- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യവും മയക്കുമരുന്നും മോഡലുകൾക്ക് അമിതമായി നൽകിയത് പീഡന സാഹചര്യമൊരുക്കാൻ; ഇടക്കൊച്ചി കണ്ണൻകാട്ട് പാലത്തിൽ നിന്നു ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞതു കൊലപാതക ഗൂഢാലോചന മറയ്ക്കാൻ; പാലാരിവട്ടത്ത് മണക്കുന്നത് ശതകോടീശ്വരന് വേണ്ടിയുള്ള അട്ടിമറി
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിയ സംഭവത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വരുമോ? കൊല്ലപ്പെട്ട മിസ് കേരള അൻസി കബീർ, റണ്ണർ അപ് അഞ്ജന ഷാജൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ്, പരിക്കുകളോടെ രക്ഷപ്പെട്ട അബ്ദുൽ റഹ്മാൻ എന്നിവർക്കു ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ അമിത അളവിൽ മദ്യം നൽകിയെന്ന ആരോപണം പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. ഹോട്ടലിലെ ലഹരി ഇടപാടുകളെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.
ഈ സാഹചര്യത്തിൽ എൻസിബി അന്വേഷണം ഹോട്ടലിനെതിരെ വേണമെന്നാണ് ആവശ്യം. അതിനിടെ പൊലീസിലെ ചില ഉന്നതർ ഇതിനെതിരെ കരുനീക്കം നടത്തുന്നുണ്ട്. മദ്യരാജാവായ വിൽഫ്രണ്ടിന്റെ മരുമകനാണ് ഹോട്ടലുടമയായ റോയി. അടുത്ത ബന്ധു മുൻ ഡിജിപിയും. പൊലീസിലുള്ള ഈ സ്വാധീനങ്ങൾക്കൊപ്പം ചില സുഹൃത്തുക്കളും സജീവ നീക്കങ്ങളിലാണ്. അതിനിടെ ഈ കേസ് ഹൈക്കോടതിയിലേക്ക് എത്തിയാൽ സിബിഐ അന്വേഷണം വരുമോ എന്ന ആശങ്കയും പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ ശക്തമായ നീക്കങ്ങൾ ഇനി തുടങ്ങും.
തെളിവു നശിപ്പിച്ച കുറ്റം ആരോപിക്കപ്പെട്ട നമ്പർ 18 ഹോട്ടൽ ഉടമയ്ക്കും ജീവനക്കാർക്കും 24 മണിക്കൂറിനുള്ളിൽ ജാമ്യം ലഭിച്ചതു പൊലീസിനു തിരിച്ചടിയായി. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തി നിരീക്ഷണക്യാമറ ദൃശ്യങ്ങൾ വീണ്ടെടുക്കാനുള്ള അവസരമാണ് ഇതോടെ നഷ്ടപ്പെട്ടത്. സാധാരണനിലയിൽ അന്വേഷണസംഘം കസ്റ്റഡിയിൽ ആവശ്യപ്പെടുന്ന പ്രതികൾക്കു കോടതി ജാമ്യം അനുവദിക്കാറില്ല. ഇത് പൊലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഹോട്ടൽ ഉടമയടക്കം ആറ് പ്രതികൾക്കു ജാമ്യം ലഭിച്ചതിനെതിരേ പൊലീസ് അപ്പീൽ നൽകും. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിച്ച സാഹചര്യത്തിൽ പ്രതികൾക്കു ജാമ്യം നൽകുന്നതു തെളിവുനശിപ്പിക്കാൻ ഇടയാക്കുമെന്നാണു വാദം.
സംഭവത്തിൽ ബോധപൂർവമല്ലാത്ത നരഹത്യക്കാണു കേസ് രജിസ്റ്റർ ചെയ്തതെങ്കിലും അന്വേഷണത്തിൽ കൂടുതൽ തെളിവുകൾ പുറത്തുവരാനുള്ള സാധ്യത മുന്നിൽകണ്ടു പ്രേരണക്കുറ്റവും (ഐപിസി 109) ചുമത്തിയിട്ടുണ്ട്. ബോധപൂർവമല്ലാത്ത നരഹത്യ കേസുകളിൽ പ്രേരണക്കുറ്റവും ഗൂഢാലോചനയും സാധാരണനിലയിൽ നിലനിൽക്കാറില്ല. ഇത് ജാമ്യം കിട്ടാനുള്ള ചില ഗൂഢാലോചന ചർച്ചയുടെ ഭാഗമാണെന്നും വിലയിരുത്തലുണ്ട്.
