പാലക്കാട്: പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പാലക്കാട് ന​ഗരസഭയിൽ നാടകീയ രംഗങ്ങൾ. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗൺസിലർമാർ ജയ് ശ്രീറാം വിളിച്ചതിനെ തുടർന്ന് സിപിഐഎം കൗൺസിലർമാർ ദേശീയ പതാകയുമായി പ്രതിഷേധിച്ചു. ദേശീയ പതാകയും മുദ്രാവാക്യങ്ങളുമായി സിപിഎമ്മും നഗരസഭക്ക് പുറത്ത് ജയ്ശ്രീറാം വിളികളുമായി ബിജെപിയും രംഗത്തെത്തിയതോടെ സംഘർഷ സാധ്യത ഉടലെടുത്തു.

സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബിജെപി അംഗങ്ങൾ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സിപിഎം അംഗങ്ങൾ ദേശീയ പതാക ഉയർത്താൻ ശ്രമിച്ചു. എന്നാൽ നഗരസഭക്ക് അകത്ത് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ആകില്ലെന്ന് പൊലീസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ് ശ്രീറാം വിളികളോടെ ബിജെപി അംഗങ്ങളും പ്രവർത്തകരും നേരിട്ടതോടെ സംഘർഷ സാധ്യതയായി. പൊലീസ് വളരെ അധികം ജാഗ്രതയെടുത്താണ് സംഘർഷ സാധ്യത ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പാലക്കാട് നഗരസഭയിൽ ഏർപ്പെടുത്തിയിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയിരുന്നു. ഇതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളുടെ തുടർച്ചയാണ് ഇന്ന് നടന്നത്. വിഷയത്തിൽ പ്രതിഷേധമുർത്തി സിപിഐഎമ്മും കോൺഗ്രസുമുൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയുരുന്നു. മാത്രമല്ല നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

അതേസമയം ബിജെപി പ്രവർത്തകരുടെ പ്രകടനത്തെ പിന്തുണച്ച് കൊണ്ട് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവർത്തകരുടെ ഈ നടപടിയ്‌ക്കെതിരെ വ്യാപകവിമർശനമുയർന്നിരുന്നു. തുടർന്ന് ഇന്ന് ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഡിവൈഎഫ് ഐ പ്രവർത്തകർ ദേശീയ പതാക നഗരസഭ കാര്യാലയത്തിന് മുകളിൽ ഉയർത്തിയിരുന്നു.