- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ബൈക്കിന്റെ നമ്പർ കണ്ടെത്തിയത് നിർണ്ണായകമായി; മേലേമുറിയിൽ ആർ എസ് എസുകാരനെ കൊന്ന ആറു പേരേയും തിരിച്ചറിഞ്ഞു; സുബൈറിനെ കൊന്നതിനുള്ള പ്രതികാരമെന്ന് എഫ് ഐ ആർ; പ്രതികളിൽ എസ് ഡി പി ഐ ഭാരവാഹികളുണ്ടെന്ന് സൂചന; സുബൈറിന്റെ കൊലയാളികളെ കണ്ടെത്താനും ശ്രമം; പാലക്കാട് അശാന്തമായി തുടരുമ്പോൾ
പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായ പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ കൊലപാതകം രാഷ്ട്രയ വൈരാഗ്യം മൂലമെന്ന് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോർട്ട്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പാറ ഏരിയാ പ്രസിഡന്റായ കുപ്പിയോട് സുബൈറിനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടാണ് ശ്രീനിവാസന്റെ കൊലപാതകം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതികൾ എത്തിയതെന്നും എഫ്ഐആറിൽ പറയുന്നു.
ആറ് പേരാണ് സംഘം ചേർന്നെത്തി കൊലപാതകം നടത്തിയത്. സുബൈറിന്റെ സുഹൃത്തുക്കളാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയമായ കൊലപാതകമാണെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രതികളുടെ പേരോ മറ്റു വിവരങ്ങളോ ഇല്ല. വാഹനത്തിന്റെ നമ്പറും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ വാഹനം എതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 1.10-ഓടെയാണ് പാലക്കാട് പട്ടണത്തിലെ മേലാമുറിയിൽ സെക്കൻഡ് ഹാൻഡ് ബൈക്കുവില്പന സ്ഥാപനത്തിൽ കയറി ശ്രീനിവാസനെ മൂന്നു ബൈക്കുകളിലായി എത്തിയ സംഘം വെട്ടിയത്. തലയ്ക്കും കാലിനും പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പ്രതികൾ പാലക്കാട്ടുകാർ തന്നെയാണ് എന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞതായാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ പ്രതികളെ തിരിച്ചറിയുന്നതിന് സഹാകരമായി എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളും ഇരുചക്രവാഹനത്തിന്റെ നമ്പരും പിന്തുടർന്നാണ് പൊലീസ് പ്രതികളിലേക്കെത്തിയത്. പോപ്പുലർ ഫ്രണ്ടിൽ ഭാരവാഹിത്വമുള്ളവരും നഗരപരിധിയിൽ ഉൾപ്പെടുന്നവരും സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീനിവാസന്റെ കൊലപാതകം അന്വഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. എ.ഡി.ജി.പി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് നടപടികൾ വിലയിരുത്തി. പാലക്കാട് നഗരത്തിലും തൊട്ടടുത്തുള്ള പിരായിരി പഞ്ചായത്തിലും ഉള്ളവരാണ് പ്രതികളെന്നാണ് പൊലീസ് നൽകുന്ന സൂചന. മൂന്ന് വാഹനങ്ങളിലായാണ് കൊലയാളി സംഘം വന്നത്. ഇതിൽ ഒരെണ്ണത്തിന്റെ നമ്പർ പൊലീസിന് ലഭിച്ചിരുന്നു. ഇതുവഴിയാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി. കൊലപാതകത്തിന് പൊലീസ് സഹായം നൽകിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പറഞ്ഞു. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഉന്നതതല ഗൂഢാലോചനയ്ക്ക് ശേഷമാണ് അക്രമികൾ കൃത്യം നടത്തിയിരിക്കുന്നത്. അക്രമികൾക്ക് വിദേശ സഹായവും ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് മുൻപായി പൊലീസ് പിക്കറ്റിങ് പിൻവലിച്ചിരുന്നു. ഇത് ദുരൂഹമാണെന്നും കൃഷ്ണകുമാർ പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രവർത്തകർ കൊലവിളി നടത്തുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് ഇത് അവഗണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിലവിൽ പത്ത് എസ്.ഡി.പി.ഐ പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. എന്നാൽ ഇവർ തന്നെയാണ് പ്രതികൾ എന്ന സൂചനകളൊന്നുമില്ല. നിലവിൽ പാലക്കാട് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ലോഡ്ജുകളിലും മറ്റും താമസിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ശ്രീനിവാസന്റെ വിലാപയാത്രയ്ക്ക് ശക്തമായ സുരക്ഷ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം. 24 മണിക്കൂറിനിടെയുണ്ടായ രണ്ട് കൊലപാതകങ്ങൾ തടയുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി വിമർശനമുയർന്നിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പള്ളിയിൽ പോയി പിതാവിനൊപ്പം ബൈക്കിൽ വീട്ടിലേക്കുമടങ്ങുകയായിരുന്ന സുബൈറിനെ കുപ്പിയോടിനുസമീപം കാറിടിച്ചുവീഴ്ത്തി അഞ്ചംഗസംഘം വെട്ടുകയായിരുന്നു. രണ്ടുകാറുകളിൽ എത്തിയ അക്രമിസംഘം, ബൈക്കിലിടിപ്പിച്ച കാർ ഉപേക്ഷിച്ചശേഷം രണ്ടാമത്തെ കാറിൽ രക്ഷപ്പെട്ടു. ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുബൈർ മരിച്ചു. പിതാവ് അബൂബക്കറിന് ബൈക്കിൽനിന്നുവീണ് നിസ്സാരപരിക്കേറ്റിരുന്നു.
പാലക്കാട് നാളെ സർവ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാകും യോഗം. നാളെ വൈകീട്ട് കളക്റ്റ്രേറ്റ് കോൺഫറൻസ് ഹാളിലാകും യോഗം. എല്ലാ രാഷ്ട്രീയ കക്ഷികളേയും യോഗത്തിലേക്ക് ക്ഷണിക്കുമെങ്കിലും ഏതെല്ലാം പാർട്ടികൾ പങ്കെടുക്കുമെന്ന് വ്യക്തമല്ല. എസ്ഡിപിഐയുമായി യാതൊരു സമാധാന ചർച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസം ബിജെപി നേതാക്കൾ പറഞ്ഞിരുന്നു. എത്രയും പെട്ടെന്ന് ഇരു കേസുകളിലെയും പ്രതികളെ പിടികൂടി ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് പൊലീസ് ശ്രമം.
എഡിജിപിയുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്ന് നടപടികൾ വിലയിരുത്തി. ശ്രീനിവാസിന്റെ കൊലയാളികൾ സഞ്ചരിച്ച മൂന്ന് ബൈക്കുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടാൻ സാധിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