കൂത്താട്ടുകുളം : പാലാ സെന്റ് തോമസിൽ സഹപാഠിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയ അഭിഷേക് പഞ്ചഗുസ്തി സംസ്ഥാന ചാമ്പ്യൻ.കൈക്കരുത്തിന്റെ വഴക്കമുള്ളവരാണ് അഭിഷേകിന്റെ കുടുംബം. പഞ്ചഗുസ്തിയിൽ അന്തർദേശീയ, ദേശീയ ചാമ്പ്യന്മാരാണ് മാതാപിതാക്കളായ ബിജുവും അനിതയും. പ്രാദേശിക മത്സരങ്ങളിലൂടെ സഹോദരിയും മികവുതെളിയിച്ചിട്ടുണ്ട്.

പാലക്കുഴ കോഴിപ്പിള്ളി ഉപ്പനായിൽ പുത്തൻപുരയിൽ ബൈജുമോൻ യു സി, ഭാര്യ സുനിത, മകൻ അഭിഷേക്, മകൾ അർച്ചന എന്നിവരാണ് പഞ്ചഗുസ്തിയുടെ ലോകത്തെ കുത്താട്ടുകുളത്തു നിന്നുള്ള താരങ്ങൾ.

മൂവാറ്റുപുഴ ശിവൻകുന്ന് സ്‌കൂളിലെ പഠനകാലത്ത് സുഹൃത്തുക്കൾക്കിടയിൽ കൗതുകത്തിനായിട്ടാണ് അഭിഷേകിന്റെ പിതാവ് ബൈജു പഞ്ചഗുസ്തി പഠനം ആരംഭിച്ചത്. പിന്നീട് ക്ലാസ് മുറിവിട്ട് മത്സരത്തിന്റെ ലോകത്തേക്ക് കടക്കുകയായിരുന്നു. 1990 ൽ മുവാറ്റുപുഴയിൽ നടന്ന ജില്ലാതല മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയാണ് ബൈജുമോൻ പഞ്ചഗുസ്ഥിയുടെ ലോകത്ത് നിലയുറപ്പിക്കുന്നത്. അന്ന് ആം സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.

തുടർന്ന് 1991 ൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബൈജു തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും, സ്ഥാനങ്ങൾ കരസ്ഥമാക്കി. 1997 ൽ സംസ്ഥാന തല മത്സരത്തിൽ ചാമ്പ്യനും, ചാമ്പ്യൻ ഓഫ് ചാമ്പ്യനുമായ ബൈജു മദ്ധ്യപ്രദേശിൽ നടന്ന ദേശീയ മത്സരത്തിൽ കേരള ടീം ക്യാപ്ടനായി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഇതേ വർഷം അസ്സമിൽ നടന്ന അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിക്കൊണ്ട് ഇന്ത്യക്ക് ഏക മെഡൽ നേട്ടം സമ്മാനിച്ചു.തുടർന്നുള്ള വർഷങ്ങളിൽ വിജയം ആവർത്തിച്ചുകൊണ്ടിരുന്ന ബൈജുവിന് റഷ്യയിലും, സ്‌പെയിനിലുമായി നടന്ന ലോകചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുവാൻ യോഗ്യത ലഭിച്ചിട്ടും സാമ്പത്തിക പരാധീനതകൾ മൂലം മത്സരിക്കുവാനായില്ല. പിന്നീട് 2013 ൽ പഞ്ചാബിൽ നടന്ന അന്തർദേശീയ മത്സരത്തിൽ 80 കിലോ മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ലോക ചാമ്പ്യനായി കരുത്ത് തെളിയിച്ചു.

2000ൽ വിവാഹിതനായ ബൈജു, തുടർന്ന് ജീവിത സഖിയായ സുനിതക്ക് പരിശീലനം നൽകി പഞ്ചഗുസ്തിയുടെ ലോകത്തേക്ക് കൈപിടിച്ചു. ഭർത്താവിന്റെ ശിക്ഷണത്തിൽ 2007ലും 2013ലും ദേശീയ ചാമ്പ്യനായ സുനിത 2013 ലെ ലോക ചാമ്പ്യൻഷിപ്പിൽ 75 കിലോ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്.

ഇതിനു പിന്നാലെ ഇവരുടെ മൂത്ത മകനും പാലാ സെന്റ് തോമസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയുമായ അഭിഷേകും പഞ്ചഗുസ്തിയുടെ ലോകത്തേക്ക് പ്രവേശിച്ചിരിക്കുകയായിരുന്നു. 13-ാം വയസിൽ മത്സര രംഗത്തേക്കെത്തിയ അഭിഷേക് 2017ൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ നാലാമത് എത്തിയിരുന്നു.

സംസ്ഥാനതല മത്സരത്തിൽ 75 കിലോ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഛത്തിസ്ഗഡിലെ ഫിലായിൽ നടക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നതിനായി അഭിഷേക് പരിശീലനവും നടത്തിയിരുന്നു. ഭാര്യക്കും മക്കൾക്കും പരിശീലനം നൽകുന്ന ബൈജുമോൻ സമീപവാസികളായ കുട്ടികളെയും പരിശീലിപ്പിച്ചിരുന്നു

കൂടുതൽ കുട്ടികളെ പഞ്ചഗുസ്തിയുടെ ലോകത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പഞ്ചഗുസ്തി അക്കാദമി സ്ഥാപിക്കുക എന്നതായിരുന്നു ബൈജുവിന്റെ സ്വപ്‌നം. പാഴ്‌സൽ സർവീസ് സ്ഥാപനങ്ങളുടെയും മറ്റും വാഹനമോടിച്ചാണ് ബൈജു കുടുംബം പുലർത്തിയിരുന്നത്.

ഇടക്കാലത്ത് ഇടമലയാർ ഫോറസ്റ്റ് റേഞ്ചിൽ ഗാർഡായും, മഹാരാജാസ് കോളേജിൽ നൈറ്റ് വാച്ച്മാനായും എംപ്ലോയ്മെന്റ് വഴി താൽക്കാലിക ജോലി നോക്കിയിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിലെ കൊലപാതകത്തിൽ മകൻ പ്രതിയായതോടെ ഇവർ വീട് വിട്ട്മാറിയിരിക്കുകയാണ്.