ന്യൂഡൽഹി: ഫലസ്തീൻ അമേരിക്കയിലെ സ്ഥാനപതിയെ തിരിച്ചു വിളിച്ചു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ചാണിത്. രണ്ടാഴ്ച മുമ്പാണ് ട്രംപ് തർക്കം നിലനിൽക്കുന്ന ജറസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചത്. പശ്ചിമേഷ്യയിലെ സഖ്യരാഷ്ട്രങ്ങളക്കമുള്ള വിവിധ രാജ്യങ്ങളുടെ അഭ്യർത്ഥന മാനിക്കാതെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

തുടർന്ന് യു.എസ്. തീരുമാനത്തെ യു.എൻ. പൊതുസഭ തള്ളുകയും ചെയ്തിരുന്നു. ഒമ്പതിനെതിരേ 128 വോട്ടിനാണ് യു.എസിനെതിരായ പ്രമേയം പൊതുസഭയിൽ പാസായത്. ഇന്ത്യയും യു.എസിനെതിരേ വോട്ടുചെയ്തു. 35 രാജ്യങ്ങളാണ് വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നത്.

യു.എസിനെതിരേ വോട്ടുചെയ്താൽ രാജ്യങ്ങൾക്കു നൽകുന്ന സഹായധനം റദ്ദാക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി വകവെക്കാതെയാണ് പൊതുസഭ പ്രമേയം പാസാക്കിയത്. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതിനൊപ്പം അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന്റെ ആസ്ഥാനം ടെൽ അവീവിൽ നിന്ന് മാറ്റുന്നതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു.