പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പാലക്കാട് ബിജെപി ഓഫീസിന് മുന്നിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ് ശേഖരിച്ചത്.

മൂന്ന് ബൈക്കുകൾക്ക് പുറമെ കാറും ഉപയോഗിച്ചായിരുന്നു അക്രമി സംഘം മേലാമുറിയിലേക്ക് പോയത്. സംഘത്തിന്റെ പക്കലുണ്ടായിരുന്ന ചുവന്ന സ്വിഫ്റ്റ് കാറിലാണ് ആയുധങ്ങൾ കരുതിയിരുന്നത്. മേലാമുറിക്കടുത്ത് വച്ചാണ് ആയുധങ്ങൾ അക്രമി സംഘത്തിന് കൈമാറിയത്.

പ്രാഥമിക അന്വേഷണത്തിൽ പട്ടാമ്പി രജിസ്‌ട്രേഷനിലുള്ള കാർ ആണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നമ്പർ വ്യാജമാകാമെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കാനുള്ള നടപടികൾ ആണ് പുരോഗമിക്കുന്നത്. കൃത്യം നടത്തിയ ശേഷം പ്രതികൾ ഈ കാറിലാണ് രക്ഷപ്പെട്ടതെന്നും സംശയിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് പ്രതികളുപയോഗിച്ച വെള്ള ആക്ടീവ സ്‌കൂട്ടർ ഇന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ തടുക്കശ്ശേരി മുളയംകുഴി പള്ളി മഖാമിലെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെയാണ് വാഹനം കണ്ടെത്തിയത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളുടെ വീടുകളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ചിലർ കസ്റ്റഡിയിലായെന്നാണ് സൂചന. അതിനിടെ ഇന്നലെ അറസ്റ്റിലായ കൊലപാതകത്തിൽ നേരിട്ട് പങ്കാളിയായ അബ്ദുൾ ഖാദർ എന്ന ഇക്‌ബാലിന്റെ തെളിവെടുപ്പ് തുടരുകയാണ്. പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന കോങ്ങാട് മേഖലയിലാണ് തെളിവെടുപ്പ്. ഒമ്പത് പേരെയാണ് ഇതുവരെ കേസിൽ അറസ്റ്റ് ചെയ്തത്. അതേസമയം, സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം അന്വേഷണ സംഘം തുടങ്ങും.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് അഞ്ച് പേരേക്കുറിച്ചും കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് ഐ ജി അശോക് യാദവ് പറഞ്ഞിരുന്നു. ഇന്നലെ പട്ടാമ്പി, തൃത്താല മേഖലയിലെ പോപ്പുലർ ഫ്രണ്ട് ശക്തി കേന്ദ്രങ്ങളിൽ പൊലീസ് വ്യാപക പരിശോധന നടത്തിയിരുന്നു. അതേസമയം സുബൈർ വധക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളുടേയും തിരിച്ചറിയൽ പരേഡ് നടത്താനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി റിമാന്റിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ അടുത്ത ദിവസം കോടതിയിൽ നൽകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

നിലവിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇക്‌ബാൽ മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. ബാക്കിയുള്ള അഞ്ച് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതികൾ ജില്ലയ്ക്കകത്തുതന്നെയുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ പള്ളികളിൽ അടക്കം അഭയം തേടിയതായി നേരത്തെ സൂചനകൾ പുറത്തുവന്നിരുന്നു.

കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം കൊണ്ടുവന്ന ഓട്ടോ, പ്രതികളുടെ മൊബൈൽ ഫോൺ, വാഹനങ്ങൾ എന്നിവ ശംഖുവാരത്തോട് മസ്ജിദ് പരിസരത്ത് നിന്നാണ് പിടികൂടിയത്. ഇതിന് പുറമേ പ്രതികളിൽ ഒരാൾക്ക് ഇവിടെ അഭയം നൽകുകയും ചെയ്തിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഇക്‌ബാൽ ഒളിവിൽ കഴിഞ്ഞതും തടുക്കശ്ശേരി മസ്ജിദിൽ ആണ്.

പ്രതികളുപയോഗിച്ച വെള്ള ആക്ടീവ സ്‌കൂട്ടർ മണ്ണൂർ മുളയംകുഴിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് പുറകിൽ നിന്നാണ് കണ്ടെത്തിയത്. ശ്രീനിവാസനെ കൊലപ്പെടുത്താൻ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു.

ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ 4 പേരാണ് പിടിയിലായത്. കേസിൽ 16 പേർ പ്രതികളാകുമെന്ന് ഇപ്പോൾ കരുതുന്നു. ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട അന്നാണ് കൊലപാതകം പദ്ധതിയിട്ടത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് പുറകിൽ ഇരുന്നാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത് എന്നും എഡിജിപി അറിയിച്ചിരുന്നു.

വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.