- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം സമുദായത്തിലെ പല പ്രശ്നങ്ങളും തീർക്കാൻ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേൽ കടുത്ത വർഗീയ വിദ്വേഷം ഉയർത്തുകയാണെന്ന് മുസ്ലിം സംഘടനകൾ; നാർക്കോട്ടിക് ജിഹാദിൽ ബിഷപ്പിനെ ജയിലിൽ അടയ്ക്കണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ; ബിഷപ്പിനെ തള്ളി പറഞ്ഞ് പിടി തോമസും; ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയിൽ ചർച്ച തുടരുമ്പോൾ
കോട്ടയം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ലൗ ജിഹാദ് നാർകോട്ടിക് ജിഹാദ് എന്നീ വിഷയങ്ങൾ ആരോപിച്ച് നടത്തിയ പ്രസംഗത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ രംഗത്ത്. ഇതോടെ വിവാദം പുതിയ തലത്തിലെത്തുകയാണ്. കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസും വിമർശനവുമായി രംഗത്തു വന്നു. ബിഷപ്പിനെതിരെ കേസെടുക്കണമെന്നാണ് കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ ആവശ്യം. ഇക്കാര്യത്തിൽ സർക്കാരും പൊലീസും എടുക്കുന്ന നിലപാടുകളും ചർച്ചയാകും.
ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകൾ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വെളിപ്പെടുത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. അതിന് തയ്യാറായില്ലെങ്കിൽ ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എം ബി ആമീൻ ഷാ ആവശ്യപ്പെട്ടു. ഇതോടെ വിഷയം മുസ്ലിം സംഘടനകളും ചർച്ചയാക്കുമെന്ന് വ്യക്തമായി. സർക്കാരിനോട് കേസെടുക്കാൻ സംഘടനകൾ സമ്മർദ്ദവും ചെലുത്തും. ഒരു മതസമുദായത്തിന്റെ വിശുദ്ധ സംജ്ഞയെ പരിഹാസ വാക്കായി ഉപയോഗിച്ച് പച്ചക്കള്ളം പ്രചരിപ്പിച്ചു എന്നാണ് മുസ്ലിം ജമാഅത്ത് കൗൺസിൽ ചൂണ്ടിക്കാട്ടുന്നത്.
ഇല്ലാത്ത ലൗ ജിഹാദിനെയും പുതുതായി അദ്ദേഹം നിർമ്മിച്ചെടുത്ത നർക്കോട്ടിക് ജിഹാദും വഴി സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന കൊടിയ ക്രിമിനൽ കുറ്റം ആണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തിരിക്കുന്നതെന്ന് മുസ്ലിം ജമാഅത്ത് കൗൺസിൽ ആരോപിച്ചു. കേരളീയ പൊതു സമൂഹത്തിന് ക്ഷമിക്കാൻ കഴിയാത്ത തെറ്റാണ് ഇത്. രണ്ട് മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും പടർത്തി എന്ന കുറ്റത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 153 എ പ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ആണ് ബിഷപ്പ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യാൻ കേരളത്തിലെ സർക്കാർ തയ്യാറാകണം എന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യപ്പെടുന്നു.
പാലാ ബിഷപ്പിന്റെ അറസ്റ്റിന് വേണ്ടി കേരളത്തിലെ ഇടത് മുന്നണിയിലെയും ഐക്യമുന്നണിയിലെയും നേതാക്കളും മതേതര ലിബറൽ എഴുത്തുകാരും ശബ്ദമുയർത്തണം എന്നും ജമാഅത്ത് കൗൺസിൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. സ്വന്തം സമുദായത്തിലെ പല പ്രശ്നങ്ങളും തീർക്കാൻ കഴിയാത്ത ബിഷപ്പ് മറ്റൊരു സമുദായത്തിന്റെ മേൽ കടുത്ത വർഗീയ വിദ്വേഷം ഉയർത്തുകയാണെന്നും ജമാഅത്ത് കൗൺസിൽ കുറ്റപ്പെടുത്തി. കോൺഗ്രസിലെ ചില നേതാക്കൾ ബിഷപ്പിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതിനിടെയാണ് വിമർശനവുമായി പിടി തോമസ് രംഗത്തു വന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുറ്റപ്പെടുത്തൽ.
പാല ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെതായി പുറത്ത് വന്ന വാർത്ത സമുദായ സൗഹാർദ്ധം വളർത്താൻ ഉപകരിക്കുന്നതല്ല. സാമ്പത്തിക ലാഭവും വ്യക്തികളുടെ സ്വർത്ഥതയുമാണ് കുറ്റകൃത്യങ്ങളുടെ കാതൽ. ജാതി- മതാടിസ്ഥാനത്തിൽ കുറ്റവാളികൾ പ്രവർത്തിക്കുന്നതു ആധുനിക കാലഘട്ടത്തിൽ വിരളമാണ്. ഇത്തരം നിരീക്ഷണങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിള്ളൽ അപകടരമാണ്. എന്നും മത സൗഹാർദ്ധം പുലർത്തിപോരുന്ന സമുദായങ്ങളെ ഭിന്നിപ്പിക്കാൻ ആരും ഇന്ധനം നൽകരുതെന്നാണ് പിടി തോമസിന്റെ ആവശ്യം.
കോട്ടയം കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ആണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവനകൾ നടത്തിയത്. ലൗജിഹാദ് യാഥാർത്ഥ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമുസ്ലിങ്ങളായ എല്ലാവരെയും നശിപ്പിക്കുക എന്നതാണ് തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമമെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ലൗ ജിഹാദിന് പുറമേ നാർക്കോട്ടിക് ജിഹാദ് ശക്തമായ നിലവിലുണ്ട് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഐസ്ക്രീം പാർലറുകളും പാർട്ടികളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത് എന്നും ബിഷപ്പ് ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