തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ കരാർ കമ്പനിയുടെ കൊള്ളയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയുടെ ടോൾ പിരിവ് 1000 കോടിയിലേയ്ക്ക് അടുക്കുന്നുവെന്ന് വിവരാവകാശ രേഖ. നിർമ്മാണത്തിന് ചെലവായതിനേക്കാൾ 236 കോടി അധികം ഇതിനോടകം പിരിച്ചെടുത്തെന്നാണ് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നത്. പിരിവ് തുടങ്ങി 9 വർഷം ആകുമ്പോൾ 958.68 കോടി ടോൾ ഇനത്തിൽ പിരിച്ചെടുത്തതായി കോൺഗ്രസ് നേതാവ് അഡ്വ. ഷാജി കോടങ്കണ്ടത്തിന് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. ഇനിയും 7 വർഷം പിരിവ് നടത്താൻ അനുമതിയുണ്ട്. 2028 ജൂലൈ വരെ ആകുമ്പോഴേക്കും പിരിച്ച തുക നിർമ്മാണ ചെലവിനേക്കാൾ 10 ഇരട്ടിയാകും.

മണ്ണുത്തി - ഇടപ്പള്ളി നാലുവരിപ്പാതയുടെ നിർമ്മാണത്തിന് ആകെ ചെലവായത് 721.17 കോടിയാണ്. 2012 ഫെബ്രുവരി 9 മുതൽ ടോൾ പിരിവ് തുടങ്ങിയിരുന്നു. ദിവസേന 45,000 ത്തോളം വാഹനങ്ങൾ കടന്നുപോകുന്നതിലൂടെ ഏകദേശം 30 ലക്ഷം രൂപ വരെ പിരിച്ചെടുക്കാൻ പറ്റും. ജൂൺ 2020 മുതൽ ഒക്ടോബർ 2021 വരെ മാത്രം 155.99 കോടി പിരിച്ചെടുത്തു. ദേശീയ പാത അഥോറിറ്റിയും ടോൾ പ്ലാസ നടത്തിപ്പുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലാണ് കരാർ.

മുടക്കിയ തുകയേക്കാൾ കൂടുതൽ ഇതിനോടകം തന്നെ കിട്ടിയ സാഹചര്യത്തിൽ ഇനി ടോൾ പിരിവ് നിർത്തണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം. കരാർ കാലാവധിക്ക് മുമ്പ് തന്നെ ദേശീയപാത അഥോറിറ്റി പാത ഏറ്റെടുക്കണം എന്ന് പൊതുപ്രവർത്തകരടക്കം ആവശ്യപ്പെട്ടിട്ടുണ്ട്. 2026 വരെ ടോൾ പിരിക്കാനായിരുന്നു മുമ്പ് അനുമതി നൽകിയിരുന്നത്. പിന്നീട് അത് 2028 വരെയാക്കി ദേശീയ പാത അഥോറിറ്റി നീട്ടി. പാലിയേക്കരയിലെ ടോൾ നിരക്കും ഈ അടുത്ത് ഉയർത്തിയിരുന്നു. അഞ്ച് രൂപ മുതൽ 50 രൂപ വരെയായിരുന്നു നിരക്ക് കൂട്ടിയത്.

കരാർ പ്രകാരം, നിർമ്മാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കണം എന്ന നിബന്ധനയും ഇനിയും നടപ്പായിട്ടില്ല. മാത്രമല്ല നിർമ്മാണ ചെലവിന്റെ പല ഇരട്ടി കമ്പനി ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടും ദേശീയ പാത അഥോറിറ്റി വീണ്ടും ടോൾനിരക്ക് വർദ്ധിപ്പിക്കുകയും കാലാവധി രണ്ട് വർഷം കൂടി നീട്ടി നൽകുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരായ കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഏതാനും മാസങ്ങൾ കൂടി കഴിഞ്ഞാൽ മണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയുടെ ടോൾ പിരിവ് ആയിരം കോടിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും ഒടുവിലായി ദേശീയപാത അഥോറിറ്റി നൽകിയ വിവരത്തിൽ കഴിഞ്ഞ ഒക്ടോബർ 31 വരെ 957.68 കോടി രൂപ കരാർ കമ്പനി പിരിച്ചെടുത്തതായി പറയുന്നു.

ജൂൺ 2020 മുതൽ ഒക്ടോബർ 2021 നിടെ 155.99 കോടിയാണ് പിരിച്ചത്. ദേശീയ പാതയുടെ നിർമ്മാണച്ചെലവ് കേവലം 721.174 കോടി രൂപയാണ്. കൂടാതെ കഴിഞ്ഞ വർഷം ടോൾ പിരിവിനുള്ള കാലാവധി 2026 ൽ നിന്ന് 2028 വരെ ദേശീയ പാത അഥോറിറ്റി നീട്ടി നൽകിയിരുന്നുമാണ് വിവരങ്ങൾ ഉള്ളത്.

അതേസമയം ദേശീയപാതയിലെ അറ്റകുറ്റപ്പണികളെ സംബന്ധിച്ചുള്ള ആക്ഷപങ്ങൾ ശക്തമാണ്. കൃത്യമായി റോഡ് പണികൾ നടക്കുന്നില്ല. ചാലക്കുടി അടിപ്പാത നിർമ്മാണവും പൂർത്തിയായിട്ടില്ല. ഇതിനിടയിലും ടോൾ പിരിവ് തുടരുന്നതിൽ ആളുകൾക്ക് എതിർപ്പുണ്ട്. ടോൾ പിരിവ് വർഷാവർഷം വർദ്ധിപ്പിക്കുന്നുമുണ്ട്. ടോൾ പിരിവ് വർദ്ധിപ്പിച്ചതിന് എതിരെയും ടോൾ പിരിവിനുള്ള കാലാവധി വർദ്ധിപ്പിച്ചതിന് എതിരെയുമുള്ള കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.