- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാലായിൽ മാണി സി കാപ്പൻ വേണോ? പി സി ജോർജ്ജ് വേണോ? അതോ കോൺഗ്രസ് തന്നെ മത്സരിക്കുമോ? യുഡിഎഫ് നേതൃത്വത്തിന് തീരുമാനം എടുക്കാൻ ആവുന്നില്ല; ജോർജ്ജ് എത്തിയാൽ ജോസിനെ തോൽപ്പിച്ചേക്കാമെങ്കിലും സംസ്ഥാന വ്യാപകമായി മുസ്ലിം വോട്ടു മറിയുമെന്ന് ലീഗിന് പേടി
കോട്ടയം: പാല നിയമസഭാ സീറ്റിനെ ചൊല്ലി ഇരുമുന്നണികളിലും ആശയക്കുഴപ്പം ശക്തമാകുകയാണ്. കേരളാ കോൺഗ്രസിലെ രാഷ്ട്രീയ ചലനങ്ങൾക്ക് അനുസരിച്ചാകും ഇവിടത്തെ കാര്യങ്ങൾ മുന്നോട്ടു പോകുക. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇരുമുന്നണികളും കടുത്ത ആശയക്കുഴപ്പമാണ് പാലായെ ചൊല്ലി ഉടലെടുത്തിരിക്കുന്നത്. എന്നാൽ, എൽഡിഎഫിൽ ജോസ് കെ മാണി ഏതാണ് ആ സീറ്റ് ഉറപ്പിച്ച മട്ടിലുമാണ്. ഇതോടെ നിലവിലെ എംഎൽഎ മാണി സി കാപ്പൻ മറുകണ്ടം ചാടേണ്ടി വരും.
അതേസമയം യുഡിഎഫിലാണ് കൂടുതൽ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നത്. മാണി സി കാപ്പന് വേണ്ടി ചരടുവലിക്കുമ്പോൾ തന്നെ പി സി ജോർജ്ജും എങ്ങനെയെങ്കിലും യുഡിഎഫിൽ കയറിപ്പറ്റാൻ വേണ്ടിയുള്ള ശ്രമങ്ങളുമായി രംഗത്തുണ്ട്. ഇതോടെ യുഡിഎഫിൽ ആശയക്കുഴപ്പം ശക്തമാണ്. മാണി സി.കാപ്പനുംകൂടി ഐക്യമുന്നണിയിലേക്ക് വന്നാൽ കോൺഗ്രസിലെ അസംബ്ലി സീറ്റ് മോഹികളുടെ കാത്തിരിപ്പ് തുടരും.
ജോസ് കെ.മാണി മുന്നണി വിട്ടതോടെ പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി സീറ്റുകളും സി.എഫ്.തോമസിന്റെ നിര്യാണത്തോടെ ചങ്ങനാശ്ശേരിയും ആർക്കാണ് നൽകുകയെന്നതിൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തരചർച്ചകൾ സജീവമാണ്. ജോസ് കെ.മാണി ഇടത് പക്ഷത്തേക്ക് പോയതോടെ തങ്ങൾക്ക് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസിലെ രണ്ടാം നിര നേതാക്കൾ. മാണി സി.കാപ്പനെയും പി.സി.ജോർജിനെയും ഒപ്പം ചേർത്താൽ തങ്ങൾക്കുള്ള അവസരം കുറയുമെന്ന ആശങ്ക ഇവർക്കുണ്ട്.
മാത്രമല്ല, പാല മോഹിച്ചാണ് പി സി ജോർജ്ജിന്റെ കരുനീക്കവും. കോൺഗ്രസിന് മുന്നിൽ ജോർജ്ജ് വെക്കുന്ന വാഗ്ദാനം സീറ്റു കിട്ടിയാൽ പാലയിൽ മത്സരിക്കാമെന്നാണ്. പൂഞ്ഞാറിൽ വിജയസാധ്യത കുറവായതു കൊണ്ട് ആ സീറ്റ് മകന് കൊടുത്തു പൂഞ്ഞാറിൽ യുഡിഎഫ് പിന്തുണയിൽ മത്സരിക്കാനാണ് ജോർജ്ജിന്റെ ആഗ്രഹം. പാലാ മണ്ഡലത്തിൽ തനിക്കുള്ള സ്വാധീനവും ജോർജ്ജ് ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ജോസ് കെ മാണിയെ പി സി ജോർജ്ജ് തോൽപ്പിച്ചാൽ തന്നെ മുസ്ലിംങ്ങൾ മറ്റിടങ്ങളിൽ യുഡിഎഫിന് എതിരെ തിരിയുമെന്ന ആശങ്കയും ശക്തമാണ്. ലീഗിന് അടക്കം ഇക്കാര്യത്തിൽ സമാന അഭിപ്രായമാണ്.
