മംഗലപുരം : ദേശീയപാതയിൽ പള്ളിപ്പുറത്ത് ടെക്‌നോസിറ്റി കവാടത്തിന് മുന്നിൽ രാത്രിയിൽ കാർ തടഞ്ഞ് ജൂവലറി ഉടമയെ വെട്ടി പരിക്കേൽപ്പിച്ച് 100 പവൻ തട്ടിയെടുത്ത സംഭവത്തിൽ പുതിയ ട്വിസ്റ്റ്. ഉടമയുടെ കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷം രൂപ പൊലീസ് കണ്ടെടുത്തതോടെയാണ് കേസിന് പുതിയ മാനം വരുന്നത്. ജൂലറി ഉടമയുടെ ഫോൺ നമ്പർ പരിശോധനയാണ് കള്ളപ്പണത്തിലേക്ക് അന്വേഷണം എത്തിയത്.

കാറിന്റെ മുൻവശത്തെ സീറ്റിനടിയിലെ പ്ലാറ്റുഫോമിൽ രണ്ടു പ്രത്യേക രഹസ്യ അറകൾ ഉണ്ടാക്കി അതിലാണ് പണം 500-ന്റെയും 2000-ന്റെ നോട്ടുകെട്ടുകളാക്കി സൂക്ഷിച്ചിരുന്നത്. സംഭവം നടന്നയുടനെ സ്വർണ വ്യാപാരി കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ച് വരുത്തി 75 ലക്ഷവും കൈമാറി. ഇതിനു ശേഷമാണ് അക്രമം നടന്ന കാര്യം മംഗലപുരം പൊലീസിനെ അറിയിക്കുന്നത്. ഒൻപതാം തീയതി രാത്രി നടന്ന സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് നിരവധി തവണ സമ്പത്തിനെ ചോദ്യം ചെയ്തിരുന്നു.

75 ലക്ഷം രൂപ കാറിൽ ഉണ്ടായിരുന്നതും അവ ബന്ധുവിന് കൈമാറിയ വിവരവും പൊലീസിനെ അറിയിക്കാതെ രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. പള്ളിപ്പുറത്ത് വച്ച് പിടിച്ചുപറി നടന്ന ഉടൻ തന്നെ അക്രമികളുടെ വെട്ടേറ്റിട്ടു പോലും സമ്പത്ത് നിരവധി ഫോൺ കോളുകൾ ചെയ്തു. പൊലീസിനെ വിളിച്ചതുമില്ല. കരുനാഗപ്പള്ളിയിലുള്ള ഒരു ജൂവലറിക്കാരനടക്കം ഫോണിൽ ബന്ധുപ്പെടുകയും കൊല്ലത്തുള്ള ബന്ധുവിനെ വിളിച്ചു വരുത്തി തുക മറ്റൊരു വാഹനത്തിൽ കടത്തുകയുമായിരുന്നുവെന്നും കണ്ടെത്തിയത് ഈ ഫോൺ കോളുകളുടെ പരിശോധനയിലൂടെയാണ്.

വെട്ടേറ്റതിന്റെ വിളിപ്പാടകലെ പൊലീസ് ഉണ്ടായിട്ടും അവരെ അറിയിക്കാതെ എന്തുകൊണ്ട് സമ്പത്ത് നിരവധിപേരെ ഫോണിൽ ബന്ധപ്പെട്ടത് പൊലീസ് അന്വേഷിച്ചുവരുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാറിൽ നിന്ന് രൂപ മാറ്റിയ കാര്യം പുറത്തായത്. തുടർന്ന് 75 ലക്ഷം രൂപ സമ്പത്ത് മംഗലപുരം പൊലീസിന് കൈമാറി. തുക പൊലീസ് കോടതിക്ക് കൈമാറും. കൂടാതെ ആദായ നികുതി വകുപ്പും അന്വേഷണം ആരംഭിച്ചു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ സമ്പത്തിനെ വിശദമായി ചോദ്യം ചെയ്യും. കള്ളപ്പണം മോഷ്ടിക്കാനാണോ മോഷ്ടാക്കൾ എത്തിയതെന്ന സംശയവും പൊലീസിനുണ്ട്.

സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജില്ലക്കാരാണ് പിടിയിലായത്. മൂന്ന് ദിവസം നീണ്ട പരിശോധനകൾക്കൊടുവിലാണ് അഞ്ച് പേർ പിടിയിലാകുന്നത്. നെടുമങ്ങാട്, പെരുമാതുറ, പള്ളിപ്പുറം സ്വദേശികളാണ് പിടിയിലായത്. സ്വർണ വ്യാപാരിയുടെ മൊഴിയും തുടർന്ന് തയ്യാറാക്കിയ രേഖാചിത്രവും സി.സി.ടി.വി. ദൃശ്യങ്ങളുമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. രണ്ട് കാറുകൾ സി.സി.ടി.വി.യിൽ പതിഞ്ഞെങ്കിലും ഒരു സ്വിഫ്റ്റ് കാർ കണ്ടെടുക്കാനായി.

