കൊല്ലം: സ്റ്റേജിലേക്ക് കയറുമ്പോൾ തങ്കം കരയുക ആയിരുന്നു. 5000 മൈലുകൾ അപ്പുറത്തുനിന്നും ഒരു സംഘം പ്രവാസികൾ തന്നെ തേടി എത്തിയതിന്റെ സന്തോഷം. 300ൽ അധികം സിനിമകളിൽ അഭിനയിച്ച് വെള്ളിത്തിരയിലെ ശ്രദ്ധാകേന്ദ്രമായി തിളങ്ങിനിന്നിട്ടും ഒടുവിൽ സമ്പാദ്യങ്ങൾ ഒന്നുമില്ലാതെ ഒരു അനാഥാലയത്തിൽ ഒതുങ്ങി കൂടിയ പാലാ തങ്കത്തിന് പ്രവാസി മലയാളികളുടെ സ്‌നേഹം മറക്കാനാവാത്ത അനുഭവമായിരുന്നു. ബ്രിട്ടനിലെ മലയാളികളുടെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കലാഹാംഷെയർ വർഷം തോറും നൽകുന്ന ഗുരുവന്ദന പുരസ്‌കാരം സമർപ്പണത്തിന്റെ ഭാഗമായാണ് പാലാ തങ്കത്തെ കാണാൻ എത്തിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പഴയ കാലത്തെ കലാകാരന്മാരെ ആദരിക്കാനുള്ള പുരസ്‌കാരവും സഹായവുമാണ് ഇക്കുറി പാലാ തങ്കത്തെ തേടി എത്തിയത്.

പത്തനാപുരം ഗാന്ധിഭവനിൽ ആയിരത്തിലധികം അന്തേവാസികളുടെ അമ്മമാരിൽ ഒരാളായി കഴിയുന്ന പഴയ കാല നടിയായ പാലാ തങ്കത്തിന്റെ കഥ നേരത്തെ മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചിരുന്നു. ഈ വാർത്ത മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയും പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെ വാർത്തകൾ അറിഞ്ഞാണ് ബ്രിട്ടനിൽ നിന്നുള്ള സംഘടന പത്തനാപുരത്തെത്തിയത്. പാലാ തങ്കത്തിന് അവർ സമാഹരിച്ച പണം കൈമാറുകയും ചെയ്തു. കഴിഞ്ഞ വർഷം വിഡി രാജപ്പനായിരുന്നു പുരസ്‌ക്കാരം നൽകിയത്.

കഴിഞ്ഞ ദിവസം ഗാന്ധിഭവനിൽ വച്ച് നടന്ന ചടങ്ങിൽ പുരസ്‌ക്കാരം കൈപ്പറ്റാൻ സ്റ്റേജിലെത്തിയ തങ്കം ആദരവ് ഏറ്റുവാങ്ങി പൊട്ടിക്കരയുകയായിരുന്നു. കലയുടെ സാരഥികളായ ജിഷ്ണു ജ്യോതിയും സിബി മേപ്പുറത്തും കലയുടെ ഒരു സംഘം പ്രവർത്തകരും ചേർന്ന് പുരസ്‌ക്കാരം കൈമാറിയപ്പോൾ തങ്കത്തിന്റെ കണ്ണിൽ നിന്നും സ്‌നേഹത്തിന്റെ കണ്ണുനീർ നിർത്താതെ പ്രവഹിക്കുകയായിരുന്നു. തനിക്ക് കിട്ടിയ പുരസ്‌ക്കാരവും പണവും ആ ചടങ്ങിൽ വച്ച് തന്നെ ജാതിയും മതവുമില്ലാതെ ലോകത്തിനു വേണ്ടാത്ത ആർക്കും അഭയം നൽകുന്ന ഗാന്ധിഭവൻ സാരഥി പുനലൂർ സോമരാജന് കൈമാറി പാലാ തങ്കം വീണ്ടും മാതൃകയായി.

300 സിനിമകളിൽ അഭിനിയിക്കുകയും അന്യഭാഷാ സിനിമകൾ അടക്കം 3000ത്തിലധികം സിനിമകൾക്ക് ശബ്ദം നൽകുകയും ചെയ്ത അപൂർവ്വ പ്രതിഭയാണ് ഇപ്പോൾ പത്തനാപുരം ഗാന്ധിഭവനിൽ കഴിയുന്ന പാലാ തങ്കം. മക്കൾ പുറത്താക്കുന്നതിന് മുമ്പ് സ്വയം പുറത്തായ തങ്കത്തെ ഗാന്ധിഭവനിൽ എത്തിച്ചത് കെപിഎസ് സി ലളിതയാണ്. ചലച്ചിത്ര താരങ്ങളുടെ സംഘനയായ അമ്മയുടെ പെൻഷൻ കൈപ്പറ്റുന്നതൊഴിച്ചാൽ തങ്കത്തെ തിരിഞ്ഞു നോക്കാൻ ആർക്കും നേരമില്ല. സത്യനും മധുവിനും പ്രേംനസീറിനും ഒപ്പമെല്ലാം പാലാ തങ്കം അഭിനയിച്ചിട്ടുണ്ട്.

