- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി
പാലക്കാട്: പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈറിന്റെ കൊലപാതകത്തിൽ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടൻ തന്നെ ഇവർ അറസ്റ്റിലാകുമെന്നും പ്രതികൾ പൊലീസിന്റെ നിരീക്ഷണ പരിധിയിലാണെന്നും വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.
ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ ഒളിവിലാണ്. കൊലയ്ക്ക് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രണ്ടുപേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇരട്ടക്കൊലപാതകത്തിൽ പങ്കാളിയായവരെ കണ്ടെത്തുന്നതിന് പുറമേ ഗൂഢാലോചനയിലും മറ്റും പങ്കെടുത്തവരെയും കണ്ടെത്തേണ്ടതുണ്ട്. വാഹനം എത്തിച്ചവർ അടക്കം കുറ്റകൃത്യത്തിൽ ഏതെങ്കിലും വിധത്തിൽ പങ്കാളിയായവരെയെല്ലാം കണ്ടെത്തും. ഇരട്ടക്കൊലപാതകത്തിൽ പ്രതികൾക്ക് എസ്ഡിപിഐ, ആർഎസ്എസ് ബന്ധമുണ്ടെന്നും വിജയ് സാക്കറെ വ്യക്തമാക്കി.
്അതേസമയം ആർഎസ്എസ്, പോപുലർ ഫ്രണ്ട് നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെ കണ്ടെത്താൻ ഫോൺവിളികൾ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കൊലപാതകങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 30ഓളം പേരുടെ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവ സൈബർ സെല്ലിന് കൈമാറി. ഇന്ന് സമാധാനയോഗം നടക്കുന്ന പശ്ചാത്തലത്തിൽ ജില്ലയിലെങ്ങും കനത്ത സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ഇന്ന് വൈകീട്ട് 3.30ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് സർവകക്ഷി സമാധാനയോഗം ചേരുക. പോപുലർ ഫ്രണ്ട് എലപ്പുള്ളി ഏരിയ പ്രസിഡന്റ് സുബൈറിന്റെ വധത്തിൽ പ്രതികളെന്ന് സംശയിക്കുന്ന നാലുപേർ പൊലീസ് കസ്റ്റഡിയിലുണ്ട്. ആർഎസ്എസ് പ്രവർത്തകരായ ജിനീഷ്, സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരാണിത്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവർ എസ്.ഡി.പി.ഐ പ്രവർത്തകനായ സക്കീർ ഹുസൈനെ എരട്ടക്കുളത്തുവെച്ച് വധിക്കാൻ ശ്രമിച്ച കേസിലെ പ്രതികളാണ്. റിമാൻഡിലായിരുന്ന ഇവർ ഒരു മാസം മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്.
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വധിക്കാൻ എത്തിയ ബൈക്കുകളിൽ ഒന്നിന്റെ നമ്പറും ഉടമയേയും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് സ്ത്രീയുടെ പേരിലുള്ളതാണ്. ഇവർ വായ്പ ആവശ്യത്തിനായി ബൈക്ക് മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പാലക്കാട് നഗരത്തിലും സമീപ പഞ്ചായത്തുകളിലുമുള്ളവരാണ് പ്രതികൾ എന്നാണ് സൂചന.
പോപുലർ ഫ്രണ്ട് നേതാവ് സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ശ്രീനിവാസനെ വധിച്ചതെന്ന് ടൗൺ നോർത്ത് പൊലീസ് തയാറാക്കിയ എഫ്.ഐ.ആറിലുണ്ട്. തമിഴ്നാട് ആംഡ് പൊലീസ് ഉൾപ്പെടെ 1500ഓളം പൊലീസുകാരുടെ സംരക്ഷണ വലയത്തിലാണ് പാലക്കാട് നഗരം. ജില്ലയിൽ 20 വരെ നിരോധനാജ്ഞ തുടരും.
മറുനാടന് മലയാളി ബ്യൂറോ