ചെന്നൈ: തമിഴ്‌നാട് ഭരണം പനീർശെൽവത്തിനോ പളിനി സ്വാമിക്കോ? ഇനിയും ഒരു വ്യക്തതയും ഈ ചോദ്യത്തിന് ലഭിക്കുന്നില്ല. ഗവർണ്ണർ വിദ്യാസാഗർ റാവുവിന്റെ നിലപാട് തന്നെയാണ് ഇനി നിർണ്ണായകം.  സർക്കാർ രൂപീകരണത്തിന് എഐഎഡിഎംകെ വിഭാഗത്തിൽ ആരെ വിളിക്കണം എന്നുള്ളതാണ് ഗവർണറുടെ മുന്നിലുള്ള പ്രശ്‌നം. രണ്ട് അവകാശവാദങ്ങളാണ് ഗവർണർക്കു മുന്നിലുള്ളത്- ശശികല വിഭാഗത്തിന്റെയും പനീർസെൽവം വിഭാഗത്തിന്റെയും.

ശശികലയ്ക്കു മാറിനിൽക്കേണ്ടി വരുമെങ്കിലും അവർ ചുമതലപ്പെടുത്തിയ ആളിന്റെ, സർക്കാർ രൂപീകരിക്കാനുള്ള അപേക്ഷ ഗവർണർക്കു തള്ളിക്കളയാനാകില്ല. പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി ശശികല അറിയിച്ചിട്ടുണ്ടെങ്കിലും പാർട്ടി പിളർന്നിട്ടില്ല. രണ്ടു വിഭാഗവും എംഎൽഎമാരുടെ ഭൂരിപക്ഷം അവകാശപ്പെടുന്നതിനാൽ ഇവരിൽ ആരെയാണ് വിളിക്കേണ്ടതെന്നതിൽ അനിശ്ചിതത്വം ശക്തമാണ്. പല സാധ്യതകളാണ് ഗവർണ്ണർക്ക് മുമ്പിലുള്ളത്. രണ്ടാഴ്ചയ്ക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ എംഎൽഎമാരെ വിളിക്കണമെന്ന് അറ്റോർണി ജനറൽ മുകുൾ റോഹത്ഗി ഗവർണറെ ഉപദേശിച്ചിട്ടുണ്ട്. യുപിയിലെ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇത്. ഗവർണർ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായതിനാൽ കേന്ദ്രത്തിന്റെ താൽപര്യങ്ങളും ഇക്കാര്യത്തിൽ നിർണായകമാകാനിടയുണ്ട്. നിലവിൽ എംഎൽഎമാരിൽ ബഹുഭൂരിപക്ഷവും ശശികലയ്‌ക്കൊപ്പമാണ്. അതുകൊണ്ട് തന്നെ പളനിസ്വാമി തികഞ്ഞ ആത്മവിശ്വാസത്തിലും.

എന്നാൽ ജനവികാരമാണ് പനീർശെൽവത്തിന്റെ കരുത്ത്. ഇത് കണ്ട് കൂടുതൽ എംഎൽഎമാർ തങ്ങളുടെ പക്ഷത്ത് എത്തുമെന്നാണ് പനീർശെൽവം ക്യാമ്പിന്റെ വിലയിരുത്തൽ. ജയലളിതയുടെ അനന്തിരവൾ ദീപയും പനീർശെൽവം ക്യാമ്പിലെത്തിയിട്ടുണ്ട്. അങ്ങനെ ജയലളിതാ വികാരം തനിക്കൊപ്പമാണെന്ന് തെളിയിക്കാൻ പനീർശെൽവം കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇത് വിജയിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയാകാനുള്ള പനീർശെൽവത്തിന്റെ സാധ്യത അവസാനിക്കും. 124 എംഎൽഎമാരുടെ പിന്തുണയുള്ള പളനിസ്വാമി മുഖ്യമന്ത്രിയാകും. 234 സീറ്റുകളുള്ള നിയമസഭയിൽ 117 പേരുടെ പിന്തുണയാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. പനീർശെൽവത്തെ ഇതുവരെ പിന്തുണച്ചത് 11 എംഎൽഎമാർ മാത്രമാണ്. ഈ സാഹചര്യത്തിലാണ് പളനിസ്വാമിക്ക് മുൻതൂക്കം കിട്ടുന്നത്. എട്ട് എംഎൽഎമാർ കൂടി സ്വന്തം ക്യാംപിലെത്തിയാലേ സമ്മർദ ശക്തിയാകാൻ പനീർശെൽവത്തിന് കഴിയൂ. പനീർസെൽവത്തിന്റെ ശ്രമം ഇതിനുവേണ്ടിയാണ്.

