- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നത് ആറ് പേർ; മേലാമുറിയിൽ 'എസ്.കെ.എസ്. ഓട്ടോസിന്' മുന്നിൽ എത്തിയത് മൂന്ന് ബൈക്കുകളിലായി; മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടി; കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്; കൊലപാതകങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും; കരുതൽ അറസ്റ്റിന് നിർദ്ദേശം
പാലക്കാട്: ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കടയിൽ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ശ്രീനിവാസനെ കൊല്ലാൻ എത്തിയ സംഘത്തിൽ ആറ് പേർ ഉണ്ടായിരുന്നു എന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ശ്രീനിവാസന്റെ 'എസ്.കെ.എസ്. ഓട്ടോസിന്' മുന്നിൽ നിർത്തി. ഈ സമയം മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളിൽ തന്നെ സംഘം തിരിച്ച് പോകുകയുമായിരുന്നു. ഈ ദൃശ്യങ്ങളാണ് സിസി ടിവിയിൽ തെളിഞ്ഞിരിക്കുന്നത്.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു. മൂന്നു ബൈക്കുകളിലായെത്തിയത് ആറുപേർ. പിന്നിലിരിക്കുന്നവർ ഹെൽമെറ്റ് ധരിച്ചിരുന്നില്ല. ഇവരുടെ ബൈക്കിന്റെ നമ്പർ ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളെ വളരെ വേഗത്തിൽ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
'ഞങ്ങൾ കാണുമ്പോൾ തലക്കും കാലിനും നെറ്റിയിലും മുഖത്തുമെല്ലാം വെട്ടേറ്റ് കിടക്കാണ്. ഗുരുതരമായ പരിക്കാണ് അദ്ദേഹത്തിന് ഏറ്റത്' പാലക്കാട് മേലാമുറിയിൽ വെട്ടേറ്റ് മരിച്ച ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചവർ ഇങ്ങനെയാണ് പറഞ്ഞിരുന്നത്. സെക്കനന്റ് ബൈക്ക് ഷോറൂം കട നടത്തുന്ന വ്യക്തിയാണ് ശ്രീനിവാസൻ. ആ സമയത്ത് ശ്രീനിവാസൻ മാത്രമേ കടയിലുണ്ടായിരുന്നൊള്ളൂ. കടയിൽ കയറിയാണ് വെട്ടിയത് എന്നാണ് അറിഞ്ഞതെന്നും ഇവർ പറഞ്ഞിരുന്നു. ഇന്ന് ഉച്ചക്കാണ് ആർഎസ്എസ് നേതാവായ ഇദ്ദേഹം വെട്ടിക്കൊല്ലപ്പെട്ടത്.
കഴിഞ്ഞദിവസം എലപ്പുള്ളിയിലെ കൊലപാതകത്തിന്റെ ഞെട്ടൽ മാറുംമുമ്പേയാണ് പാലക്കാട് നഗരത്തോട് ചേർന്ന മേലാമുറിയിൽ രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. അക്രമികൾ ആദ്യം കാലിലാണ് വെട്ടിയത്. പിന്നാലെ വയറിലും മറ്റുഭാഗങ്ങളിലും തുരുതുരാ വെട്ടി. ആക്രമണത്തിന് ശേഷം ആറംഗസംഘം സ്കൂട്ടറുകളിൽ തന്നെ രക്ഷപ്പെട്ടതായും നാട്ടുകാർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീനിവാസനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ പത്തുവർഷത്തോളമായി ശ്രീനിവാസൻ മേലാമുറിയിൽ ഓട്ടോ കൺസൾട്ടിങ് സ്ഥാപനം നടത്തിവരികയാണ്. നേരത്തെ മാവേലിക്കരയിലും ബാലുശ്ശേരിയിലും ആർ.എസ്.എസിന്റെ പ്രചാരകനായിരുന്നു. പാലക്കാട് നഗരത്തിലും ജില്ലയിലെ മറ്റിടങ്ങളിലും സുപരിചിതനായിരുന്നു ശ്രീനിവാസനെന്ന് യുവമോർച്ച നേതാവ് നവീൻ പ്രതികരിച്ചു. ഒരു പ്രശ്നങ്ങൾക്കും പോകാത്ത ആളായിരുന്നു. ശ്രീനിവാസന്റെ പേരിൽ പെറ്റിക്കേസ് പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് ബിജെപി.യുടെ ആരോപണം. എലപ്പുള്ളിയിലെ കൊലപാതകത്തിന് പിന്നാലെ എസ്.ഡി.പി.ഐ. പ്രവർത്തകർ കൊലവിളി നടത്തിയതായും സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും ബിജെപി. നേതാക്കൾ പ്രതികരിച്ചു.
പാലക്കാടുണ്ടായ രണ്ട് കൊലപാതകങ്ങളുടെയും പശ്ചാത്തലത്തിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനിൽ കാന്ത് വ്യക്തമാക്കി. ഉത്തര മേഖല ഐജി ക്യാമ്പ് ചെയ്ത് അന്വേഷണ പുരോഗതിക്ക് നേതൃത്വം നൽകും. അക്രമ സംഭവങ്ങൾ തുടരാതിരിക്കാൻ എല്ലാ വിധ നടപടികളും സ്വീകരിക്കുമെന്നും കരുതൽ അറസ്റ്റ് ഉൾപ്പെടെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.
ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി വിജയ് സാഖറെയെ പാലക്കാടേക്ക് വിട്ടു. ഇവിടെ ക്യാമ്പ് ചെയ്തുകൊലപാതകങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടി മേൽനോട്ടം വഹിക്കാനാണ് നിർദ്ദേശം. കൂടുതൽ പൊലീസുകാരെയും ജില്ലയിൽ വിന്യസിക്കും. എറണാകുളം റൂറലിൽ നിന്നും ഒരു കമ്പനി സേന പാലക്കാടെത്തും. കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