സ്വർണ വ്യാപാരിയുടെ സഹായിയെ തട്ടിക്കൊണ്ടുപോയത് ഈ കാറിലായിരുന്നു. തമിഴ്‌നാട് രജിസ്‌ട്രേഷൻ നമ്പർ പ്ലേറ്റുകൾ പൊലീസിന് ലഭിച്ചെങ്കിലും ഇത് വ്യാജമാണെന്ന് പിന്നീട് കണ്ടെത്തി. പ്രദേശ വാസികളുടെ സഹായം ഇവർക്ക് ലഭിച്ചതായി പൊലീസ് സംശയിക്കുന്നു. രാത്രി 8ന് കാർതടഞ്ഞ് മുളക്‌പൊടി എറിഞ്ഞ ശേഷം സമ്പത്തിനെ വെട്ടിപ്പരുക്കേൽപ്പിച്ച് സ്വർണം കവരുകയും മറ്റു രണ്ടുപേരെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയെന്നുമാണ് മൊഴി. എന്നാൽ സമ്പത്ത് ഇക്കാര്യം ഉടനെ പൊലീസിൽ അറിയിക്കുകയോ ആശുപത്രിയിൽ പോകുകയോ ചെയ്തില്ല. പകരം കൊല്ലം സ്വദേശി ബന്ധുവിനെ വിളിച്ച് വരുത്തുകയായിരുന്നു. ഇയാൾ നേരത്തേ ആറ്റിങ്ങലിലെത്തി കാത്തുനിൽപുണ്ടായിരുന്നു. കാറിലുണ്ടായിരുന്ന 75 ലക്ഷം ബന്ധുവിനെ ഏൽപിച്ച് സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. സമ്പത്ത്. അതിനുശേഷമാണ് ഇയാൾ മംഗലപുരം സ്റ്റേഷനിൽ എത്തുന്നത്.

സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട് പെരുമാതുറ സ്വദേശി അൻസർ ( 28 ), തൊളിക്കോട് - മാങ്കോട്ടുകോണം സ്വദേശി നൗഫൽ ( 29 ), അണ്ടൂർക്കോണം - വെള്ളൂർ സ്വദേശി ഫൈസൽ ( 23 ), പോത്തൻകോട്, അയിരൂപ്പാറ സ്വദേശി ഷഹനാസ് ( 22 ), മംഗലപുരം സ്വദേശി അൽഅമീൻ ( 20 )തുടങ്ങി ചുറ്റുവട്ടത്തു നിന്നുള്ള അഞ്ചു പേരാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. ഇതിൽ മൂന്നു പേർ സംഭവത്തിൽ നേരിട്ടും രണ്ടു പേർ അല്ലാതെയും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന. സമ്പത്ത് കാറിൽ കൊണ്ടു വന്ന 75 ലക്ഷം ആർക്ക്, എന്തിന് എന്നതിനെപ്പറ്റിയും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും ,രഹസ്യ അറയിൽ കൈകാര്യം ചെയ്യുന്നതിലെ സാഹചര്യത്തെക്കുറിച്ചുമെല്ലാം വിശദമായ അന്വേഷണം ആരംഭിച്ചു . കാർ കൈമാറും മുൻപ് പണം മാറ്റിയെന്നത് മൂന്നു ദിവസങ്ങൾക്കു ശേഷമാണ് സമ്പത്ത് പൊലീസിനോട് പറയുന്നത് . സംഭവം നടന്ന ശേഷം സമ്പത്തും, അരുണും സ്റ്റേഷനിലെത്തിയിട്ടും ലക്ഷ്മണയെ ഏറെനേരം കാണാത്തതിനെപ്പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

മൂന്നു മാസം മുൻപ് പൊലീസ് വേഷം ചമഞ്ഞ് എത്തിയവർ സമ്പത്തിന്റെ കാറിൽ നിന്നു നാഗർകോവിൽ തക്കലയിൽ വച്ച് 76 ലക്ഷം കവർന്നിരുന്നു. ഈ കേസിൽ സമ്പത്തിന്റെ മുൻ ഡ്രൈവർ ഉൾപ്പെടെയുള്ള അഞ്ചു പേർ പ്രതികളായിരുന്നു. ജാമ്യത്തിൽ കഴിയുന്ന ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇവർക്ക് ഈ സംഭവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയയ്ക്കുകയായിരുന്നു.