പാലക്കാട്: എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട കേസിൽ കൃത്യത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ 4 പേരെ പിടികൂടിയതായി സൂചന. എലപ്പുള്ളി, പാറ, കൊഴിഞ്ഞാമ്പാറ സ്വദേശികളാണു കസ്റ്റഡിയിലുള്ളത്. പ്രതികളിൽ 2 പേരെ ദൃക്‌സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരുടെ അറസ്റ്റ് ഉണ്ടായേക്കും. സുബൈറിനെ കൊല്ലാൻ കാർ വാടകയ്ക്ക് എടുത്തിയ രമേശനും അറസ്റ്റിലായെന്നാണ് സൂചന. അലിയാരുടെ കൈയിൽ നിന്ന് കാർ വാങ്ങിയത് രമേശനായിരുന്നു. ഈ കാറിലാണ് കൊലയ്ക്ക ശേഷം പ്രതികൾ രക്ഷപ്പെട്ടത്.

ഒരു വർഷം മുൻപു കൂട്ടുപാതയിൽ എസ്ഡിപിഐ പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിയ കേസിലെ പ്രതികളാണു പൊലീസ് കസ്റ്റഡിയിലുള്ള മറ്റു 2 പേർ. ഇവർ 2 മാസം മുൻപാണു ജാമ്യത്തിലിറങ്ങിയത്. ഇവരാണു വർക് ഷോപ്പിലായിരുന്ന കാർ നന്നാക്കി ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. പാറയിലുള്ള വർക്ഷോപ്പ് ഉടമയുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. കാർ വാടകയ്ക്കു നൽകിയ ചുട്ടിപ്പാറ സ്വദേശി അലിയാരുടെ മൊഴിയിൽ പറയുന്ന ബിജെപി പ്രാദേശിക നേതാവും കുടുങ്ങി. ഇയാൾ അറസ്റ്റിലായോ എന്നതിന് സ്ഥിരീകരണം ഇല്ല. സുബൈറിന്റെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഇയാളുടെ താമസം.

എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയത് 2021 നവംബർ 15-ന് കൊല്ലപ്പെട്ട ആർ.എസ്.എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിന് കണക്ക് തീർത്തതാണെന്ന രീതിയിലാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. സുബൈർ വധക്കേസിലെ കേസന്വേഷണം ഇപ്പോൾ എത്തിനിൽക്കുന്നത് മറ്റൊരു എസ്.ഡി.പി.ഐ. പ്രവർത്തകനായ സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളിലേക്കാണ്. ഈ കേസിൽ ജയിലിലായിരുന്ന പ്രതികൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്.

സമാധാന ചർച്ചയിലൂടെയോ മറ്റോ പരിഹരിക്കപ്പെടുമായിരുന്ന തർക്കമാണ് മൂന്ന് പേരുടെ ജീവൻ പൊലിയുന്ന രീതിയിലേക്ക് നയിച്ചതെന്ന തിരിച്ചറിവിലാണ് പാലക്കാടുകാർ. ആർ.എസ്.എസ്. പ്രവർത്തകനായ സഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് എസ്.ഡി.പി.ഐ. പ്രവർത്തകന്റെ ബൈക്കുമായി ഇടിക്കുകയും ഇത് സംബന്ധിച്ച് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് സഞ്ജിത്ത് നടത്തിയിരുന്ന ചായക്കട ചില പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കത്തിച്ചിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സക്കീർ ഹുസൈനുമായി തർക്കം ഉണ്ടായിരുന്നു.

