പാലോട്: ഭരതന്നൂരിൽ ഫ്രറ്റേണിറ്റി പ്രവർത്തകനും പ്ലസ് വൺ വിദ്യാർത്ഥിയുമായ ഫഹദിന് നേരെ വധശ്രമം നടത്തിയ എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ഗുണ്ടകൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ സിപിഎമ്മിനാൽ സമ്മർദത്തിലായ പൊലീസ് ഭയപ്പെടുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷഫീഖ്. അദ്ധ്യാപകരുടെയും സഹപാഠികളുടെയും സാന്നിധ്യത്തിൽ മാരകായുധങ്ങളാൽ ക്രൂരമായി മർദിക്കപ്പെട്ട ഫഹദിന്റെ മൊഴിയെടുക്കാൻ സംഭവം നടന്ന് രണ്ടാം ദിവസം വരെ പൊലീസ് കാത്തിരുന്നുവെന്നതും വിഷയത്തെ വിദ്യാർത്ഥികൾക്കിടയിലെ കേവല അടിപിടിയായി ചുരുക്കി കേസെടുക്കുന്നതും ഇതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ഫഹദിനെ വധിക്കാൻ ശ്രമിച്ച എസ്.എഫ്.ഐ, ഡിവൈഎഫ്ഐ ഗുണ്ടകളെ സംരക്ഷിക്കുന്ന പൊലീസ് ഗൂഢാലോചനയിൽ പ്രതിഷേധിച്ചും പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്നും ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ല കമ്മിറ്റികൾ സംയുക്തമായി പാലോട് പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു.

ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി നജ്ദ റൈഹാൻ മുഖ്യപ്രഭാഷണം നടത്തി.മധു കല്ലറ, ആരിഫ എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ്.മുജീബുറഹ്മാൻ സമാപനം നിർവഹിച്ചു. ഫ്രറ്റേണിറ്റി ജില്ല പ്രസിഡന്റ് മഹേഷ് തോന്നക്കൽ സ്വാഗതവും വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നന്ദിയും പറഞ്ഞു. പാലോട് ജങ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.മാർച്ചിന് ഷറഫുദ്ദീൻ കമലേശ്വരം, മുംതാസ്, നബീൽ പാലോട്,എന്നിവർ നേതൃത്വം നൽകി.