കൊച്ചി: ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട നിരവധി വെളിപ്പെടുത്തൽ നടത്തിയത് മുതിർന്ന സിനിമാ പത്രപ്രവർത്തകനായ പല്ലിശേരിയാണ്. ദിലീപിന്റെ അറസ്റ്റോടെ ഈ വാർത്തകൾക്ക് പുതിയ മാനം വന്നു. പലതും ശരിയാണെന്ന തരത്തിൽ വിശകലനമെത്തി. പൊലീസ് പോലും ഇവയൊക്കെ കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ഇപ്പോഴിതാ ദിലീപിന്റെ ജയിൽ വാസം മൂന്ന് മാസം പൂർത്തിയാകാൻ പോകുമ്പോൾ പുതിയ വെളിപ്പെടുത്തലുമായി പല്ലിശേരി എത്തുന്നു. ദിലീപ് പുറത്തിറങ്ങിയാൽ പ്രതികാരം ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും ആ കൂട്ടത്തിൽ മുഖ്യമന്ത്രിയെയും മമ്മൂട്ടിയെയും ഉൾപ്പെടുത്തിയിരുന്നുവെന്നുമാണ് പല്ലിശേരി എഴതുന്നത്.

സിനിമാ മംഗളത്തിൽ പല്ലിശേരി ഇതേ കുറിച്ച് കുറിക്കുന്നത് ഇങ്ങനെ: കുറ്റവാളികൾക്ക് ജാതിയും മതവുമില്ല. അങ്ങനെയാണെങ്കിൽ പീഡനത്തിനിരായായ യുവതിയും ദിലീപിന്റെ ജാതിയിൽപെട്ടതല്ലേ? ആ യുവതിയെ രക്ഷപ്പെടുത്താനോ, പിന്തുണ അറിയിക്കാനോ കൂടെ ഉണ്ടെന്നുപറയാനോ സിനിമക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. അതേസമയം ദിലീപിനെ രക്ഷപ്പെടുത്താനുള്ള താല്പര്യമാണ് എംഎ‍ൽഎ മാർ അടക്കമുള്ള ചിലർക്കുള്ളത്. കോടികളാണ് ഇതിനു വേണ്ടി ചെലവഴിക്കുന്നത്. ആവശ്യമുള്ളവർക്ക് വാരിക്കോരിയാണ് പണം നൽകുന്നതെന്നും ഡേറ്റ് നൽകുന്നതെന്നും അങ്ങാടിപ്പാട്ടാണ്. എന്തുവില കൊടുത്തും ദിലീപ് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പോലും രക്ഷപ്പെടുത്തും. ജീവിതക്കാലം മുഴുവൻ ദിലീപിനെ ജയിലിലിടാൻ പറ്റില്ലല്ലോ.- ഇങ്ങനെയാണ് സിനിമാ മേഖലയിലെ പുതിയ ചർച്ചയെന്ന് പല്ലിശേരി പറയുന്നു.

മറ്റൊരു വാർത്ത... ദിലീപ് പുറത്തിറങ്ങിയാൽ പ്രതികാരം ചെയ്യേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടു പോലും. ആ കൂട്ടത്തിൽ മുഖ്യമന്ത്രിയെയും മമ്മൂട്ടിയെയും ഉൾപ്പെടുത്തിയിരുന്നു. എന്തിനാണ് മമ്മൂട്ടിയോട് ഇത്ര ദേഷ്യം. ദിലീപിന് സഹായമല്ലേ മമ്മൂട്ടി ചെയ്തിട്ടുള്ളു എന്ന് തിരിച്ചുചോദിച്ചപ്പോൾ അയാളുടെ മറുപടി. മമ്മൂട്ടി കേസിന്റെ തുടക്കം മുതൽ ദിലീപിനോപ്പം നിന്നതു സത്യം. അതെല്ലാവർക്കും അറിയാം. എന്നാൽ ഇപ്പോൾ രംഗം മാറി, ആ മാറ്റം രണ്ടു രീതിലാണ്. ഒന്ന് ചാനൽ ചെയർമാൻ എന്ന നിലയിലും മറ്റൊന്ന് ജാതിക്കളിയിലും.

