പാലാ: സ്വാതന്ത്ര്യ സമര സേനാനിയും നഗരസഭാ മുൻ ചെയർമാനും ആയിരുന്ന ചെറിയാൻ ജെ. കാപ്പനെ ആദരിക്കുന്നതിനായി പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിനു നൽകിയ പേര് ഒഴിവാക്കാൻ നടക്കുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ അഞ്ച് പ്രതിപക്ഷ കൗൺസിലർമാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. റോയി ഫ്രാൻസീസ്, സുഷമ രഘു, ജിജി ജോണി, പ്രസാദ് പെരുമ്പള്ളിൽ, സിജി പ്രസാദ് എന്നീ കൗൺസിലർമാരാണ് പരാതി നൽകിയിരിക്കുന്നത്.

പാലായിൽ സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധപ്പെട്ടു ജയിൽ ശിക്ഷ അനുഭവിച്ച സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ചെറിയാൻ ജെ. കാപ്പനെന്ന് കൗൺസിലർമാർ പരാതിയിൽ ചൂണ്ടിക്കാട്ടി. പാലാ നഗരസഭാ അധ്യക്ഷനും തിരുവിതാംകൂർ, തിരുകൊച്ചി നിയമസഭകളിൽ അംഗവും രണ്ടു തവണ പാർലെമെന്റംഗവുമായിരുന്നു അദ്ദേഹമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. 200510 കാലഘട്ടത്തിലാണ് ചെറിയാൻ ജെ.കാപ്പനെ ആദരിക്കുന്നതിനായി സ്റ്റേഡിയത്തിനു നഗരസഭാ കൗൺസിൽ തീരുമാനിച്ചത്. കെ.എം.മാണി സ്റ്റേഡിയം കവാടത്തിനു ചെറിയാൻ കാപ്പന്റെ പേർ നൽകി 2009 സെപ്റ്റംബർ 19നു ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്തിനു ചേർന്ന കൗൺസിൽ യോഗത്തിൽ സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ ഭരണകക്ഷി ശ്രമിച്ചതായും പ്രതിപക്ഷ എതിർപ്പിനെ നീക്കം മാറ്റി വയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യ സമര നേതാക്കളെ അപമാനിക്കാനുള്ള ഈ നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കൗൺസിലർമാർ മുന്നറിയിപ്പ് നൽകി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി, സ്പോർട്സ് വകുപ്പ് മന്ത്രി എന്നിവർക്കും പരാതികൾ നൽകിയിട്ടുണ്ട്.