കോട്ടയം: ബാർ കോഴയിൽപ്പെട്ട ധനമന്ത്രി കെഎം മാണിയെ രക്ഷിക്കാൻ കോൺഗ്രസ് വേണ്ടതെല്ലാം ചെയ്തു. അത് വേണമായിരുന്നോ എന്ന ചോദ്യമാണ് കോട്ടയത്തെ ഡിസിസി ഇപ്പോൾ രഹസ്യമായി ചോദിക്കുന്നത്. കേസ് എല്ലാം ഏതാണ്ട് ഒഴിവായെന്ന് ഉറപ്പായതോടെ പഴയ പ്രതാപം കാട്ടുകയാണ് മാണി. കോൺഗ്രസിനെ അവഗണിച്ച് നീങ്ങുകയാണ് കേരളാ കോൺഗ്രസ്. പാലയിൽ കേരളാ കോൺഗ്രസിന് സ്വാധീനമുണ്ടാകാം. എന്നു പറഞ്ഞ് കോൺഗ്രസിനെ പാടെ അവഗണിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നാണ് ഡിസിസിയുടെ നിലപാട്. പാലയിൽ അർഹതയുള്ള സീറ്റ് കിട്ടിയില്ലെങ്കിൽ മാണിയെ നിയമസഭ ഇനി കാണിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭീഷണി.

പത്രിക സമർപ്പണത്തിന് മുൻപ് തന്നെ യു.ഡിഎഫിൽ കോൺഗ്രസ് മാണി ഗ്രൂപ്പ് സീറ്റുതർക്കം മുറുകി. മദ്ധ്യ കേരളത്തിൽ കോൺഗ്രസും മാണി ഗ്രൂപ്പും ഒരു പോലെ ശക്തി അവകാശപ്പെടുന്ന മേഖലകളിലാണ് തർക്കം രൂക്ഷമായിട്ടുള്ളത്. മാണി ഗ്രൂപ്പിന്റെ ശക്തികേന്ദ്രമായ പാലാ നഗരസഭയിൽ അഞ്ചു സീറ്റ് മാത്രം കോൺഗ്രസിന് നല്കാമെന്നാണ് മാണി ഗ്രൂപ്പിന്റെ വാഗ്ദാനം. എന്നാൽ അർഹമായ പരിഗണന കിട്ടിയില്ലെങ്കിൽ കെ.എം. മാണിയെ ഇനി നിയമസഭ കാണിക്കാതിരിക്കാനുള്ള ശക്തി തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് നൽകുന്ന മുന്നറിയിപ്പ്. ജില്ലാ പഞ്ചായത്തിലേത് അടക്കം കോൺഗ്രസ് മാണി ഗ്രൂപ്പ് തർക്കം പരിഹരിക്കുന്നതിന് നാളെ ജില്ലാ യു.ഡി.എഫ് യോഗം വിളിച്ചിരിക്കുകയാണ്. ഇതോടെ കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ കോട്ടയത്തെ യുഡിഎഫ് സംവിധാനം തകരും. സൗഹൃദ മത്സരങ്ങളിലേക്ക് കാര്യങ്ങളെത്തും. മുന്നണി തോറ്റാലും മാണിയുടെ വാശി അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് നിലപാട്. വിമത ശല്യവും ശക്തമാകും.

കോട്ടയത്ത് കോൺഗ്രസാണ് മാണി ഗ്രൂപ്പിനെക്കാൾ വലിയ കക്ഷിയെന്ന് കോൺഗ്രസ് വാദിക്കുന്നു. എംപി സ്ഥാനവും ഭൂരിപക്ഷം എംഎ‍ൽഎ സ്ഥാനങ്ങളും കോൺഗ്രസ് മാണി ഗ്രൂപ്പിന് നല്കിയിട്ടുള്ളതിനാൽ ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിൽ മതിയായ സ്ഥാനം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. പി.സി. ജോർജ് വിഭാഗം പാർട്ടി വിട്ടതിനാൽ മാണി ഗ്രൂപ്പിന്റെ ശക്തി കുറഞ്ഞുവെന്നും കൂടുതൽ സീറ്റിന് അർഹതയില്ലെന്നുമുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ കണ്ടെത്തൽ മാണി ഗ്രൂപ്പ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. ജോർജ് വിഭാഗത്തിന്റെ സീറ്റ് കൂടി ജോസഫ് വിഭാഗം ആവശ്യപ്പെടുമെന്നതിനാൽ കൂടുതൽ സീറ്റ് കിട്ടിയേ തീരൂ എന്ന നിലപാടിലാണ് മാണി ഗ്രൂപ്പ്. പാലാ മുനിസിപ്പാലിറ്റിയെ ചൊല്ലിയാണ് തർക്കം രൂക്ഷം. പാലയിൽ സീറ്റുകളൊന്നും കൂടുതലായി കോൺഗ്രസിന് നൽകാൻ മാണി തയ്യാറല്ല. എന്നാൽ ജോർജിന് അനുവദിച്ച സീറ്റുകൾ കോൺഗ്രസിന് നൽകണമെന്നാണ് ആവശ്യം.

നാളെ നടക്കുന്ന ജില്ലാ യു.ഡിഎഫ് യോഗത്തിൽ സീറ്റു ധാരണയുണ്ടാകുന്നില്ലെങ്കിൽ പരസ്പരം ഏറ്റുമുട്ടുന്ന 'സൗഹൃദമത്സരം' നടക്കുമെന്ന മുന്നറിയിപ്പും മാണി ഗ്രൂപ്പ് നല്കിക്കഴിഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാമപുരം ഗ്രാമപഞ്ചായത്തിൽ സൗഹൃദമത്സരം അരങ്ങേറിയിരുന്നു. ഇവിടെ കോൺഗ്രസാണ് പ്രതിപക്ഷത്തുള്ളത്. പാലാ നഗരസഭയ്ക്കു പുറമേ രാമപുരം, കടനാട്, മൂന്നിലവ്, കരൂർ, മുത്തോലി ഗ്രാമ പഞ്ചായത്തുകളിലും കോൺഗ്രസ് മാണി ഗ്രൂപ്പ് സീറ്റുതർക്കം മുറുകുന്നുണ്ട്. 26 സീറ്റുള്ള പാലാ നഗരസഭയിലാണ് കോൺഗ്രസിന് അഞ്ച് സീറ്റ് മാത്രം കൊടുക്കാമെന്ന് മാണി ഗ്രൂപ്പ് പറയുന്നത്. 12 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ തവണ 15 സീറ്റിൽ മാണി ഗ്രൂപ്പ് ജയിച്ചപ്പോൾ അഞ്ചു സീറ്റിലായിരുന്നു കോൺഗ്രസ് ജയിച്ചത്. കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾ മാത്രം നൽകാമെന്ന വാദം കോൺഗ്രസ് അംഗീകരിക്കുന്നില്ല. എല്ലാ മുന്നണി മര്യാദയും മാണി ലംഘിക്കുന്നുവെന്നാണ് ആവരുടെ നിലപാട്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ അനിവാര്യമാണെന്നാണ് അവരുടെ ആവശ്യം.

ഇടതു ക്യാമ്പിൽ ഇപ്പോൾ പിസി ജോർജ്ജുണ്ട്. അതെല്ലാം മനസ്സിലാക്കി മാണി നീങ്ങിയില്ലെങ്കിൽ കേരളാ കോൺഗ്രസിനെ തന്നെ ഇല്ലാതാക്കുമെന്നാണ് കോൺഗ്രസ് നേതാക്കളുടെ ഭീഷണി.