കാവൽ മുഖ്യമന്ത്രിക്ക് പ്രത്യേകിച്ച് അധികാരങ്ങളൊന്നും ഇല്ല. നയപരമായ തീരുമാനങ്ങളെടുക്കാനും കഴിയില്ല. ഉദ്യോഗസ്ഥരാണ് ഉത്തരവുകൾ പുറത്തിറക്കേണ്ടത്. എന്നാൽ, ഉദ്യോഗസ്ഥരെ ഉപയോഗിച്ച് ശശികലയ്ക്കുള്ള കുരുക്ക് മുറുക്കാം. എട്ട് എംഎൽമാർ പനീർശെൽവം പക്ഷത്ത് എത്തിയാൽ 89എംഎൽഎമാരുള്ള ഡിഎംകെയുടേയും എട്ട് എംഎൽഎമാരുള്ള കോൺഗ്രസിന്റേയും നിലപാട് നിർണ്ണായകമാകും. ഇവർ ആരേയും പിന്തുണച്ചില്ലെങ്കിൽ നിയമസഭ പിരിച്ചുവിടേണ്ടി വരും. അങ്ങനെ വരുന്ന സാഹചര്യത്തിൽ എല്ലാ എംഎൽഎമാരും തനിക്കൊപ്പം വരുമെന്നാണ് പനീർശെൽവം ക്യാമ്പിന്റെ പ്രതീക്ഷ. അതുകൊണ്ട് തന്നെ വരുംദിനങ്ങളിൽ നിയമസഭയിൽ ബലാബത്തിനൊരുങ്ങുകയാണ് അണ്ണാ ഡിഎംകെയിലെ ശശികല പനീർശെൽവം വിഭാഗങ്ങൾ എന്ന് വ്യക്തമാണ്.

എംഎൽഎമാരെ കൂടെനിർത്താൻ ഇരുവിഭാഗവും എല്ലാ അടവുകളും പയറ്റുന്നുണ്ട്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനായി വിശ്വാസ, അവിശ്വാസ വോട്ടെടുപ്പുകളാണ് നടത്തുന്നത്. വോട്ടെടുപ്പിൽ വിജയിച്ചാൽ ഭരണത്തിലേറാം. തമിഴ്‌നാട്ടിൽ ഇപ്പോൾ പനീർസെൽവമാണ് കാവൽ മുഖ്യമന്ത്രി. പൂർണ അധികാരമില്ലെങ്കിലും, മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്നതിനാൽ വിശ്വാസപ്രമേയം അവതരിപ്പിക്കാൻ അർഹത പനീർസെൽവത്തിനാണ്. പനീർസെൽവത്തിന് ഭൂരിപക്ഷം തെളിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ശശികല പക്ഷത്തെ നേതാവിനെ (എടപ്പാടി പളനിസാമി) ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ ക്ഷണിക്കും. ഭൂരിപക്ഷം എംഎൽഎമാർ കൂടെയുണ്ടെന്ന് ഗവർണർക്ക് ബോധ്യപ്പെടണം. ഇതിനുശേഷം ഇത്ര സമയത്തിനുള്ളിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ആവശ്യപ്പെടും. വിശ്വാസപ്രമേയവും അവിശ്വാസപ്രമേയവും ഒരുമിച്ച് വന്നാൽ വിശ്വാസപ്രമേയത്തിനായിരിക്കും മുൻതൂക്കം.

ഇതല്ലാതെ മറ്റ് മാർഗ്ഗവും ഗവർണ്ണർക്ക് മുമ്പിലുണ്ട്. 'ഗവർണർക്ക് ഓരോ എംഎൽഎയെയും നേരിൽ കാണാൻ ക്ഷണിച്ച് അഭിപ്രായം ആരായാം. പിന്തുണ ആർക്കെന്ന് ഓരോ എംഎൽഎയിൽനിന്നും എഴുതി വാങ്ങാം. ഏതെങ്കിലും ഒരു പക്ഷത്തിനു ഭൂരിപക്ഷം ഉണ്ടെന്നു ബോധ്യമായാൽ അവരെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാം. ആദ്യം സർക്കാരുണ്ടാകണം. അതിനുശേഷം പ്രസ്തുത പാർട്ടി നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം'. ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാര്യ പറയുന്നു.