തൃശൂർ: തന്നെ അറിയില്ലെന്ന് ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പൊലീസിന് മൊഴി നൽകിയത് കളവാണെന്ന് നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതി പൾസർ സുനി. കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് സുനി ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കാവ്യാ മാധവന് തന്നെ വ്യക്തമായി അറിയാം. ഇല്ല എന്ന് പറയുന്നത് ശരിയല്ല. കാവ്യയുടെ പണം താൻ പലപ്പോഴും തട്ടിയെടുത്തിട്ടുണ്ട്. എന്നാൽ നടി ആക്രമിച്ച സംഭവത്തിൽ മാഡത്തിന് പങ്കില്ലെന്നും സുനി വ്യക്തമാക്കി. ഇതോടെ കാവ്യയ്ക്ക് പൾസർ സുനിയുടെ ക്ലീൻ ചിറ്റ് കിട്ടുകയാമണ്.

നേരത്തെ ഓഗസ്റ്റ് 16ന് മുൻപ് കേസിലെ വിഐപി മാഡത്തിന്റെ പേര് പുറത്ത് പറഞ്ഞില്ലെങ്കിൽ താൻ പറയുമെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന് ശേഷം കോടതി അനുമതിയോടെ സുനി വിയ്യൂർ ജയിലേയ്ക്ക് മാറി. ജയിൽ ജീവനക്കാരും കളമശേരി ജയിലിലെ തടവുകാരും തന്നെ മർദ്ദിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സുനി ജയിൽ മാറ്റത്തിന് അങ്കമാലി കോടതിയുടെ സമ്മതം വാങ്ങിയത്. അങ്കമാലി കോടതിയിൽ 30 ന് വീണ്ടും പൾസറിനെ ഹാജരാക്കും. അന്ന് കേസിലെ വിഐപിയുടെ പേര് പറയുമെന്നാണ് സുനി പറഞ്ഞിരുന്നത്. കേസിൽ ഒരു മാഡം ഉണ്ടെന്നും സൂചന നൽകിയിരുന്നു. അതിനിടെ കാവ്യയല്ല മാഡമെന്ന് സുനി വ്യക്തമാക്കുകയാണ്.

കാവ്യയ്ക്ക് എന്നെ അറിയില്ലെന്ന് പറയുന്നത് ശരിയല്ല. വ്യക്തമായ തെളിവുകൾ ഉണ്ടെന്നും പൾസർ സുനി പറഞ്ഞിരുന്നു. മാഡം കാവ്യയാണോ എന്ന ചോദ്യത്തിന് മാഡത്തിന് പങ്കില്ലെന്നും സുനി പറഞ്ഞു. എന്താണ് ഇക്കാര്യത്തിൽ പൾസർ ഉദ്ദേശിച്ചതെന്നു് ഇനിയും വ്യക്തമല്ല. അങ്കമാലി കോടതിയിൽ പൾസർ 30ന് രഹസ്യ മൊഴി നൽകുമെന്നാണ് സൂചന. അതിൽ നിന്ന് പൾസറിനെ പിന്തിരിപ്പിക്കാൻ അണിയറയിൽ നീക്കവും ഉണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ റിമാൻഡ് കാലാവധി അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നീട്ടി. സെപ്റ്റംബർ രണ്ടു വരെയാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്.

റിമാൻഡ് കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് ദിലീപിനെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു കോടതി നടപടികൾ എന്നതിനാൽ ദിലീപ് നേരിട്ട് കോടതിയിൽ ഹാജരായില്ല. റിമാൻഡിൽ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുകയാണ്. ദിലീപിനായി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ള ഹൈക്കോടതിയിൽ ഹാജരായി. ജാമ്യഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുകയാണ്. ഇതിനിടെയാണ് പൾസറിന്റെ പുതിയ വെളിപ്പെടുത്തലുകൾ.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി നടി കാവ്യാ മാധവന്റെ ഡ്രൈവർ ആയിരുന്നോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സുനിൽ കുമാർ രണ്ടു മാസം കാവ്യയുടെ ഡ്രൈവറായി ജോലിചെയ്തിരുന്നുവെന്നാണ് പൊലീസിന് സൂചന ലഭിച്ചിരുന്നു. പൾസർ സുനി നൽകിയ മൊഴിയിൽ താൻ കാവ്യയുടെ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ സുനിലിനെ അറിയില്ലെന്നായിരുന്നു കാവ്യ നൽകിയ മൊഴി. ഡ്രൈവറായി എത്തിയിട്ടുണ്ടെങ്കിൽ കാവ്യാ മാധവൻ പൾസർ സുനിയെ നിരവധി തവണ കണ്ടിരിക്കണമെന്നാണ് പൊലീസിന്റെ നിഗമനം.

എന്നിട്ടും സുനിയെ അറിയില്ലെന്ന് കാവ്യ പറഞ്ഞത് എന്തുകൊണ്ടാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ദിലീപും കാവ്യാ മാധവനും ഒരുമിച്ചഭിനയിച്ച പിന്നെയും എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കാവ്യ, പൾസർ സുനിയെ കാണുന്നത്. കാവ്യ സഞ്ചരിച്ച കാറിന്റെ ഡ്രൈവറായി എത്തിയത് പൾസറായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചനകൾ.