തിരുവനന്തപുരം: എൻ ശക്തൻ സ്പീക്കറായതോടെ ഒഴിവു വന്ന ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ പാലോട് രവി എംൽഎയ്ക്ക്. നിയമസഭ ആരംഭിക്കുന്ന 30ന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പിനുള്ള നോട്ടീസ് സ്പീക്കർ പുറപ്പെടുവിച്ചാൽ ഡിസംബർ ഒന്നിന് തെരഞ്ഞെടുപ്പ് നടക്കും. അന്ന് തന്നെ ചുമതലയേൽക്കലും നടക്കും.

ഡെപ്യൂട്ടി സ്പീക്കറുടെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഉണ്ടാവും. നെടുമങ്ങാട് എംഎൽഎ പാലോട് രവിയെയാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ പദവിക്കായി നേരത്തേ ആർഎസ്‌പി അവകാശവാദം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കോൺഗ്രസ്സിനു നൽകാൻ ധാരണയായത്. കെ മുരളീധരനേയും പരിഗണിച്ചിരുന്നു. എന്നാൽ പദവി വേണ്ടെന്നായിരുന്നു മുരളീധരന്റെ നിലപാട്. ഇത്‌ടെയാണ് പാലോട് രവിക്ക് നറുക്ക് വീണത്.

മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകാമെന്ന ഉറപ്പിനെത്തുടർന്നാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തിന് ആവശ്യം ഉന്നയിക്കേണ്ടെന്ന് ആർഎസ്‌പി തീരുമാനിച്ചത്. മറ്റ് ഘടകകക്ഷികളുമായും കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ ആശയവിനിമയം നടത്തിയിരുന്നു. ഇതോടെയാണ് പാലോട് രവിക്ക് നറുക്ക് വീണത്. തിരുവനന്തപുരത്തെ എ ഗ്രൂപ്പ് നേതാക്കളിൽ പ്രമുഖനാണ് പാലോട് രവി.

ജി കാർത്തികേയന്റെ മരണത്തോടെ എൻ ശക്തൻ സ്പീക്കർ പദവിയിലെത്തിയതിനെ തുടർന്നാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ഒഴിവു വന്നത്. ഇതേത്തുടർന്ന് ആർഎസ്‌പി ഈ പദവിക്കായി അവകാശവാദം ഉന്നയിച്ചു. എൽഡിഎഫ് വിട്ട് യുഡിഎഫിലെത്തിയ ആർഎസ്‌പി, ഷിബു ബേബിജോൺ വിഭാഗവുമായി ലയിച്ചതോടെ ഒരു മന്ത്രിസ്ഥാനം പോരെന്ന് അഭിപ്രായപ്പെട്ടു. കോവൂർ കുഞ്ഞുമോനെ ഡെപ്യൂട്ടി സ്പീക്കറാക്കാനും പാർട്ടി ആലോചിച്ചിരുന്നു.

എന്നാൽ, കോൺഗ്രസ് കൈവശം വച്ചിരുന്ന സ്ഥാനം ഘടകകക്ഷിക്ക് കൈമാറുന്നതിനോട് കോൺഗ്രസ്സിനുള്ളിൽ എതിർപ്പ് ശക്തമായതിനാലാണ് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നിലനിർത്താൻ കോൺഗ്രസ് തീരുമാനിച്ചത്. ആർ ബാലകൃഷ്ണപിള്ള യുഡിഎഫ് വിട്ടതോടെയാണ് മുന്നാക്ക കോർപറേഷൻ അധ്യക്ഷസ്ഥാനത്ത് ഒഴിവു വന്നത്.