- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലാരിവട്ടം മേൽപ്പാലം ഞായറാഴ്ച്ച തുറക്കും; തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളില്ലാതെ പാലം തുറക്കും
കൊച്ചി: പുനർനിർമ്മിച്ച പാലാരിവട്ടം മേൽപ്പാലം ഞായറാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഭാരപരിശോധന അടക്കം പൂർത്തിയാക്കിയാണ് പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുക. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആഘോഷ പരിപാടികളില്ലാതെയാണ് പാലം തുറക്കുക.
വൈകുന്നേരം നാലിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കും. തുടർന്ന് മന്ത്രി ജി. സുധാകരൻ പാലം സന്ദർശിക്കും. ഡിഎംആർസിക്കു വേണ്ടി ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണു പാലം പുനർനിർമ്മാണം നടത്തിയത്.
2020 സെപ്റ്റംബർ 28നാണു പുനർനിർമ്മാണം തുടങ്ങിയത്. പഴയ പാലത്തിന്റെ മുകൾ ഭാഗം 57 ദിവസം കൊണ്ടാണു പൊളിച്ചുമാറ്റിയത്. 19 സ്പാനുകളിൽ 17 എണ്ണവും അവയിലെ 102 ഗർഡറുകളുമാണു പുനർനിർമ്മാണത്തിന്റെ ഭാഗമായി പൊളിച്ചു പണിതത്.
സ്പാനുകളും പിയർ ക്യാപുകളും പുതിയവ നിർമ്മിച്ചു. തൂണുകൾ കോൺക്രീറ്റ് ജാക്കറ്റിങ് നടത്തി ബലപ്പെടുത്തിയ ശേഷമാണു പുതിയ പിയർ ക്യാപുകളും പ്രീ സ്ട്രെസ്ഡ് ഗർഡറുകളും സ്ഥാപിച്ചത്. പുനർനിർമ്മാണ ജോലികൾ പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ജൂൺ വരെ സമയം നൽകിയിരുന്നെങ്കിലും മൂന്ന് മാസം നേരത്തെ നിർമ്മാണം പൂർത്തിയായി.