്തുള്ളവർ ഓടിയെത്തി ആളെ സഹായിക്കുന്നതിനിടെ സംഭവം മറ്റൊരു വാഹനത്തിലിരുന്നു കണ്ട മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ. ജോസ് ബസ് ഡ്രൈവറെ വിവരം ധരിപ്പിച്ചു.

എന്നാൽ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞ ശേഷം വീണ ആളെ ശ്രദ്ധിക്കുകപോലും ചെയ്യാതെ ബസുമായി പോകുകയായിരുന്നു. ഇതേത്തുടർന്ന് എബി ജെ. ജോസ് അധികൃതർക്ക് പരാതി നൽകുകയും സംഭവം സോഷ്യൽ മീഡിയായിലൂടെ പങ്കുവയ്ക്കുകയും ചെയ്തതോടെ ആയിരക്കണക്കിനാളുകൾ ഡ്രൈവരുടെ നടപടിക്കെതിരെ പ്രതിഷേധമുയർത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പാലാ ജോയിന്റ് ആർ.ടി.ഒ. സ്വമേധയാ നടപടിയെടുക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് പിഴയായി ആയിരം രൂപാ ഈടാക്കുകയും തുടർന്നു ഡ്രൈവറും കണ്ടക്ടറും നിരുപാധികം മാപ്പെഴുതി നൽകുകയും ചെയ്യുകയായിരുന്നു.