പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കൊലയാളി സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. ആറംഗ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട പട്ടാമ്പി സ്വദേശിയാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഗൂഢാലോചനയിലെ പങ്കാളികളടക്കമാണ് 17 പേർ പിടിയിലായത്.

കേസിൽ ഉൾപ്പെട്ട നിർണായക വ്യക്തിയാണ് പിടിയിലായതെന്ന് അന്വേഷണ സംഘം പറയുന്നു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊല നടത്തിയത്. ഇവരിൽ മൂന്ന് പേർ ബൈക്കോടിച്ചപ്പോൾ മറ്റ് മൂന്ന് പേർ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ സംഘത്തിൽപ്പെട്ട ഒരാളാണ് പിടിയിലായത്. നേരിട്ട കൊലയിൽ പങ്കെടുത്ത ഒരാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാമത്തെ ആളാണ് ഇപ്പോൾ പിടിയിലായ പട്ടാമ്പി സ്വദേശി. ഇയാൾ പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണെന്നും പൊലീസ് പറയുന്നു. അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒരാൾ കൂടിയും വാഹനമോടിച്ച ഒരു വ്യക്തിയുമാണ് ആറംഗ സംഘത്തിൽ ഇനി പിടിയിലാകാൻ ബാക്കിയുള്ളത്. വെട്ടിയ രണ്ടാമനേയും പിടിച്ചോതെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. കൃത്യത്തിനായി ഇവർ ഉപയോഗിച്ചിരുന്ന വാഹനവും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ബാക്കിയുള്ള രണ്ട് പേർ ജില്ലയിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

മൂന്ന് ബൈക്കുകളിലായി ആറംഗ സംഘമാണ് പട്ടാപ്പകൽ നഗരമധ്യത്തിലെ കടയിൽ കയറി ശ്രീനിവാസനെ കൊലപ്പെടുത്തിയത്. ഇവർ എത്തുന്നതിന് മുൻപ് തന്നെ മേലാമുറിയിൽ സഹായികളായി ചിലർ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങൾ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതും ഇവരായിരുന്നു. ഈ സംഘത്തിലെ നാല് പേർ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇവരിൽ നിന്നടക്കം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പ്രതികളിലേക്കെത്തിയത്.

ശ്രീനിവാസൻ വധക്കേസിലെ പ്രതികൾ എത്തിയ ബൈക്ക് പൊളിച്ചതായി സംശയമുയർന്നിട്ടുണ്ട്. ഇതേത്തുടർന്ന് പട്ടാമ്പി ഓങ്ങലൂരിലെ പഴയ മാർക്കറ്റുകളിലെ വർക്ക് ഷോപ്പുകളിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്‌പി അനിൽ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

ഏപ്രിൽ 16-ാം തീയതി ഉച്ചയ്ക്കാണ് എസ്ഡിപിഐ പ്രവർത്തകരുടെ സംഘമെത്തി ശ്രീനിവാസനെ വെട്ടിക്കൊന്നത്. വാളുകളുമായി എത്തിയ സംഘം കടയ്ക്ക് അകത്ത് നിൽക്കുകയായിരുന്ന ശ്രീനിവാസനെ വെട്ടുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ മരണത്തിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. സുബൈറിന്റെ പോസ്റ്റുമോർട്ടത്തിന് പിന്നാലെ ആശുപത്രിയിൽ നിന്നാണ് സംഘം എത്തി ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.