തൃശ്ശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ ഗാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടി സുരഭി ലക്ഷ്മിയുടെ ഫേസ്‌ബുക്ക് പ്രതിഷേധം. ടോൾ പ്ലാസയിലുണ്ടായ ഗതാഗതക്കുരുക്കിന്റെ പേരിൽ മണിക്കൂറുകളോളം യാത്രക്കാരുടെ യാത്രമുടങ്ങിയപ്പോഴാണ് ഫേസ്‌ബുക്ക് ലൈവിലൂടെ സുരഭി പ്രതികരിച്ചത്. രാത്രി 8.40 ഓടെയാണ് സുരഭി ലക്ഷ്മിയുടെ ഫേസ്‌ബുക്ക് ലൈവ് പ്രത്യക്ഷപ്പെട്ടത്.

  

പാലിയേക്കരയിൽ അഞ്ചു വാഹനങ്ങൾ ഒരു നിരയിൽ വന്നാർ ടോൾബൂത്ത് തുറന്നു കൊടുക്കുമെന്ന തീരുമാനം എടുത്തത് കഴിഞ്ഞയാഴ്ചയാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാനായിരുന്നു ഈ നടപടി. ഒരു നിരയിൽ അഞ്ചിലേറെ വാഹനമെത്തിയാൽ ടോൾ ഒഴിവാക്കുമെന്നാണ് എഡിഎം അറിയിച്ചത്.

കരാർ വ്യവസ്ഥപാലിക്കാൻ ടോൾ പ്ലാസ അധികൃതർക്കും എഡിഎം നിർദ്ദേശം നൽകി. കൂടുതൽ വാഹനങ്ങൾ വന്നാൽ ടോൾ ബൂത്ത് തുറന്നുവിടാനും തീരുമാനമായി. സ്ഥലത്ത് ഗതാഗത നിയന്ത്രണത്തിനായി പൊലീസിനെ നിയമിക്കാനും തീരുമാനിച്ചു. ഇതൊന്നും നടപ്പാകുന്നില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

ഞങ്ങൾ കുറച്ചുനേരമായി തൃശൂർ ടോളിൽ നിൽക്കുകയാണെന്ന് വ്യക്തമാക്കിയാണ് സുരഭി ലൈവ് തുടങ്ങിയത്. ഇവിടെ വലിയ ബ്‌ളോക്കാണ് ഇവർ ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഒരുപാട് വണ്ടികളുണ്ട്. ഒരു പ്രോ്ഗ്രാമിന് പോകാൻ വേണ്ടിയാണ് ഇവിടെ നിൽക്കുന്നത്. ഞങ്ങൾ ഒരുപാട് നേരം നിൽക്കുന്നു. ഞങ്ങളെല്ലാവരേയും കുറേനേരമായി ഹരാസ് ചെയ്തുകൊണ്ടിരിക്കുകയാണ്. അത്ര വൃത്തികെട്ട രീതിയിലാണ് പെരുമാറിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ വണ്ടിയെത്തിയപ്പോൾ അവൻ പുറത്തേക്കിറങ്ങി സംസാരിക്കുന്നത്.- സുരഭി പറയുന്നു.

ആശുപത്രിയിലേക്ക് പോകുന്നവർ വരെ ടോളിൽ മണിക്കൂറുകളോളം കുടുങ്ങിയെന്ന് അവരുടെ ദൃശ്യംകൂടി കാണിച്ച് സുരഭി വിവരിക്കുന്നു. ജനങ്ങൾ രോഷാകുലരായി സംസാരിക്കുന്നതും കാണാം. ഇതിനെതിരെ എല്ലാവരും ശക്തമായി പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് സുരഭി ലൈവ് വീഡിയോ അവസാനിപ്പിക്കുന്നത്.

ഇതോടെ പാലിയേക്കര ടോൾ പ്‌ളാസയിൽ ക്യൂനിർത്തി മണിക്കൂറുകളോളം യാത്രക്കാരെ പീഡിപ്പിക്കുന്ന വിഷയം വീണ്ടും സജീവ ചർച്ചയായി മാറുകയാണ്. നിരന്തരം ടോൾ പ്‌ളാസയിൽ ഈ പ്രശ്‌നം ആവർത്തിക്കുന്ന അവസ്ഥയിലാണ് കഴിഞ്ഞയാഴ്ച പുതിയ തീരുമാനം ഉണ്ടായതെങ്കിലും ഇപ്പോഴും അത് അട്ടിമറിച്ചുകൊണ്ട് പിരിവ് സജീവമാക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.