ഞാൻ എന്റെ അഭിപ്രായം പറഞ്ഞതിങ്ങനെ: ദിലീപിനെ 13 മണിക്കൂർ ചോദ്യം ചെയ്ത രാത്രിയിൽ അറസ്റ്റ് ചെയ്യാൻ തീരുമാനമെടുത്തതാണ്. പിറ്റെദിവസം അമ്മയുടെ മീറ്റിങ്. അമ്മയുടെ മീറ്റിംഗിൽ ദിലീപ് ഉണ്ടാകണം. അതുകഴിഞ്ഞ് എന്തായാലും വിരോധമില്ല. ചാനൽ ചെയർമാൻ എന്ന നിലയിലും മുഖ്യമന്ത്രിയുടെ അടുപ്പക്കാരൻ എന്ന നിലയിലും മമ്മൂട്ടി അറിയപ്പെടുന്നു, അതുകൊണ്ട് അറസ്റ്റ് ചെയ്യാതിരിക്കാൻ മമ്മൂട്ടിയിൽ സമ്മർദ്ദം ചെലുത്തി. നീതിയല്ല താൻ ചെയ്യാൻ പോകുന്നതെന്നറിഞ്ഞിട്ടും മുഖ്യമന്ത്രിയെ വിളിച്ചു. ആദ്യം കിട്ടിയില്ല. പിന്നെ കൈരളിയുടെ എല്ലാമായ ജോൺ ബ്രിട്ടാസിനെ വിളിക്കുന്നു. ഒടുവിൽ എല്ലാം ശുഭം. അറസ്റ്റ് ഒഴിവാക്കുന്നു.

തൽക്കാലം ആശ്വാസമായെങ്കിലും അത് സ്ഥിരാകുമെന്നും കേസ് തേഞ്ഞുമാഞ്ഞു പോകുമെന്നും വിശ്വസിച്ചു. അതിന്റെ പേരിൽ മുഖ്യമന്ത്രി വിശ്വാസപൂർവ്വം നടത്തിയ പ്രസ്താവന അദ്ദേഹത്തിന് വിനയായി. ഒടുവിൽ തന്നെ ചിലർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നു മനസ്സിലാക്കിയ മുഖ്യമന്ത്രി സത്യസന്ധമായ അന്വേഷണത്തിനു ഉത്തരത്തിവിട്ടു. എല്ലാ പഴുതുകളും അടച്ച് അന്വേഷണം തുടങ്ങിയപ്പോൾ സിനിമാലോകം ഞെട്ടി. ഇനി ഒരാളും മധ്യസ്ഥവുമായി എന്നെ സമീപിക്കരുത് എന്നുകൂടി മുഖ്യമന്ത്രി പറഞ്ഞപ്പോൾ അതിൽ എല്ലാം അടങ്ങിയിരുന്നു. പണംകൊണ്ട് എല്ലാം നേടാം എന്ന് വിശ്വസിച്ച് എതിരാളികളെ ഇല്ലാതാക്കാൻ ക്വട്ടേഷൻ കൊടുത്തു. മറ്റുള്ളവരെ തകർക്കാൻ ചാനലിൽ കയറിയിരുന്നു കള്ളത്തരം പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചവർക്കും ഇരുട്ടടിയായി മാറി. പഴുതുകൾ അടച്ച അന്വേഷണം
അങ്ങനെ ആ വി.ഐ.പി അറസ്റ്റ് ചെയ്യപ്പെട്ടു.

അതിനു ശേഷം കോടികൾ ചെലവഴിച്ചു. പലർക്കും പല പ്രസ്ഥാനങ്ങൾക്കും ആവശ്യത്തിലേറെ പണം ലഭിച്ചു എന്നതാണ് അരമനരഹസ്യം. ജയിലിലാക്കുന്നതിനു മുമ്പ് ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവരെ നേരിട്ട് വിളിച്ചു ഭായ് ദോഷകരമായി പറയരുത് എന്ന് പറഞ്ഞിരുന്നു. ദിലീപ് നേരിട്ടുവിളിച്ച് പലതും വാഗ്ദാനം ചെയ്തപ്പോൾ ചിലർ ആദർശം പണയപ്പെടുത്തി. ഒരിക്കൽ ദിലീപിന്റെ ഡേറ്റ് കൊതിച്ചിരുന്നവർക്ക് സ്വപ്നം യാഥാർത്യമാകാൻ പോകുന്നെന്നു തോന്നലുണ്ടായപ്പോൾ എന്തു വിലകൊടുത്തും എല്ലാം പണയപ്പെടുത്തിയാലും ഇനി ദിലീപിന്റെ ഭാഗത്തു മാത്രം നിൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. എത്രയും വേഗം ദിലീപിനെ കളത്തിലെത്തണം. സിനിമ ചെയ്യണം. ഇങ്ങനെയാണ് പലരെയും വീഴ്‌ത്തിയത്.

