പാലാ: സെന്റ് തോമസ് കോളേജിൽ സഹപാഠിയെ കഴുത്തറുത്തുകൊന്ന ശേഷവും അക്രമി അഭിഷേകിന് കൂസലില്ലായിരുന്നു എന്ന് ദൃക്‌സാക്ഷികൾ. ഇരുവരും തമ്മിലുള്ള വാക്കുതർക്കം ദൂരെ നിന്ന് കണ്ട സുരക്ഷാ ജീവനക്കാരൻ ഉദ്യോഗസ്ഥൻ അത് സാക്ഷ്യപ്പെടുത്തുന്നു. കൊലപാതകത്തിന് ശേഷം പൊലീസ് വരും വരെ ഇയാൾ കസേരയിൽ കയറി ഇരുന്നെന്നും സുരക്ഷാജീവനക്കാരൻ പറഞ്ഞു.

'ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്'- സെക്യുരിറ്റി പറഞ്ഞു.

അഭിഷേക് ബൈജുവും നിഥിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ചില സഹപാഠികൾ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

അഭിഷേക് പരീക്ഷാഹാളിൽ നിന്ന് നേരത്തെ ഇറങ്ങിയ ശേഷം പെൺകുട്ടിയെ കാത്തുനിൽക്കുകയായിരുന്നു എന്ന് ഇവർക്കൊപ്പം പരീക്ഷ എഴുതിയ സഹപാഠി ആദം പറഞ്ഞു.നിഥിനയും അഭിഷേകും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ആദം പറഞ്ഞു. ക്ലാസിൽ എല്ലാവരും തമ്മിൽ നല്ല അടുപ്പത്തിലായിരുന്നു. കോളേജിൽ വെച്ച് വഴക്കൊന്നും ഉണ്ടായിട്ടില്ല. അഭിഷേക് അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും സഹപാഠി പറഞ്ഞു.

കോളേജ് ഓഫീസിൽ വിവരം ലഭിച്ചതിനേ തുടർന്ന് ആശുപതിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഇതിന് മുമ്പ് യാതൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തിട്ടില്ല. അടുപ്പമുണ്ടെന്ന പറയുന്നുവെങ്കിലും ഇത് സംബന്ധിച്ച് വിവരങ്ങൾ ഇല്ലായിരുന്നുവെന്നും പ്രിൻസിപ്പൽ പറഞ്ഞു.

കോളേജിൽ അഭിഷേക് സഹപാഠിയെ വകവരുത്താൻ തയ്യാറെടുത്ത് വന്നതെന്ന് സൂചന. ഇയാൾ കൈയിൽ പേപ്പർ കട്ടർ കരുതിയിരുന്നു. പരീക്ഷ കഴിയാൻ വേണ്ടി കാത്തുനിൽക്കുകയായിരുന്നു അഭിഷേക്. ഹാളിൽ നിന്ന് പുറത്തേക്ക് വന്ന നിതിന കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുന്നതിനിടെ അഭിഷേക് കടന്നു വന്നു സംസാരിച്ചു. സംസാരം തർക്കമായതോടെ മുൻകൂട്ടി ഉറപ്പിച്ച രീതിയിൽ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. കോളജ് ഗേറ്റിന് അൻപത് മീറ്റർ അകലെ വച്ചായിരുന്നു സംഭവം.

പാലാ സെന്റ് തോമസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം. അദ്ധ്യാപകരും സഹപാഠികളും എല്ലാം ഞെട്ടലിലാണ്. കൊലയ്ക്ക് കാരണം പെട്ടന്നുള്ള പ്രകോപനമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നുവെന്നാണ് സഹപാഠികൾ പറയുന്നത്. നേരത്തെ തന്നെ പരീക്ഷഹാളിൽ നിന്നിറങ്ങിയ അഭിഷേക് നിഥിന പരീക്ഷ കഴിഞ്ഞ് ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ പെൺകുട്ടിയുമായി അഭിഷേക് ബൈജു സംസാരിക്കുകയും അത് തർക്കമായതിനെ തുടർന്ന് കൈയിൽ കരുതിയ പേപ്പർ കട്ടർ ഉപയോഗിച്ച് ചേർത്ത് നിർത്തി കഴുത്ത് അറുത്തുകൊലപ്പെടുത്തുകയായിരുന്നു.