പാലാ: രാമപുരം റൂട്ടിൽ മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്‌കൂളിനു മുന്നിലടക്കം പാലാ നഗരത്തിൽ കാൽനട യാത്ര ദുരിതത്തിൽ. ജൂബിലി തിരുനാളിനോടനുബന്ധിച്ചു നടപ്പാത കൈയേറി ആരംഭിച്ച വഴിയോരക്കച്ചവടം തിരുനാൾ കഴിഞ്ഞിട്ട് ഒരാഴ്ച ആയിട്ടും തുടരുകയാണ്. ഇതുമൂലം രണ്ടാഴ്ചക്കാലമായി ഈ ഭാഗത്ത് കാൽനടയാത്ര ദുരിതത്തിലാണ്.

സ്‌കൂളിൽ വരുന്ന കുട്ടികൾ, സിവിൽ സ്റ്റേഷനിൽ പോകുന്ന ആളുകൾ തുടങ്ങിയവർ ഈ ഭാഗത്തു റോഡിൽ കൂടിയാണ് നടക്കുന്നത്. ശബരിമല സീസൺ ആയതിനാൽ വാഹനഗതാഗതം കൂടുതൽ ഉള്ളതിനാൽ ഭീതിയോടെയാണ് കാൽനടയാത്ര. ഇതോടെ ഈ ഭാഗത്ത് യാത്ര ദുരിതത്തിലായി. സ്റ്റേഡിയം ജംഗ്ഷനിൽ യാത്രക്കാർ ബസ് കാത്തു നിൽക്കുന്ന സ്ഥലം കൈയേറി വഴിയോര കച്ചവടം ഇതേ രീതിയിൽ നടക്കുന്നതിനാൽ സ്ത്രീ യാത്രക്കാർ ഉൾപ്പെടെ ദുരിതത്തിലാണ്.

നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നിയമവിരുദ്ധ കയ്യേറ്റത്തിനു നഗരസഭ തറവാടക ഈടാക്കിയ നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും യോഗം കുറ്റപ്പെടുത്തി. എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ബിനു പെരുമന, വിദ്യാധരൻ വി.ടി. എന്നിവർ പ്രസംഗിച്ചു.