തിരുവനന്തപുരം: പാമോലിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ഇറക്കുമതിക്കെതിരെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്ന ചീഫ് സെക്രട്ടറി ജിജി തോംസന്റെ അവകാശവാദം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

നിയമസഭയിൽ എസ് ശർമയുടെ ചോദ്യത്തിനു രേഖാമൂലം നൽകിയ മറുപടിയിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ജിജി തോംസൺ വിയോജനക്കുറിപ്പ് നൽകിയതിന്റെ രേഖകൾ ലഭിച്ചിട്ടില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ വാദം വസ്തുതാപരമല്ല. കെ. കരുണാകരൻ സർക്കാർ പാമോലിൻ ഇറക്കുമതി ചെയ്തത് തെറ്റായിരുന്നെന്ന് അന്ന് സപ്ലൈകോ എംഡിയായിരുന്ന താൻ പറഞ്ഞിരുന്നു എന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. ഇക്കാര്യം അന്നുതന്നെ വിയോജനക്കുറുപ്പിലൂടെ സർക്കാരിനെ അറിയിച്ചിരുന്നുവെന്നും ജിജി തോംസൺ പറഞ്ഞിരുന്നു.

ടെൻഡർ വിളിക്കാതെ പാമൊലിൻ ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് താൻ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയത് എന്നായിരുന്നു ജിജിയുടെ വാദം. മന്ത്രിസഭ ഇക്കാര്യത്തിൽ തീരുമാനം എടുത്തതിനാൽ തനിക്കൊന്നും ചെയ്യാനായില്ലെന്നും ജിജി തോംസൺ അറിയിച്ചു. ഈ കേസിലാണു തന്നെ പ്രതിയാക്കി 25 വർഷമായി കഷ്ടപ്പെടുത്തുന്നതെന്നാണ് ജിജി തോംസൺ പറഞ്ഞിരുന്നത്.

1991-92 കാലഘട്ടത്തിൽ കെ. കരുണാകരൻ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് മലേഷ്യയിലെ പവർ ആൻഡ് എനർജി ലിമിറ്റഡിൽ നിന്നും 1500 ടൺ പാമോലിൻ ഇറക്കുമതി ചെയ്തത്. ടെൻഡർ കൂടാതെ നടത്തിയ ഈ ഇടപാടിൽ സംസ്ഥാനത്തിനു 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചെന്ന് വിജിലൻസ് കണ്ടത്തെിയിരുന്നു.