ന്യൂഡൽഹി: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ ടോൾ പിരിവിന് എതിരെ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ഹർജി നൽകിയ ഷാജി കോടങ്കണ്ടത്ത്, ടി.കെ. സനീഷ് കുമാർ എന്നിവർക്ക് ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചു. തുടർന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജി പിൻവലിച്ചു.

ദേശീയപാതാ നിർമ്മാണത്തിന് ചെലവിട്ടതിനെക്കാൾ തുക പാലിയേക്കര ടോൾ പ്ലാസയിൽ പിരിച്ചിട്ടുണ്ടെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഗൗരവ് അഗർവാൾ, അഭിഭാഷകൻ നിഷേ രാജൻ ഷൊങ്കർ എന്നിവർ വാദിച്ചു.

മണ്ണുത്തി- ഇടപ്പള്ളി ദേശീയപാത നിർമ്മാണത്തിന് 721.174 കോടിയാണ് ചെലവിട്ടത്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോൾ പിരിവ് തുടങ്ങിയത്. ഈ വർഷം ജൂലൈ വരെ 801.60 കോടി ലഭിച്ചതായി വിവരാവകാശ രേഖയിലൂടെ വ്യക്തമായി. എം.ഒ.ടി. കരാർ വ്യവസ്ഥ പ്രകാരം നിർമ്മാണ ചെലവ് ലഭിച്ചാൽ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കേണ്ടതാണ്. എന്നാൽ ഇത് ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ പറഞ്ഞു.

എന്നാൽ വിഷയം ആദ്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്ന് ജസ്റ്റിസുമാരായ റോഹിങ്ടൻ നരിമാൻ, നവീൻ സിൻഹ, കെ.എം. ജോസഫ് എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ആവശ്യമെങ്കിൽ ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.