ഇതിന്റെ തുടർച്ചയായാണ് രണ്ട് വർഷം മുൻപ് ഇരട്ടക്കുളം എന്ന സ്ഥലത്ത് വെച്ച് സക്കീർ ഹുസൈനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഈ കേസിൽ സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരുൾപ്പെടെ അഞ്ച് പ്രതികൾ ജയിലിലായി. സക്കീർ ഹുസൈനെ കൊലപ്പെടുത്താൻ ശ്രമിച്ചതിലെ പകയായിരുന്നു 2021 നവംബർ 15-ന് വാഹനം ഇടിച്ച് വീഴ്‌ത്തിയ ശേഷം ഭാര്യയുടെ മുന്നിൽവെച്ച് സഞ്ജിത്തിനെ കൊലപ്പെടുത്തിയ ക്രൂരസംഭവം. ജയിലിലുള്ള പ്രതികളെ ഇത് തകർത്തു. അവർ പുറത്തിറങ്ങി പ്രതികാരം വീട്ടിയതാണ് സുബൈറിന്റെ കൊല. ഇതിന് എസ് ഡി പി ഐയുടെ പ്രതികാരമായിരുന്നു പാലക്കാട്ടെ കൊല.

സുബൈറിന്റെ വധത്തിനു പിന്നാലെ 16നു മേലാമുറിയിൽ വച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു സംസ്‌കാരം നടത്തി. 3 ഇരുചക്ര വാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണു ശ്രീനിവാസനെ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ എത്തിയ വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസിലെ പ്രതികളെ പിടികൂടിയിട്ടില്ല. കൊലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു വാഹന ഉടമ സ്ത്രീയാണെങ്കിലും ഇവർക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു കണ്ടെത്തൽ. ഇവരുടെ വാഹനം ഒന്നിലേറെത്തവണ കൈമാറ്റം നടത്തിയതായും കണ്ടെത്തി. ഈ കേസിലെ പ്രതികൾ കേരളം വിട്ടുവെന്നാണ് സൂചന. കോയമ്പത്തൂർ വഴി കർണ്ണാടകത്തിൽ എത്താനുള്ള സാധ്യതയും ഏറെയാണ്. പാലക്കാട്ടുകാരാണ് കൊല നടത്തിയതെന്നാണ് സൂചന. രണ്ട് കൊലക്കേസിലേയും ഗൂഢാലോചനയിലേക്കും പൊലീസ് അന്വേഷണം നടത്തും. അതിനിടെ ഇന്നത്തെ സർവ്വ കക്ഷിയോഗം നിർണ്ണായകമാണ്.

24 മണിക്കൂറിനുള്ളിൽ 2 രാഷ്ട്രീയ അരുംകൊലകളെത്തുടർന്ന് അശാന്തിയിലായ പാലക്കാട് ജില്ലയിൽ സമാധാനം പുനഃസ്ഥാപിക്കാനാണ് ഇന്നു സർവകക്ഷിയോഗം. വൈകിട്ടു 3.30നു മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് ഹാളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്നു ബിജെപി, എസ്ഡിപിഐ നേതൃത്വം അറിയിച്ചു. ജില്ല കനത്ത പൊലീസ് സുരക്ഷയിലാണ്. നിരോധനാജ്ഞയും തുടരും. ഇനി തിരിച്ചടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കലാണ് സർവ്വ കക്ഷിയോഗത്തിന്റെ പ്രധാന ലക്ഷ്യം. സർവ്വകക്ഷി യോഗത്തിൽ ബിജെപിയും എസ് ഡി പി ഐയും പങ്കെടുക്കും.

എഡിജിപി വിജയ് സാഖറെ സ്ഥലത്തു ക്യാംപ് ചെയ്താണു സുരക്ഷ, അന്വേഷണ നടപടികൾ ഏകോപിപ്പിക്കുന്നത്. ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 5 ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. 2 കേസുകളിലും കൊലയാളി സംഘത്തെക്കുറിച്ചു പ്രധാന സൂചനകൾ ലഭിച്ചെന്നും കൊലപാതകങ്ങൾ തികച്ചും ആസൂത്രിതമാണെന്നും എഡിജിപി അറിയിച്ചു. കൊലപാതകത്തിൽ പൊലീസിനു വീഴ്ചയില്ലെന്നും ആസൂത്രിത കൊലപാതകങ്ങൾ തടയുക പ്രയാസമാണെന്നും അദ്ദേഹം പ്രതികരിച്ചു.