- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാറ്റി സ്ഥാപിക്കേണ്ട 102 ഗർഡറുകളിൽ 78 എണ്ണത്തിന്റെയും 17 സ്പാനുകളിൽ 9 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായി; എല്ലാ ദിവസവും നിർമ്മാണ പുരോഗതി വിലയിരുത്തി ഇ ശ്രീധരൻ; ഡിഎംആർസിയുടെ കൃത്യമായ പ്ലാനിങ്ങിൽ പണികൾ അതിവേഗത്തിൽ; മെട്രോമാന്റെ മാജിക്കിൽ 2 മാസം മുൻപു മാർച്ചിൽ തന്നെ പാലാരിവട്ടം പാലം തുറന്നേക്കും
കൊച്ചി: പാലാരിവട്ടം മേൽപാലം നിർമ്മാണം അതിവേഗത്തിലാണ് മുന്നോട്ടു നീങ്ങുന്നത്. സംസ്ഥാന സർക്കാറിന്റെ അഭിമാനപദ്ധതി എന്ന നിലിയൽ കൂടിയാണ് ഈ പാലം ശ്രദ്ധ നേടുന്നത്. ഇ ശ്രീധരൻ എന്ന മെട്രോമാന്റെ മികവിലും മേൽനോട്ടത്തിലും എല്ലാം വേഗത്തിലാണ് നടക്കുന്നത്. മുൻനിശ്ചയിച്ചതിൽ നിന്നു വ്യത്യസ്തമായി 2 മാസം മുൻപു മാർച്ചിൽ തന്നെ പാലം ഗതാഗതത്തിനു തുറക്കാൻ കഴിയുന്ന നിലയിലാണു ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്.
മാറ്റി സ്ഥാപിക്കേണ്ട 102 ഗർഡറുകളിൽ 78 എണ്ണത്തിന്റെയും 17 സ്പാനുകളിൽ 9 എണ്ണത്തിന്റെയും നിർമ്മാണം പൂർത്തിയായി. പാലത്തിന്റെ 70 ശതമാനം ജോലികൾ പൂർത്തിയായി കഴിഞ്ഞു. 24 ഗർഡറുകളാണ് ഇനി സ്ഥാപിക്കേണ്ടത്. ഇവയുടെ കോൺക്രീറ്റിങ് കളമശേരി യാഡിൽ തീർന്നിട്ടുണ്ട്. മാർച്ച് അവസാനത്തോടെ ടാറിങ് നടത്തി പാലം തുറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡിഎംആർസിയുടെ അഭിമാന പദ്ധതി കൂടിയാണു പാലാരിവട്ടം പാലം പുനർനിർമ്മാണം. 9 മാസമാണു സംസ്ഥാന സർക്കാർ പാലം നിർമ്മാണത്തിന് അനുവദിച്ചിരുന്ന സമയം. ഇതനുസരിച്ചു ജൂൺ വരെ സമയമുണ്ടായിരുന്നെങ്കിലും മെയ് അവസാനത്തോടെ പാലം തുറക്കുമെന്നാണു മന്ത്രി ജി.സുധാകരൻ നേരത്തെ പ്രഖ്യാപിച്ചത്.
മാർച്ചിൽ നിർമ്മാണം തീർക്കാൻ കഴിഞ്ഞാൽ 6 മാസം കൊണ്ടു തീർത്ത പദ്ധതിയെന്ന റെക്കോർഡാണു പാലാരിവട്ടം പാലത്തെ കാത്തിരിക്കുന്നത്. വിശ്രമ ജീവിതത്തിൽ ആണെങ്കിലും ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരൻ എല്ലാ ദിവസവും നിർമ്മാണ പുരോഗതി വിലയിരുത്തി വേണ്ട നിർദേശങ്ങൾ ഉദ്യോഗസ്ഥർക്കു നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ ഇടപെടൽ കൂടി ഉള്ളതോടെയാണ് പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ വേഗത കൂടുന്നത്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണു ഡിഎംആർസിക്കു വേണ്ടി പാലം പുനർനിർമ്മിക്കുന്നത്. ഡിഎംആർസിയുടെ കൃത്യമായ പ്ലാനിങ്ങാണു പണികൾ വേഗത്തിലാക്കിയത്. കഴിഞ്ഞ സെപ്റ്റംബർ 28നാണു പാലം പുനർനിർമ്മാണം തുടങ്ങിയത്. നിർമ്മാണ തകരാർ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പൊളിച്ചുപണിയാൻ തീരുമാനിച്ചത്. ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേൽനോട്ടത്തിലാണ് മേൽപ്പാലത്തിന്റെ പുനർനിർമ്മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് കരാർ.
പാലാരിവട്ടം പാലത്തിന്റെ പുനർനിർമ്മാണത്തിന് സംസ്ഥാന സർക്കാർ ഡിഎംആർസിക്ക് പണം തരേണ്ടതില്ലെന്ന് ഇ.ശ്രീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ മുമ്പ് നൽകിയ കരാറുകളിൽനിന്നുള്ള മിച്ചമായി 17.4 കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