മുപ്പതാമത്തെ വയസിൽ ഇൻസ്‌പെക്ടറായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചിട്ടും തളരാതെ ജീവീതം കെട്ടിപ്പടുത്ത തങ്കം ഇപ്പോൾ ഇവിടെയാണ് ജീവിതം തള്ളിനീക്കുന്നത്. 12ാം വയസ്സിൽ ആലപ്പി വിൻസന്റിന്റെ 'കെടാവിളക്ക്' എന്ന സിനിമയിലൂടെയാണ് തങ്കം ചലച്ചിത്രരംഗത്ത് എത്തിയത്. ചിത്രത്തിൽ രണ്ടു ഗാനങ്ങൾ പാടുകയും സിനിമയിൽ നായകനായ സത്യന്റെ പെങ്ങളായി ഒരു ചെറിയവേഷം ചെയ്യുകയും ചെയ്ത തങ്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂറുകണക്കിന് ചിത്രങ്ങളിലാണ് പിന്നീട് തങ്കം വേഷമിട്ടത്. റബേക്ക, മറുനാട്ടിൽ ഒരു മലയാളി, കള്ളിച്ചെല്ലമ്മ, ആഭിജാത്യം, ടാക്‌സി കാർ, അച്ഛന്റെ ഭാര്യ, ഗംഗസ്സംഗമം, നൃത്തശാല, ആറടിമണ്ണിന്റെ ജന്മി, തീർത്ഥയാത്ര തുടങ്ങി ഒട്ടെറെ ചിത്രങ്ങളിൽ പാലാ തങ്കം വേഷമിട്ടിട്ടുണ്ട്.

സിനിമ മാത്രമല്ല, വിശ്വകേരള കലാസമിതിയുടെയും, ജ്യോതി തിയേറ്റേഴ്‌സിന്റെയും, കെ.പി.എ.സി.യുടെയും ഉൾപ്പെടെ മൂവായിരത്തോളം വേദികളിൽ നിരവധി നാടകങ്ങളിലൂടെയും തങ്കം ശ്രദ്ധേയയായി. കല്യാണം കഴിഞ്ഞെങ്കിലും ഭർത്താവ് തന്നെ പ്രോൽസാഹനത്തിൽ കലാരംഗത്ത് തങ്കം സജീവമായിരുന്നു. ഭർത്താവ് മരിച്ചതിനെതുടർന്ന് മൂന്നുമക്കളുടെ ജീവിതം കരുപിടിപ്പിക്കാനായി തങ്കത്തിന്റെ ശ്രമം. പിന്നീടുള്ള ജീവിതം അവർക്കുവേണ്ടിയുള്ളതായിരുന്നു. വിശ്രമമില്ലാതെ നാടകങ്ങളും സിനിമകളും. അഭിനയത്തിനൊപ്പം ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. സിനിമയിലെ തിരക്കുകൾ കാരണം മദ്രാസിലായിരുന്നു ജീവിതം. എന്നാൽ മക്കൾക്ക് കുടുംബമായതോടെ തങ്കം ഒറ്റയ്ക്കായി ഒടുവിൽ ഗാന്ധിഭവനിലെത്തുകയായിരുന്നു.

പുരസ്‌ക്കാര ചടങ്ങിനുശേഷം ഗാന്ധിഭവൻ ചുറ്റിക്കണ്ട ശേഷമാണ് കലാ പ്രവർത്തകർ മടങ്ങിയത്. ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാവരും സന്ദർശിക്കേണ്ട സ്വർഗ്ഗരാജ്യമാണ് ഗാന്ധിഭവൻ എന്നാണ് സിബി മേപ്പുറത്തും മകൾ ഫെമിയും ബ്രിട്ടീഷ് മലയാളിയോട് പറഞ്ഞത്. ഗാന്ധിഭവനെ സഹായിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രവാസിയായി ജോലി ചെയ്തിട്ട് കാര്യമില്ലെന്ന അഭിപ്രായമാണ് സിബിയുടേത്. അനാഥരും രോഗികളും വികലാംഗരും വയോധികരും ലോകത്തിനു വേണ്ടാത്ത ആരേയും രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന സ്ഥാപനമാണ് ഗാന്ധിഭവൻ. നേരത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ മാർച്ച് മാസത്തിൽ നടത്തിയ അപ്പീലിന്റെ ഭാഗമായി ലഭിച്ച പതിനൊന്ന് ലക്ഷം രൂപ ഗാന്ധിഭവന് കൈമാറിയിരുന്നു.

നിങ്ങൾക്കും ഗാന്ധിഭവനെ സഹായിക്കാം. ദൈവം പ്രതിഫലം നൽകുന്ന ഒരു പുണ്യപ്രവർത്തിയായിരിക്കും അത്. സഹായിക്കാൻ താൽപര്യമുള്ളവർ ചുവടെ കൊടുത്തിരിക്കുന്ന ഗാന്ധിഭവന്റെ അക്കൗണ്ട് തന്നെ ഉപയോഗിക്കുക.

  • Bank - South Indian Bank
    Branch - Pathanapuram
    Account number: 0481053000000530
    IFSE Code: SIBL0000481
    Gandhi Bhavan, Pathanapuram

    സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (15/08/15) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