ലണ്ടൻ: ജനങ്ങൾക്കുനേരെ വാഹനമോടിച്ചുകയറ്റിയും കത്തിയുമായി ജനക്കൂട്ടത്തെ ആക്രമിച്ചും ഭീകരാക്രമണങ്ങൾ പതികുന്നതിനിടെ, ബക്കിങ്ങാം കൊട്ടാരത്തിന് മുന്നിൽ സായുധനായ അക്രമിയുടെ അഴിഞ്ഞാട്ടം. വലിയ വാളുമായി കൊട്ടാരത്തിന് മുന്നിലെത്തിയ യുവാവിനെ പൊലീസ് കീഴ്‌പ്പെടുത്തിയെങ്കിലും ആശങ്കയകന്നിട്ടില്ല. യുവാവിൻെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. പരിഭ്രാന്തരായ സന്ദർശകർ പരക്കം പാഞ്ഞു. ആളുകളെയെല്ലാം ഒഴിപ്പിച്ച് കൊട്ടാരത്തിന് മുന്നിലെ സുരക്ഷ അധികൃതർ വർധിപ്പിച്ചു.

രാത്രി എട്ടരയോടെയാണ് കൊട്ടാരത്തിന് മുന്നിൽ യുവാവ് അക്രമം കാട്ടിയത്. ഇയാൾ ആയുധധാരിയാണെന്ന് വ്യക്തമായതോടെ, പൊലീസ് കീഴടക്കാനുള്ള ശ്രമത്തിലായി. ഇതിനിടെയാണ് രണ്ടുപേർക്ക് നേരീയ പരിക്കേറ്റത്. ഇരുപതുകാരനായ യുവാവാണ് അക്രമം നടത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശാരീരികമായ ആക്രമണം നടത്തിയതിനും പൊലീസുദ്യോഗസ്ഥരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു.

പൊലീസിനുനേർക്ക് കാറോടിച്ച് കയറ്റാൻ ശ്രമിച്ചുവെന്നും അത് തടഞ്ഞതോടെയാണ് ആയുധവുമായി അവർക്കുനേരെ എത്തിയതെന്നും ദൃക്‌സാക്ഷികളിൽ ചിലർ പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്നത് വാളാണെന്നും വലിയ കത്തിയാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിലും പരക്കുന്നുണ്ട്.

ഒരു പൊലീസ് വാനും ഒരു പൊലീസ് കാറുമാണ് അവിടെയുണ്ടായിരുന്നതെന്നും പെട്ടെന്ന് മറ്റൊരു കാർ പൊലീസ് കാറിന് നേർക്ക് പാഞ്ഞടുത്തുവെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ കിയാന വില്യംസൺ പറഞ്ഞു. പൊലീസ് ഈ കാർ തടയുകയും യാത്രക്കാരനോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് യുവാവ് പൊലീസുമായി ഏറ്റുമുട്ടി. രണ്ട് പൊലീസുകാർക്ക് നിസാര പരിക്കുകളേറ്റു. ഒരു മിനിട്ടിനുശേഷം യുവാവ് റോഡരികിൽ അബോധാവസ്ഥയിൽ കാണപ്പെട്ടുവെന്നും കിയാന പറഞ്ഞു.

കൊട്ടാരത്തിന് മു്ന്നിലെ മാളിലേക്ക് പോവുകയായിരുന്നവരും സഞ്ചാരികളും പെ്‌ട്ടെന്നുണ്ടായ സംഭവത്തിൽ ഭയചകിതരായി. പൊലീസ് പെട്ടെന്ന് സംഭവസ്ഥലം വളയുകയും എല്ലാവരോടും ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. ആളുകളെ ഒഴിപ്പിച്ചശേഷം പൊലീസ് ബന്തവസ്സ് കൂടുതൽ ശക്തമാക്കുകയും ചെയ്തു.

സംഭവത്തിൽ മറ്റാരും ഉൾപ്പെടുകയോ മറ്റാർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്ന് മെട്രൊപൊലിറ്റൻ പൊലീസ് വ്യക്തമാക്കി. യുവാവിന്റെ കൈയിലുണ്ടായിരുന്ന ആയുധത്തിന്റെ സ്വഭാവമെന്താണെന്ന് വിശദമാക്കാൻ പൊലീസ് തയ്യാറായില്ല. ലണ്ടൻ ബ്രിഡ്ജിനടുത്ത് ഇകക്കൊല്ലമാദ്യമുണ്ടായ ഭീകരാക്രമണത്തിനുശേഷം സമാനമായ ആക്രമണം നേരിടേണ്ടിവരുമെന്ന ആശങ്ക എല്ലാ പൊലീസുകാർക്കുമുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു.

മാളിന് മുന്നിലുള്ള അഡ്‌മിറാൽറ്റി ആർച്ചിന് മുന്നിൽ സായുധ സംഘമായ ഡിപ്ലോമാറ്റിക് പ്രൊട്ടക്ഷൻ ഗ്രൂപ്പ് നിലയുറപ്പിച്ചിട്ടുണ്ട്. കൊട്ടാരത്തിന് മുന്നിൽനിന്ന് ഒരുമൈലോളം അകലെയാണ് സംഭവം നടന്നതെങ്കിലും, കൊട്ടാരത്തിലേക്കുള്ള റോഡ് സുരക്ഷാകാരണങ്ങളാൽ പൊലീസ് അടച്ചിരിക്കുകയയാണ്. പരിഭ്രാന്തരായ സന്ദർശകരെ, കാര്യം പറഞ്ഞ് മനസ്സിലാക്കി തിരിച്ചുവിടുന്ന തിരക്കിലായിരുന്നു ഒരുവിഭാഗം പൊലീസുദ്യോഗസ്ഥർ.