പാലാ: സെന്റ് തോമസ് കോളേജിൽ നിഥിനമോൾ കൊലക്കത്തിക്ക് ഇരയായപ്പോൾ ഒറ്റയ്ക്ക് ആയി പോയത് അമ്മ ബിന്ദുവാണ്. ഈ അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് നാട്ടുകാർക്ക് അറിയില്ല. നിഥിന മോൾ രാവിലെ ഹൃദ്രോഗിയായ അമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് ബസ്സ് കയറ്റി വിട്ടശേഷമാണ് പരീക്ഷയെഴുതാൻ കോളേജിലേക്ക് സ്‌കൂട്ടറിൽ പുറപ്പെട്ടത. പരീക്ഷ കഴിഞ്ഞിറങ്ങി ആദ്യം വിളിച്ച് അന്വേഷിച്ചതും മാതാവിന്റെ അസുഖത്തെക്കുറിച്ചായിരുന്നു.

ഈ സമയം ബിന്ദു മെഡിക്കൽ കോളേജിലായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് മാധ്യമങ്ങളിലൂടെ നിഥീന കൊല്ലപ്പെട്ട വിവരം പുറത്തുവന്നു. ഇതെത്തുടർന്ന് അലമുറയിട്ട് കൊണ്ട് ബിന്ദു ഓട്ടോയിൽ കോട്ടയത്തുനിന്നും മകളുടെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലയിലെ ആശുപത്രിയിലേയ്ക്ക് പുറപ്പെടുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ അമ്മയെ സഹായിക്കാൻ നിഥിന മോളും ചെറിയ ജോലികൾക്ക് പോയിരുന്നു. ടെക്സ്റ്റയിലുകളിൽ സെയിൽസ് ഗേളായി ജോലി നോക്കിയിരുന്നെന്ന് നാട്ടുകാർ പറയുന്നു.അമ്മ ബിന്ദുവിന്റെ തയ്യൽ ജോലിയാണ് പ്രധാന വരുമാന മാർഗ്ഗം. ഉത്സവ സീസണുകളിൽ അമ്മയും ടെക്സ്റ്റയിലുകളിൽ ജോലിക്കു പോകുമായിരുന്നു. പോകേണ്ട സ്ഥലങ്ങളിൽ സ്‌കൂട്ടറിൽ അമ്മയെ എത്തിക്കുന്നത് നിഥിന മോളായിരുന്നു.

ബിന്ദുവിന്റെ സ്വന്തം വീട് ഉദയനാപുരം പഞ്ചായത്തിലെ പടിഞ്ഞാറെക്കരയിലാണ്. നിഥിന മോളുടെ സംസ്‌കാര ചടങ്ങുകൾ ഇവിടെ നടത്തുന്നതിനാണ് ബന്ധുക്കളുടെ തീരുമനം. പാലയിലെ ആശുപത്രിയിൽ നിന്നും ബന്ധുക്കൾ ബിന്ദുവിനെ പിടിഞ്ഞാറെക്കരയിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്.

പിതാവ് വല്ലപ്പോഴും വീട്ടിലെത്താറുള്ളു. ഇയാളെ കുറിച്ച് കാര്യമായ വിവരമില്ല. പ്രളയത്തിൽ വീടു തകർന്നിരുന്നു. ജോയി ആലുക്കാസ് നിർമ്മിച്ചു നൽകിയ വീടാണ് ഇപ്പോഴുള്ളത്. തലയോലപ്പറമ്പ് പഞ്ചായത്ത് പത്താം വാർഡിൽ തുറയിൽ ഭാഗത്താണ് വീട്. പ്രാരാബ്ദങ്ങൾക്കിടയിലും മകളെ പഠിപ്പിച്ച് മിടുമിടുക്കിയാക്കാൻ കൊതിച്ച അമ്മ. ഒന്നിനും കുറവ് വരാതെ നോക്കുയും ചെയ്തു.

അത്യാവശ്യ സാധനങ്ങൾ വാങ്ങാൻ അമ്മയും മകളും സ്‌കൂട്ടറിലാണ് പുറത്തുപോയിരുന്നത്. ഇവരെക്കുറിച്ച് അയൽക്കാർക്കാരിൽ ഭൂരിപക്ഷം പേർക്കും കൃത്യമായ വിവരമില്ല. മകളുടെ ദാരുണ മരണമറിഞ്ഞ ബിന്ദു സമനില തെറ്റിയതുപോലെ പെരുമാറുന്നതായിട്ടാണ് അയൽവാസികൾ പറയുന്നത്. ആർക്കും അവരെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് അറിയില്ല. ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു നിഥിന മോൾ.

വൈക്കം, തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിതിന മോളാണ് (22) ദാരുണമായി കോളേജിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച കാലത്ത് 11.30 ഓടെയാണ് സംഭവം. കൂത്താട്ടുകുളം ഉപ്പാനിയിൽ പുത്തൻപുരയിൽ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയപ്പകയായിരുന്നു കൊലയ്ക്ക് കാരണം. ഫുഡ് ടെക്നോളജി വിഭാഗത്തിൽ കോഴ്‌സ് പൂർത്തിയാക്കിയ നിതിന പരീക്ഷയ്ക്ക് എത്തിയപ്പോഴായിരുന്നു കൊലപാതകം.

കോളേജ് വളപ്പിൽ കാത്തുനിന്ന യുവാവ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലെ ഞരമ്പറുത്തുകൊലപ്പെടുത്തുകയായിരുന്നു. മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പാലാ സെന്റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിതിനമോളും തമ്മിൽ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരൻ പറയുന്നു. പെട്ടെന്ന് അഭിഷേക്, നിതിനയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.

'ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്'- സെക്യുരിറ്റി പറഞ്ഞു.

അഭിഷേക് ബൈജുവും നിതിനമോളും അവസാന വർഷ ബിരുദ വിദ്യാർത്ഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. ഇന്ന് പരീക്ഷയ്ക്ക് വേണ്ടി എത്തിയതാണ് ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ്. പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു.