കൊച്ചി: നർക്കോട്ടിക് ജിഹാദിൽ ക്രൈസ്തവ സഭകൾ പ്രതിഷേധവും ചർച്ചയും തുടരും. പാലാ ബിഷപ് കല്ലറങ്ങാടിനെ അനുകൂലിച്ച് ദിപിക മുഖപ്രസംഗം നൽകുന്ന സൂചന ഇതാണ്. കല്ലറങ്ങാട് തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നാണ് ദീപിക പറയുന്നത്. സമകാലീക കേരളവും ക്രൈസ്തവ സുമുദായവും നേരിടുന്ന ഗൗരവ പ്രശനങ്ങളാണ് കല്ലറങ്ങാട് പറഞ്ഞത്. വിശ്വാസികളോട് പറഞ്ഞ കാര്യങ്ങൾ നിക്ഷിപ്ത താൽപര്യക്കാർ വിവാദമാക്കാൻ ശ്രമിക്കുന്നുവെന്നാണ് കുറ്റപ്പെടുത്തൽ.

മറ്റു മതങ്ങളോടുള്ള എതിർപ്പുകൊണ്ടല്ല കല്ലറങ്ങാട് പറഞ്ഞതെന്ന് മുഖപ്രസംഗം ന്യായീകരിക്കുന്നു. പിണറായിക്കും വി ഡി സതീശനും പി ടി തോമസിനുമെതിരെ രൂക്ഷ വിമർശനവുമുണ്ട്. വിമർശിച്ചുവന്ന രാഷ്ട്രീയ നേതാക്കളുടെ ലക്ഷ്യം വോട്ടുബാങ്കിലാണെന്നാണ് ആരോപണം. മാധ്യമങ്ങൾക്കും ഹിഡൻ അജണ്ടയുണ്ടെന്നാണ് ആരോപണം. മത സൗഹാർദ്ദത്തിന്റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നത് ആരെന്നും മുഖപ്രസംഗം ചോദിക്കുന്നു. ക്രൈസ്തവ സഭകളെ കോൺഗ്രസ് നേതാക്കൾ സാധാരണ വിമർശിക്കാറില്ല. ഈ രീതി വിട്ടായിരുന്നു വിഡി സതീശന്റെ ഇടപെടൽ.

കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് പൊലീസിന്റെ ജോലിയാണ്. ജസ്‌നയുടെ തിരോധാനത്തിൽ എന്തുകോണ്ട് പൊലീസ് ഇതുവരെ അന്വേഷണം പൂർത്തിയാക്കിയില്ലെന്നും ദീപിക ചോദിക്കുന്നു. സഭയുടെ ആശങ്കയാണ് വിശ്വാസികളോട് പങ്കുവെച്ചത്, നിമിഷ, സോണിയ, മെറിൻ എന്നിവർ ലൗ ജിഹാദ് ഉണ്ടോയെന്ന ചോദ്യത്തിന് തെളിവാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു. മത സൗഹാർദം ക്രൈസ്തവ സമൂഹം എന്നും പിന്തുടരുന്നുണ്ടെന്നും തൊടുപുഴ കൈവെട്ടുകേസിൽ സംയമനം പാലിച്ചത് അതുകോണ്ടാണെന്നുമാണ് വാദം. ബിഷപ്പിനെ പിന്തുണയ്ക്കാൻ തന്നെയാണ് സഭയുടെ തീരുമാനം.

ബിഷപ്പിനെതിരെ മതസൗഹാർദ്ദം തകർത്തതിന് കേസെടുക്കണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശ്വാസികളെ അണിനിരത്തി ബിഷപ്പിനെതിരായ നീക്കത്തെ പ്രതിരോധിക്കാനാണ് സഭയുടെ തീരുമാനം. ഇതാണ് മുഖപ്രസംഗത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും നർക്കോട്ടിക് ജിഹാദിനെ തള്ളിപ്പറഞ്ഞിരുന്നു.

ദീപിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ പൂർണ്ണ രൂപം

അപ്രിയസത്യങ്ങൾ ആരും പറയരുതെന്നോ

ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാൽ, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു ചിലപ്പോൾ അപ്രിയസത്യങ്ങൾ തുറന്നുപറയേണ്ടിവരും.

എട്ടുനോന്പ് തിരുനാളിന്റെ സമാപനത്തോടനുബന്ധിച്ചു കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത്മറിയം തീർത്ഥാടന ദേവാലയത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികൾക്കു നൽകിയ സന്ദേശം വിവാദമാക്കാൻ നിക്ഷിപ്ത താത്പര്യക്കാർ കിണഞ്ഞു ശ്രമിക്കുകയാണ്. സമകാലിക കേരളസമൂഹവും ക്രൈസ്തവ സമുദായവും നേരിടുന്ന ചില ഗൗരവപ്രശ്‌നങ്ങളിലേക്കാണു മാർ കല്ലറങ്ങാട്ട് വിശ്വാസിസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിച്ചത്.

പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദപ്രവർത്തനങ്ങൾക്കും മറ്റു വിധ്വംസക പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന ലൗ ജിഹാദിനെപ്പറ്റി എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

യുവജനങ്ങളെ മയക്കുമരുന്നു നല്കി വശീകരിച്ചു നശിപ്പിക്കുന്ന നാർകോട്ടിക് ജിഹാദും വ്യാപകമായി നടക്കുന്നുണ്ടെന്നു ബിഷപ് ചൂണ്ടിക്കാട്ടി. മറ്റേതെങ്കിലും മതത്തോടുള്ള എതിർപ്പുകൊണ്ടോ വിരോധം കൊണ്ടോ ഒന്നുമല്ലെന്നും നമ്മുടെ കുഞ്ഞുങ്ങൾ നമുക്കു നഷ്ടപ്പെടരുതെന്ന ചിന്ത മാത്രമാണ് ഇതു പറയാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതുകേട്ടു മറ്റുള്ളവർ ഉറഞ്ഞുതുള്ളുന്നത് എന്തിനാണ്

സമുദായസൗഹാർദം തകർക്കാൻ ബിഷപ് ശ്രമിച്ചു എന്നാണു ചിലരുടെ ആരോപണം. സമുദായസൗഹാർദത്തിന്റെ അതിർവരന്പുകൾ നിശ്ചയിക്കുന്നത് ആരാണ് ചുറ്റിലും നടക്കുന്ന കൊള്ളരുതായ്മകൾ കണ്ടില്ലെന്നു നടിച്ചു മിണ്ടാതിരുന്നാൽ എല്ലാവർക്കും സ്‌നേഹവും സന്തോഷവുമാണ്. എന്നാൽ, സമൂഹനന്മയും സമുദായഭദ്രതയും കാംക്ഷിക്കുന്ന ആളുകൾക്കു ചിലപ്പോൾ അപ്രിയസത്യങ്ങൾ തുറന്നുപറയേണ്ടിവരും.

യഥാർഥ സമുദായസൗഹാർദം അതുകൊണ്ടു തകരില്ല. എല്ലാ സമുദായങ്ങളും പരസ്പരം സഹകരിച്ചും ആരെയും ദ്രോഹിക്കാതെയും നേടിയെടുക്കേണ്ടതാണു സമുദായസൗഹാർദം. വിദ്വേഷം ജനിപ്പിക്കുന്ന പ്രവൃത്തികളിൽനിന്നു വിട്ടുനിൽക്കാൻ എല്ലാവർക്കും കടമയുണ്ട്. താൻ പറഞ്ഞ കാര്യങ്ങൾക്ക് ആധാരമായ തെളിവുകൾ മാർ കല്ലറങ്ങാട്ട് ഹാജരാക്കണമെന്നാണു ചിലരുടെ ആവശ്യം. വസ്തുതകളുടെ അടിസ്ഥാനത്തിൽ തന്നെയാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, കുറ്റകൃത്യങ്ങളെപ്പറ്റി അന്വേഷണം നടത്തി തെളിവു കണ്ടെത്തണ്ടതു പൊലീസിന്റെ ജോലിയാണ്.

എരുമേലിക്കടുത്തു വെച്ചൂച്ചിറയിൽനിന്നു 2008ൽ കാണാതായ ജെസ്‌ന മരിയ ജയിംസ് എന്ന പെൺകുട്ടിയുടെ തിരോധാനത്തെപ്പറിയുള്ള പൊലീസ് അന്വേഷണം എവിടെയും എത്തിയിട്ടില്ല. ഇത്തരം കേസുകളിലെ അന്വേഷണങ്ങളെല്ലാം ഒരു ഘട്ടമെത്തുമ്പോൾ നിലയ്ക്കുന്നു. ബിഷപ് വിശ്വാസികളുമായി പങ്കുവച്ചത് സഭയുടെ ആശങ്കയാണ്. ഒരു മതേതര ജനാധിപത്യരാജ്യത്തിൽ ഒരു സഭാമേലധ്യക്ഷനു തന്റെ ആശങ്കകൾ വിശ്വാസിസമൂഹവുമായി പങ്കുവയ്ക്കാൻ അവകാശമില്ലേ അതു പാടില്ലെന്നു ശഠിക്കാൻ ഇന്ത്യ ഒരു മതാധിഷ്ഠിതരാജ്യമോ ഏകാധിപത്യരാജ്യമോ ആയിട്ടില്ല.

കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് സെന്ററാണെന്നും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്നും പറഞ്ഞത് സംസ്ഥാനത്തെ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ്. തലവെട്ടിക്കൊല്ലുന്നതും വെടിവച്ചുകൊല്ലുന്നതും ബോംബെറിഞ്ഞു കൊല്ലുന്നതും മാത്രമാണു ഭീകരപ്രവർത്തനം എന്നു കരുതുന്നവർക്കു കേരളത്തിൽ തീവ്രവാദമില്ലെന്നു തോന്നും.