മാത്രമല്ല, സോളാർ വിഷയത്തിൽ അടക്കം യുഡിഎഫിനെതിരെ നിലപാട് സ്വീകരിച്ച ജോർജ്ജിനെ ഇനിയും ചുമക്കേണ്ട കാര്യമില്ലെന്ന പൊതുവികാരം യുഡിഎഫിലുണ്ട്. എന്നാൽ, ജോസ് കെ മാണി മറുകണ്ടം ചാടിയ സാഹചര്യത്തിൽ ജോർജ്ജിനെ ഒപ്പം കൂട്ടാമെന്ന് ചിന്തിക്കുന്ന നേതാക്കളും കോൺഗ്രസിലുണ്ട്. അതേസമയം മാണി സി കാപ്പന് കാത്തിരിക്കാതെ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
ഇടത് മുന്നണിയിൽ ജോസ് കെ.മാണി കടന്നുവന്ന സമയത്തുള്ള പ്രത്യക്ഷ എതിർപ്പ് സിപിഐ.ഇപ്പോൾ മയപ്പെടുത്തിയിട്ടുണ്ട്. അവർ മത്സരിച്ചുവരുന്ന കാഞ്ഞിരപ്പള്ളി ജോസ് കെ.മാണി വിഭാഗത്തിന് നൽകുന്നതിൽ സിപിഐ. ജില്ലാ നേതൃത്വം പരസ്യ എതിർപ്പ് അറിയിച്ചിരുന്നു. തദ്ദേശത്തിൽ കോട്ടയം ഇടത് മുന്നണി നേടിയതിൽ ജോസ് വിഭാഗത്തിന് അമിതമായ ക്രെഡിറ്റ് നൽകുന്നതിലും സിപിഐ.ക്ക് എതിർപ്പുണ്ട്. അസംബ്ലി സീറ്റ് ചർച്ചകളിലേക്ക് നീങ്ങുമ്പോൾ ഇത്തരം കാര്യങ്ങളിൽ തീർപ്പുണ്ടാക്കേണ്ടി വരും. മാണി സി.കാപ്പനെ പാലായിൽനിന്ന് ഒഴിവാക്കാൻ ശ്രമം നടത്തുന്നതായി എൻ.സി.പി.ക്കും തോന്നലുണ്ട്. കോട്ടയത്തെ എൻ.സി.പി.കാപ്പനൊപ്പം നിൽക്കും.
പാലാ സീറ്റ് വിട്ടുകൊടുക്കാനില്ലെന്ന് മാണി സി.കാപ്പൻ വീണ്ടും പ്രഖ്യാപിച്ചു. അതേ സമയം ഇടത് മുന്നണി വിടുന്ന കാര്യത്തിൽ ഒരു ആലോചനയും നടന്നിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. ജോസ് കെ.മാണി വിഭാഗം പക്ഷേ, വിവാദം ഒഴിവാക്കിയുള്ള അഭിപ്രായപ്രകടനമാണ് നടത്തുന്നത്. മാണി സി.കാപ്പനും അദ്ദേഹത്തിന്റെ പാർട്ടിയും ഇടത് മുന്നണിയുടെ ഭാഗമാണെന്നും അസംബ്ലി സീറ്റ് ചർച്ച തുടങ്ങിയിട്ടില്ലെന്നുമാണ് ജോസ് കെ.മാണി പ്രതികരിച്ചത്.
മാണി സി.കാപ്പൻ ഐക്യമുന്നണി സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന് പി.ജെ.ജോസഫ് ഒരുമുഴം മുമ്പേ പറഞ്ഞുവെച്ചെങ്കിലും കാപ്പൻ അതിനോട് തന്ത്രപരമായാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. നിലവിൽ താൻ ഇടത് മുന്നണിയുടെ ഭാഗമാണെന്നും അഭിപ്രായം ജോസഫിന്റേതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. അതേസമയം ഈ ചർച്ചയോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാര്യമായി പ്രതികരിച്ചില്ല. മാണി സി.കാപ്പന്റെ മുന്നണിമാറ്റമുണ്ടായാൽ മാധ്യമങ്ങൾ അറിയുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിവാദത്തിൽ പങ്കുചേർന്ന പി.സി.ജോർജ് മാണി സി.കാപ്പന്റെ മുന്നണിമാറ്റ നീക്കം തിടുക്കപ്പെട്ടായെന്ന നിലപാടിലാണ്. അൽപ്പംകൂടി ക്ഷമിച്ചശേഷം വേണമായിരുന്നു കാപ്പൻ തീരുമാനം എടുക്കാനെന്നും അദ്ദേഹം പറഞ്ഞു. ഐക്യമുന്നണിയിലേക്ക് ചേരാനാണ് ജനപക്ഷത്തിന് താത്പര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളുമായും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പാലാ, പേരാമ്പ്ര, ഇരിങ്ങാലക്കുട എന്നീ സീറ്റുകളാണ് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