കോട്ടയം: വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാക്കളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടി അന്വേഷണ മികവ് തെളിയിച്ചിരിക്കുകയാണ് പാലാ പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ഒരു ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ തുടങ്ങിയ അന്വേഷണത്തിനൊടുവിൽ ചെന്നൈയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മീനച്ചിൽ, കുറ്റില്ലം കാഞ്ഞ മലകുന്നേൽ സന്തോഷിന്റെ മകൻ ഡീൽ എന്നു വിളിക്കുന്ന പ്രതീഷ് ( 24), വെള്ളിയേപ്പള്ളി ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പടിഞ്ഞാറേകുറ്റ് ബാബുവിന്റെ മകൻ വിപിൻ ബാബു (23) എന്നിവരും, ഗൂഢാലോചനയിലും, ഒളിവിൽ കഴിയാനും, മറ്റു സഹായങ്ങളും ചെയ്ത സുഹൃത്ത് തൊടുപുഴ കരിംകുന്നം പ്ലാന്റേഷൻ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കുറുമണ്ണ് നായ്ക്കാനയിൽ ദേവസ്യാ മകൻ തച്ചൻ എന്നു വിളിക്കുന്ന അജയ് സെബാസ്റ്റ്യൻ (24), മാല വിറ്റു കൊടുത്ത കഞ്ചാവ് കച്ചവടക്കാരൻ രാമപുരം മൂലയിൽ ജനത ബേബി എന്ന ബേബി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ആഴ്ച തോടനാൽ കവലയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുവായിരുന്ന ആയില്യം കുന്ന് ഭാഗത്ത് ഓമനയുടെ രണ്ടു പവൻ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. വിജനമായ പ്രദേശമായതിനാലും, മറ്റു യാത്രക്കാർ ഇല്ലാത്തതിനാലും യാതൊരു തെളിവുകളും ലഭിച്ചിരുന്നില്ല. എന്നാൽ പൊലീസിന്റെ അന്വേഷണത്തിനൊടുവിൽ സംഭവ സ്ഥലത്ത് നിന്നും 500 മീറ്റർ മാറി മാതാ ട്രേഡേഴ്സ് എന്ന കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും മോഷണം നടന്നു എന്നു പറയുന്ന സമയത്ത് കടന്നു പോയ ഒരു പൾസർ എൻ.എസ് ബൈക്ക് കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി.

സംഭവസമയത്ത് വേഗതയിൽ പോകുന്നതിന്റെ ദൃശ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അതേ മോഡൽ ബൈക്ക് ഉപയോഗിക്കുന്നവരെപ്പറ്റി അന്വേഷണം നടത്തി. ഇത്തരം ബൈക്ക് ഉപയോഗിക്കുന്നവരെയെല്ലാം സ്റ്റേഷനിൽ വിളിച്ചു വരുത്തി. നാൽപതോളം പേരെത്തിയിരുന്നു. ഇവരോട് അടുത്ത ദിവസം തിരിച്ചറിയൽ പരേഡിന് എത്തണമെന്ന് നിർദ്ദേശിച്ച് പറഞ്ഞു വിട്ടു. തിരിച്ചറിയൽ പരേഡിൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. എന്നാൽ ആദ്യ ദിവസം എത്തിയ പ്രതീഷ് കുമാർ എന്നയാൾ തിരിച്ചറിയൽ പരേഡിന് എത്തിയിരുന്നില്ല. ഇയാളുടെ മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. ഇയാളെ സംശയത്തിന്റെ മുനയിൽ നിർത്തിയിരുന്നപ്പോഴാണ് കാൺമാനില്ല എന്ന് കാട്ടി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തുന്നത്.

ഇതോടെ പ്രതീഷിനെപറ്റി വിശദമായ അന്വേഷണം നടത്തിയതിൽ അയാളുടെ ഉറ്റ സുഹൃത്തും ബൈക്ക് സ്ഥിരം ഓടിക്കുന്ന വിപിനെയും കാണാനില്ലെന്നും ഇരുവരുടെയും ഫോൺ സ്വിച്ച് ഓഫ് ആണെന്നും കണ്ടെത്തി. നേരെത്തെ ബൈക്കു മോഷണ കേസിൽ ഉൾപ്പെട്ട ഇവരുടെ കൂട്ടുപ്രതിയെ പിടികൂടി ക്യാമറ ദൃശ്യങ്ങൾ അവരുടെതെന്ന് ഉറപ്പാക്കി, പ്രതിഷ്, അജയ്, വിപിൻ ഇവരുടെ ഫോൺ വിളികളുടെ വിശദാംശങ്ങൾ ശേഖരിച്ച് പരിശോധിച്ചതിൽ നിന്നും അജയ് യുടെ കരിങ്കുന്നത്തുള്ള വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തിയ ശേഷം പ്രതീഷിന്റെ സിം അജയുടെ ഫോണിൽ ഇട്ട് ബിപിനൊപ്പം പാലായ്ക്ക് വന്നു എന്നും അജയ് അവരെ പിൻതുടർന്ന് പാലായിൽ തങ്ങി നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു എന്ന് മനസ്സിലാക്കുകയും ചെയ്തു.

ഫോൺ വിളികളുടെ വിശദ പരിശോധനയിൽ സഞ്ചരിച്ച സ്ഥലങ്ങളും സമയവും തിരിച്ചറിഞ്ഞ അന്വേഷണ സംഘത്തിന് മൂവരും ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ചെന്നൈയിലേക്ക് കടന്നതായി മനസിലായി. പാലാ എസ്‌ഐ ബിനോദ് കുമാറിന്റെ നേതൃത്വത്തിൽ ചെന്നെയിൽ എത്തിയ സ്‌ക്വാഡ് അംഗങ്ങൾ വളരെ ശ്രമകരമായാണ് പല സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ മൂന്നു പേരും കൂടി പ്ലാൻ ചെയ്ത മോഷണമാണെന്ന് പ്രതികൾ സമ്മതിച്ചു. വിപിൻ ബൈക്ക് ഓടിച്ചു, പുറകിലിരുന്ന പ്രതീഷ് വഴി ചോദിക്കാനെന്ന വ്യാജേന മാല പൊട്ടിച്ച് കടന്നു കളയുകയാണ് ചെയ്തതെന്നും ഫോണും വഴികളും പറഞ്ഞ് കൊടുത്തതും ഒളിവിൽ താമസിക്കാൻ സഹായം ചെയ്തുകൊടുത്തത് അജയ് ദേവസ്യ ആണെന്നും പ്രതികൾ പറഞ്ഞു. മോഷ്ടിച്ച മാല രാമപുരംകാരൻ ബേബി എന്ന കഞ്ചാവ് കച്ചവടക്കാരന്റെ കൈയിൽ കൊടുത്ത് കാശ് വാങ്ങിയെന്നും സമ്മതിച്ചു. ബേബിയെ പിടികൂടി ചോദ്യം ചെയ്തതിൽ രാമപുരത്തുള്ള ഒരു ജൂവലറിയിൽ വിറ്റെന്ന് അറിയുകയും അവിടെ നിന്നും മാല കണ്ടെടുക്കുകയും ചെയ്തു. സമാനമായ സംഭവങ്ങൾ പാലായിൽ നടന്നിട്ടുള്ളതിനാൽ കൂടുതൽ അന്വേഷണത്തിനായി കോടതിയിൽ ഹാജരാക്കിയ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പാലാ പൊലീസ് അറിയിച്ചു.

പാലാ ഡി.വൈ.എസ്‌പി ഗിരീഷ് പി സാരഥി യുടെ നിർദ്ദേശ പ്രകാരം സിഐ കെ.രാജൻ അരമനയുടെ നേതൃത്വത്തിൽ എസ്‌ഐ ബിനോദ് കുമാറിനായിരുന്നു അന്വേഷണ ചുമതല. സ്‌ക്വാഡ് അംഗങ്ങളായ എഎസ്ഐ അനിൽ കുമാർ, സിനോയി തോമസ്, എം.ജി സുനിൽ കുമാർ രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘവും എസ്‌ഐക്കൊപ്പമുണ്ടായിരുന്നു. എസ്‌ഐ ബിനോദ് കുമാർ മുൻപ് കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോൾ ചോരക്കുഞ്ഞിനെ പള്ളിമേടയിൽ ഉപേക്ഷിച്ചു കടന്ന മാതാപിതാക്കളെ മണിക്കൂറുകൾക്കകം കണ്ടെത്തി അവരെ നിയമ നടപടികൾക്ക് വിധേയരാക്കിയിരുന്നു. ഈ സംഭവത്തിൽ ഏറെ കൈയടി നേടിയ ഉദ്യോഗസ്ഥനാണ്.