- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി പ്രതിമയിൽ ബിജെപിയുടെ പതാക; പ്രതിഷേധം ആരംഭിച്ചതോടെ അഴിച്ചു മാറ്റിയത് പൊലീസെത്തിയും; പാലക്കാട് നഗരസഭയിൽ വിവാദങ്ങൾക്ക് അവസാനമാകുന്നില്ല
പാലക്കാട്: ജയ് ശ്രീറാം ഫ്ലൈക്സ് വിവാദം കെട്ടടങ്ങുന്നതിനിടെ പാലക്കാട് നഗരസഭയിൽ വീണ്ടും വിവാദത്തിന് തിരികൊളുത്തി ബിജെപി. നഗരസഭയിലെ ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടി കെട്ടിയതാണ് ഇത്തവണ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. കൊടി പൊലീസെത്തി അഴിച്ചുമാറ്റി. ബിജെപിക്കെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ പ്രവർത്തകരെത്തി. അതേസമയം, സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന നിലപാടാണ് ബിജെപി നേതൃത്വം വ്യക്തമാക്കുന്നത്.
നഗരസഭയിൽ സ്ഥിരം കൗൺസിൽ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ വളപ്പിനുള്ളിലെ ഗാന്ധിപ്രതിമയിൽ ബിജെപി കൊടി പുതപ്പിച്ചിരിക്കുന്നെന്ന വിവരം പുറത്തു വന്നത്. ഇതേത്തുടർന്ന് കോൺഗ്രസ് കൗൺസിലർമാർ സ്ഥലത്തെത്തി പ്രതിഷേധസൂചകമായി മുദ്രാവാക്യം വിളിച്ചു. പൊലീസ് ഉടൻ തന്നെയെത്തി കൊടി അഴിച്ചുമാറ്റി.
ബിജെപി പ്രവർത്തകർ ആർഎസ്എസ് അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് പ്രതിമയിൽ കൊടി പുതപ്പിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. പൊലീസിൽ പരാതി നൽകുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ബിജെപി ആരോപണം നിഷേധിച്ചു. കൊടി പുതപ്പിച്ചതാരാണെന്ന് കണ്ടെത്താൻ ബിജെപിയും നഗരസഭ അധികൃതരും രേഖാമൂലം പരാതി നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രതിഷേധത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ഗാന്ധി പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. തുടർന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ ഫ്ലക്സ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങുന്നതിന് മുമ്പാണ് വീണ്ടുമൊരു വിവാദം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമാണ് പാലക്കാട് നഗരസഭാ കെട്ടിടം മൂടുംവിധം ബിജെപി–- ആർഎസ്എസ് പ്രവർത്തകർ ‘ജയ് ശ്രീറാം'എന്നെഴുതിയ വലിയ ബാനറും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ചിത്രംപതിച്ച് ‘വന്ദേമാതരം'എന്നെഴുതിയ ബാനറും കെട്ടിയത്. സർക്കാർ ഓഫീസുകളിലും പരിസരത്തും ചുമരെഴുതാനോ പോസ്റ്റർ ഒട്ടിക്കാനോ ബാനർ, കട്ട്ഔട്ട് എന്നിവ സ്ഥാപിക്കാനോ പാടില്ലെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരസ്യമായ ലംഘനമായിരുന്നു ഇത്.
മറുനാടന് ഡെസ്ക്