തെളിവുകളിലേക്കു നയിക്കാൻ സാധ്യതയുള്ള ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് പ്രതികൾ കായലിൽ എറിഞ്ഞതായും തെളിവുകൾ വീണ്ടെടുക്കാൻ പ്രതികളെ 3 ദിവസം കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതികൾക്കു ജാമ്യം ലഭിച്ചതോടെ തെളിവ് വീണ്ടെടുക്കൽ (27 റിക്കവറി) നടക്കില്ലെന്നായി. വിചാരണഘട്ടത്തിലും ഇതു പ്രോസിക്യൂഷനു തിരിച്ചടിയാവും.
ജാമ്യഉത്തരവിന്റെ കോപ്പി മാധ്യമങ്ങൾക്കു നൽകരുതെന്നു നിർദ്ദേശമുണ്ടെന്നു കോടതി ജീവനക്കാർ സൂചിപ്പിക്കുന്നു. ഇതോടെ, ജാമ്യം നൽകിയതിന്റെ നിയമപരമായ അടിസ്ഥാനം വ്യക്തമായിട്ടില്ല. ഇതിന് പിന്നിൽ അസാധാരണ ഇടപെടലുണ്ടെന്നാണ് സൂചന. ഇതോടെ 27 റിക്കവറി എന്ന സത്യം വെളിപ്പെടുത്തുന്ന പ്രതി അന്വേഷണ ഉദ്യോഗസ്ഥനെ തൊണ്ടി ഒളിപ്പിച്ച സ്ഥലത്തേക്കു നയിച്ചു കൊണ്ടുപോയി തൊണ്ടി മുതൽ വീണ്ടെടുത്തു നൽകുന്ന നിയമനടപടിയാണ് അട്ടിമറിക്കപ്പെട്ടത്. ഇന്ത്യൻ എവിഡൻസ് ആക്ട് പ്രകാരം വലിയ തെളിവുമൂല്യമാണ് ഈ നടപടിക്കു വിചാരണക്കോടതികളിൽ ലഭിക്കുന്നത്.
യുവതികൾ പങ്കെടുത്ത ഡി.ജെ. പാർട്ടി നടന്ന ഹോട്ടലിലെ മുഴുവൻ ദൃശ്യവും പൊലീസിനു ലഭിച്ചിട്ടില്ല. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ വിശദമായി ചോദ്യംചെയ്യാനുണ്ട്. ഫോർട്ട് കൊച്ചയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജോസഫ് വയലാട്ടിൽ കേസിൽ രണ്ടാംപ്രതിയാണ്. യുവതികൾക്കു മദ്യം നിർബന്ധിച്ച് നൽകിയെന്നും ഹോട്ടലിൽ തങ്ങാൻ നിർബന്ധിച്ചെന്നുമാണു റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നത്. ഈ തെളിവ് നശിപ്പിക്കാൻ മൂന്നും ഏഴും പ്രതികൾ ചേർന്ന് സി.സി. ടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞു. റോയിക്ക് യുവതികളുമായും കാർ ഡ്രൈവർ അബ്ദുൾ റഹ്മാനുമായും മുൻപരിചയമുണ്ട്. അമ്പതോളം പേർ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ഡി.ജെ. പാർട്ടി നടത്തി. രാത്രി ഒൻപത് കഴിഞ്ഞും ബാർ പ്രവർത്തിപ്പിച്ചു.
യുവതികൾ മരിച്ച വിവരമറിഞ്ഞ് റോയി ഒക്ടോബർ 31 രാത്രിയിലെ സി.സി. ടിവി ദൃശ്യങ്ങൾ നശിപ്പിച്ചു. ഏഴാംപ്രതി അനിൽ ഹോട്ടലിൽ സി.സി. ടിവി സർവീസ് നടത്തുന്ന മെൽവിനോട് ക്യാമറ അഴിക്കുന്ന വിധം ഫോണിൽ ചോദിച്ചറിഞ്ഞു. അഞ്ചാംപ്രതി ലിൻസൺ റെയ്നോൾഡ് ഹാർഡ് ഡിസ്ക് അഴിച്ചെടുത്ത് മെൽവിനെ ഏൽപ്പിച്ചു. പകരം മറ്റൊരു ബ്ലാങ്ക് ഹാർഡ് ഡിസ്ക് ഡി.വി.ആറിൽ ഇൻസ്റ്റാൾ ചെയ്തു. അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ആറാംപ്രതി ഷിജുലാലിനെ ഏൽപ്പിച്ചു. റോയിയുടെ നിർദ്ദേശപ്രകാരം മൂന്നാംപ്രതി വിഷ്ണുകുമാറും മെൽവിനും കൂടി ഇന്നോവ കാറിൽപ്പോയി ഇടക്കൊച്ചി കണ്ണൻകാട്ട് പാലത്തിൽനിന്നു ഹാർഡ് ഡിസ്ക് കായലിലെറിഞ്ഞെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