പാലക്കാട്: പാലക്കാട് നഗരസഭ പിടിച്ചെടുക്കാനുള്ള കോൺഗ്രസ് മോഹത്തിന് അവരുടെ തട്ടകത്തിൽ തന്നെ കെണിയൊരുക്കി പൊളിച്ചടുക്കി ബിജെപിയുടെ ചാണക്യതന്ത്രം.
സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നിന്നും ബിജെപിയെ തള്ളി താഴെയിടാനുള്ള്ള്ള കോൺഗ്രസിന്റെ നീക്കം പാളി. സിപിഎമ്മിനെ കൂട്ടുപിടിച്ചു കൊണ്ട് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് കൊണ്ടു വന്ന അവിശ്വാസത്തിന് സ്വന്തം തട്ടകത്തിൽ നിന്നു തന്നെ തിരിച്ചടി കിട്ടിയതോടെയാണ് അവിശ്വാസ പ്രമേയത്തിനുള്ള നീക്കം ചീറ്റിപ്പോയത്. ബിജെപിയെ താഴെയിറക്കാനുള്ള അവിശ്വാസം ഇന്നു രാവിലെ ചർച്ചയ്‌ക്കെടുക്കവെ കോൺഗ്രസ് കൗൺസിലർ വി.ശരവണൻ നാടകീയമായി നഗരസഭാംഗത്വം രാജിവെച്ചതാണ് കോൺഗ്രസിന് തിരിച്ചടിയായത്. ഇന്നു രാവിലെയാണ് കൽപ്പാത്തി കൗൺസിലറായ ശരവണൻ രാജിക്കത്ത് സെക്രട്ടറിക്കു കൈമാറിയത്. ഇതോടെ അവിശ്വാസം പരാജയപ്പെടുകയായികുന്നു.

ബിജെപി ഭരണസമിതിക്കെതിരായ അവിശ്വാസം ചർച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പാണ് രാജി. ഇതോടെ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് കഴിഞ്ഞുള്ള രാഷ്ട്രീയം ഏറെ സങ്കീർണമായി. അധ്യക്ഷക്കെതിരെയുള്ള അവിശ്വാസം പ്രമേയം രാവിലെ ഒമ്പതിനും ഉപാധ്യക്ഷനെതിരെയുള്ളത് വൈകുന്നേരം മൂന്നിനും ചർച്ചയ്ക്ക് എടുക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ ശരവണൻ രാജിവെച്ചതോടെ കോൺഗ്രസും സിപിഎമ്മും പെട്ടുപോയി. സ്വന്തം പാളയത്തിൽ നിന്നുള്ള രാജി കോൺഗ്രസിനെയും യുഡിഎഫിനേയും സംബന്ധിച്ച് വലിയ തിരിച്ചടിയാണ് നൽകിയത്.

52 അംഗ നഗരസഭയിൽ ബിജെപി 24, കോൺഗ്രസ് 13, മുസ്ലിം ലീഗ് 4, സിപിഎം 9, വെൽഫെയർ പാർട്ടി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയാണു കക്ഷിനില. അവിശ്വാസം പാസാകാൻ 27 അംഗങ്ങളുടെ പിന്തുണ വേണം. യുഡിഎഫ് അവിശ്വാസത്തെ സിപിഎമ്മും വെൽഫെയർ പാർട്ടിയും പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസ് അംഗം രാജിവച്ചതോട 26 വോട്ടു മാത്രമേ ലഭിക്കൂ. ഈ സാഹചര്യത്തിൽ അവിശ്വാസം പാസാകില്ല. സംസ്ഥാനത്തു ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയാണ് പാലക്കാട്.

നാല് മാസം മുമ്പ് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയങ്ങളിലൂടെ ബിജെപിയുടെ നാല് സ്ഥിരം സമിതി അധ്യക്ഷന്മാരെ ഇടത് പിന്തുണയോടെ പുറത്താക്കിയിരുന്നു. ഈ നിലപാട് സിപിഎം തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഈ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ഇപ്പോൾ നഗരസഭാധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. 52അംഗ കൗൺസിലിൽ ബിജെപിക്ക് 24 അംഗങ്ങളാണ് ഉള്ളത്. 18 പേരുണ്ടായിരുന്ന യുഡിഎഫിന് ശരവണന്റെ രാജിയോടെ അത് 17 ആയി ചുരുങ്ങി. ഇടത് മുന്നണിക്ക് ഒമ്പത് അംഗങ്ങൾ ഉള്ളപ്പോൾ വെൽഫയർ പാർട്ടിയുടെ ഒരാളാണ് നഗരസഭയിലുള്ളത്.

അതേസമയം അവിശ്വാസ പ്രമേയ അവതരണത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് ബിജെപി തീരുമാനം. പ്രമേയത്തെ അനുകൂലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സിപിഎമ്മിന്റെ തീരുമാനം ഇന്ന് രാവിലെ നടക്കുന്ന യോഗത്തിന് ശേഷമേ അറിയാൻ സാധിക്കൂ. സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് നടന്ന അവിശ്വാസത്തിലും തിരഞ്ഞെടുപ്പിലും സ്വീകരിച്ച നിലപാട് തന്നെ സിപിഎം തുടരുമെന്നാണ് സൂചന. കഴിഞ്ഞ നഗരസഭാ യോഗത്തിൽ അഞ്ച് കോൺഗ്രസ് അംഗങ്ങളെ അധ്യക്ഷ മൂന്ന് മാസത്തേക്ക് സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ ഇപ്പോഴും നിലനിൽക്കുന്നതായാണ് ബിജെപി വാദം. അംഗങ്ങൾക്ക് നൽകിയ മിനുട്സിലും സസ്പെൻഷൻ കാലാവധി രേഖപ്പെടുത്തിയിട്ടില്ല.