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിൽ ചേർന്നതിന്റെ ബാക്കിപത്രമായി അഫ്ഗാനിസ്ഥാനിലെ ജയിലിൽ എത്തപ്പെട്ട നാലു മലയാളി യുവതികളുടെ കഥ കേരളം മുഴുവൻ ചർച്ചചെയ്തതല്ലേ യുവതികളെ പ്രണയംനടിച്ചു മതംമാറ്റി തീവ്രവാദപ്രവർത്തനങ്ങൾക്കുപയോഗിക്കുന്ന ലൗ ജിഹാദ് ഇവിടെ ഉണ്ടെന്നതിനു തെളിവെന്ത് എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് നിമിഷ എന്ന ഫാത്തിമയും സോണിയ എന്ന അയിഷയും മെറിൻ എന്ന മറിയവുമെല്ലാം.

ദുരൂഹസാഹചര്യത്തിൽ അപ്രത്യക്ഷരായിട്ടുള്ള വേറെ എത്രയോ യുവതികൾ! അവരുടെ കുടുംബങ്ങൾ തോരാത്ത കണ്ണീരുമായി ഉരുകിത്തീരുന്‌പോൾ, ഈ അപ്രത്യക്ഷമാകലിനു പിന്നിലുള്ളവർ തിരശീലയ്ക്കു പിന്നിലിരുന്നു ചിരിക്കുകയാണ്. നിഗൂഢമായ മയക്കുമരുന്നു കേസുകളുടെ എത്രയോ വാർത്തകളാണു ദിവസേന പത്രങ്ങളിൽ വരുന്നത്. ഇന്നലെ കോഴിക്കോട്ട് യുവതിയെ പ്രണയക്കുരുക്കിൽപ്പെടുത്തി കൊണ്ടുവന്നശേഷം മയക്കുമരുന്നു നല്കി കൂട്ടബലാത്സംഗം ചെയ്ത സംഭവമുണ്ടായി.

വാഗമണ്ണിൽ മയക്കുമരുന്നുമായി പിടികൂടപ്പെട്ട യുവാക്കളുടെ സംഘത്തിന്റെ ഘടനയും ഇവിടെ എന്താണു നടക്കുന്നതെന്നു സാമാന്യബുദ്ധിയുള്ളവരെയെല്ലാം ബോധ്യപ്പെടുത്തുന്നതാണ്. ഇക്കാര്യങ്ങളെപ്പറ്റിയൊക്കെ ഒരു സഭാമേലധ്യക്ഷൻ സ്വസമുദായാംഗങ്ങളെ ഉദ്‌ബോധിപ്പിക്കുന്നതാണോ മഹാപരാധം

കേരളത്തിൽ സമുദായസൗഹാർദം പാലിക്കുന്നതിൽ ബദ്ധശ്രദ്ധരാണു ക്രൈസ്തവസമുദായവും നേതൃത്വവും. എത്ര വലിയ പ്രകോപനമുണ്ടായാലും സമചിത്തതയോടെയും സംയമനത്തോടെയും വിഷയം കൈകാര്യം ചെയ്യാനാണ് അവർ ശ്രമിക്കാറുള്ളത്. തൊടുപുഴയിൽ പ്രഫ. ജോസഫിന്റെ കൈവെട്ടിയ സംഭവമുണ്ടായപ്പോഴും അവർ പ്രതികരിച്ചത് തികഞ്ഞ സംയമനത്തോടെയായിരുന്നു. അതു ഭീരുത്വത്തിന്റെ ലക്ഷണമല്ല.

ആരെയെങ്കിലും ഭീഷണികൾകൊണ്ടു നിശബ്ദരാക്കാമെന്ന് ആരെങ്കിലും കരുതുന്നതു മൗഢ്യമായിരിക്കും. തങ്ങൾക്കിഷ്ടമില്ലാത്തതു പറയുന്നവരെ പ്രതിഷേധങ്ങളും ഭീഷണിയും കൊണ്ടു നിശബ്ദരാക്കാൻ നോക്കുന്നവരല്ലേ യഥാർഥത്തിൽ സൗഹാർദം തകർക്കുന്നത് ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയ മാധ്യമങ്ങൾക്ക് അവരുടെതായ അജൻഡകളുണ്ട്. ബിഷപ്പിനെ വിമർശിച്ചു രംഗത്തുവന്ന ചില രാഷ്ട്രീയനേതാക്കളുടെ ഉന്നം വോട്ടുബാങ്കിലാണെന്ന് എല്ലാവർക്കുമറിയാം.

തെരഞ്ഞെടുപ്പ് അടുക്കുന്‌പോൾ അരമനകൾ കയറിയിറങ്ങുന്നവരുടെ പ്രസ്താവനകൾക്ക് അതിലപ്പുറം പ്രാധാന്യം നല്‌കേണ്ട കാര്യമില്ല. പക്ഷേ, യഥാർഥപ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ ചിലരെ പ്രീണിപ്പിക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നതു കാണാതിരിക്കാനാവില്ല. ഈ പ്രീണനരാഷ്ട്രീയമാണു കേരളത്തെ തീവ്രവാദികളുടെ വിഹാരരംഗമാക്കാൻ ഒരു കാരണം. സത്യം പറയുന്‌പോൾ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല.