പാലക്കാട്: പുതുപ്പരിയാരം ഓട്ടൂർക്കാട് വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ രണ്ടാമത്തെ മകൻ സനൽ (29) പൊലീസ് പിടിയിൽ. കൊലപാതകം നടന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായി കരുതപ്പെടുന്ന സനലിനെ ഇന്നലെ മുതൽ കാണാതായിരുന്നു. ഫോണും സ്വിച്ച് ഓഫ് ആയിരുന്നു.

മൈസൂരിൽ ഒളിവിൽ പോയിരുന്ന പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പുതുപ്പരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു.

രാത്രി വൈകി സഹോദരൻ സുനിലിനെ സനൽ ഫോൺ ചെയ്തു. വീട്ടിൽ മോഷണശ്രമം ഉണ്ടായതായും അമ്മയും അച്ഛനും കൊല്ലപ്പെട്ടതായും സുനിൽ ചേട്ടനോട് പറഞ്ഞു. കർമം ചെയ്യാൻ വീട്ടിലേക്ക് വരാനും സനലിനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് സനലിനെ പിടികൂടി പൊലീസിൽ ഏൽപിച്ചത്. കൂടുതൽ അന്വേഷണത്തിനായി സനലിനെ ആലത്തൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

രാവിലെ 7.30 ഓടെയാണ് സനൽ വീട്ടിലെത്തിയതെന്ന് അയൽവാസികൾ പറയുന്നു. ഓട്ടോയിലാണ് വന്നത്. ഗേറ്റ് പൂട്ടിയിട്ടത് കണ്ട് തിരികെ പോകാനൊരുങ്ങി. ഉടനെ പൊലീസിൽ വിവരമറിയിക്കുകയും പൊലീസിന്റെ നിർദ്ദേശ പ്രകാരം ഓട്ടോയെ പിന്തുടർന്നാണ് പ്രതിയെ പിടികൂടിയതെന്ന് നാട്ടുകാർ പറയുന്നു. ചെറുത്തുനിൽപ്പ് കൂടാതെയാണ് പ്രതി കീഴടങ്ങിയതെന്നും അയൽവാസി ശ്രീഹരി പ്രതികരിച്ചു.

ഇന്നലെ രാവിലെയോടെയാണ് യൂരം വീട്ടിൽ ചന്ദ്രൻ (64), ഭാര്യ ദൈവാന (ദേവി 52)യേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിൽ കട്ടിലിലും ദൈവാനയുടെയുടേതു ഹാളിലുമാണു കണ്ടെത്തിയത്.

എറണാകുളത്തുള്ള മകൾ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്.

ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. കൃത്യം നടന്നതിന് ശേഷം സനൽ ഒളിവിൽ പോവുകയായിരുന്നു.

റെയിൽവേ മെയിൽ സർവീസിൽ (ആർഎംഎസ്) നിന്നു വിരമിച്ച ചന്ദ്രനും കുടുംബവും വർഷങ്ങളായി ഇവിടെയാണു താമസം. മൂത്ത മകൾ സൗമിനി ഭർത്താവിനൊപ്പം കൊച്ചിയിലാണ്. ഇളയ മകൻ സുനിലും ഇവരോടൊപ്പമാണ്. സനൽ മുംബൈയിലെ ഒരു ജൂവലറിയിൽ ജോലി ചെയ്തു വരികയായിരുന്നു.

കോവിഡ് കാലത്തു ജോലി നഷ്ടമായതോടെ 6 മാസം മുൻപു നാട്ടിലേക്കു മടങ്ങി. ഇതിനു ശേഷം ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. കഴുത്തിലും തലയിലും ഉൾപ്പെടെ ആഴത്തിൽ വെട്ടുകൊണ്ടതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചെന്ന സംശയം പൊലീസിൽ ബലപ്പെടുത്തിയിട്ടുണ്ട്.