വരും ദിവസങ്ങളിൽ സന്തോഷകരമായ വാർത്തകൾ പലതും കേൾക്കും. ഇതിനിയടയിൽ കാവ്യയുടെ പേര് പുറത്തുവന്നു. കാവ്യയുടെ ഭാഗം എന്തെന്ന് തെളിവുകൾ സഹിതം കിട്ടി. എന്നാൽ കാവ്യ ചിത്രത്തിൽ വരാതിരിക്കാനായി ആവശ്യത്തിലേറെ പണം ചെലവാക്കി. അതേസമയം അവർ ശിക്ഷിക്കപ്പെടുന്നതിനു വേണ്ടി പണം ചെലവഴിക്കുന്ന വാർത്തകളും സുലഭമാണ്. ഇതിൽനിന്നൊക്കെ സംസ്ഥാന പൊലീസിനെയും മറ്റും പിന്തിരിപ്പിക്കാൻ മമ്മൂട്ടിക്കു കഴിയുമെന്ന് പറഞ്ഞെങ്കിലും വലിയ താല്പര്യം കാട്ടിയില്ല. ഒരിക്കൽ പറഞ്ഞ കള്ളത്തരം കണ്ടുപിടിച്ച ദിവസം മുതൽ ഇനി ഒന്നിനും ഇല്ല എന്ന തീരുമാനത്തിലെത്തി. ഇപ്പോൾ മറ്റു പലരേയും പോലെ മുഖ്യമന്ത്രിയും മമ്മൂട്ടിയും ജയിൽ വി.ഐ.പി യുടെ ശത്രുവാണ്. എന്തുവില കൊടുത്തും കോടതിയിൽ നിന്നും ഊരിപ്പോരുമെന്നും അതിനുശേഷം കണക്കു തീർക്കേണ്ടവരുടെ പേരെഴുതിയ ലിസ്റ്റ് എടുത്ത് ഉചിതമായ കണക്കുതീർക്കലുകൾ ഉണ്ടാകുമെന്നും ദിലീപുമായി അടുപ്പമുള്ളവരിൽ നിന്നും അറിയാനിടയായി.

എന്നെ വിളിച്ച് സംസാരിച്ച ഒരു ദിലീപ് ഫാൻസ് നേതാവിനോട് ചോദിച്ചു. ശ്രീകുമാർ മേനോനെ തട്ടാൻ രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തിരുന്നതായി ശ്രുതിയുണ്ട്. അത് വെറുമൊരു ശ്രുതിയായി കരുതിയാൽ മതി. ജോലി ചെയ്തവർക്കു പറഞ്ഞ കാശു കൊടുക്കാത്തവനാണ് ഞങ്ങളുടെ ദിലീപേട്ടൻ. അതുകൊണ്ട് ഞാൻ അതു വിശ്വസിക്കില്ല... കേട്ടത് സത്യമല്ലെ... കേട്ടു അതുമാത്രമാണ് സത്യം. മറ്റൊന്നും എന്നോടു ചോദിക്കരുത് . ഞാൻ പറയില്ല.

ഫാൻസ് അസോസയേഷൻ പിരിച്ചുവിടാൻ പോകുന്നില്ലേ. നിലവിൽ അതു പിരിച്ചുവിട്ടുകഴിഞ്ഞു. പണത്തിന്റെ പുറത്ത് കുറെപ്പേരെ പിടിച്ചുനിർത്തിയിരിക്കുന്നു എന്നുമാത്രം. മാത്രമല്ല ഫാൻസ് നേതാക്കന്മാരെ പൊലീസ് കസ്റ്റടിയിലെടുക്കുമെന്നും ചോദ്യം ചെയ്യുമെന്നും കേൾക്കുന്നു. ഞങ്ങളെപ്പോലെ കുറെപ്പേർ നിരപരാധികളാണ്. ദിലീപിന്റെ സിനിമകളോടുള്ള ഇഷ്ടം കൊണ്ടാണ് ഫാൻസ് അസോസിയേഷനിൽ ചേർന്നത്. ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ? എന്താ..ഫാൻസ് അസോസിയേഷനിൽ ഗുണ്ടകൾ ഇല്ലേ? ഞാനെന്തെങ്കിലും പറഞ്ഞാൽ അതുപിന്നെ ചേട്ടൻ എഴുതും. വേണ്ട എനിക്കൊന്നും അറിയില്ല. ഞാൻ ഇനി മുതൽ ഫാൻസ് അസോസിയേഷനിൽ ഇല്ല.